'ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മ്മികതയുമൊക്കെ നമ്മുടെ ഇന്റസ്‌ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ധ്രുവന് തിരിച്ചൊന്നും പറയാന്‍ പറ്റില്ല. അവന്‍ വളരെ നിസ്സഹായനാണ്. തീര്‍ത്തൊരു വാക്ക് പറഞ്ഞാല്‍ അവന് ഒരു ഭാവി ഉണ്ടാവില്ല. ഞാനടക്കമുള്ളവര്‍ വളരെ അരക്ഷിതമായ അവസ്ഥകളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്...' മാമാങ്കം സംവിധായകന്‍ സജീവ് പിള്ള സംസാരിക്കുന്നു
മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരം ധ്രുവനെ മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കിയത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. 'ക്വീന്‍' എന്ന ചിത്രത്തിലൂടെ ബ്രേക്ക് ലഭിച്ച ധ്രുവന്‍ മറ്റ് പ്രോജക്ടുകളെല്ലാം ഒഴിവാക്കി 'മാമാങ്ക'വുമായി സഹകരിക്കുകയായിരുന്നു. കഥാപാത്രത്തിനായി വ്യായാമത്തിലൂടെ ശരീരഘടന തന്നെ മാറ്റിയിരുന്നു താരം. ധ്രുവനെ മാറ്റിയതുപോലെ രണ്ട് ഷെഡ്യൂള്‍ പിന്നിട്ട ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സജീവ് പിള്ളയെത്തന്നെ നിര്‍മ്മാതാവ് മാറ്റുകയാണെന്നും പിന്നാലെ പ്രചരണം നടന്നു. മലയാളസിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന 'മാമാങ്ക'ത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? കേള്‍ക്കുന്നതില്‍ എത്രത്തോളം വാസ്‌തവമുണ്ട്? സംവിധായകന്‍ സജീവ് പിള്ളയുമായി നിര്‍മല്‍ സുധാകരന്‍ നടത്തിയ അഭിമുഖം.
മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ മാറ്റിയ വിവരം ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. സംവിധായകനെയും മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്താണ് വാസ്‌തവം?
undefined
ഞാന്‍ ഇതുവരെ മാമാങ്കത്തില്‍ നിന്ന് മാറിയിട്ടില്ല. പത്ത്, പതിനെട്ട് വര്‍ഷമെടുത്ത് ഞാന്‍ തന്നെയുണ്ടാക്കിയ പ്രോജക്ടാണ് അത്. ബാക്കിയുള്ളവരെല്ലാം പിന്നീട് വന്നുചേര്‍ന്നതാണ്. അതില്‍ നിന്ന് ഞാന്‍ എങ്ങനെ മാറും? ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി എന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ വസ്‌തുതയില്ല. ഞാന്‍ തന്നെയാണ് 'മാമാങ്ക'ത്തിന്റെ സംവിധായകന്‍.
നിര്‍മ്മാതാവുമായി എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നോ?
സ്വാഭാവികമായി വരാവുന്ന ഇഷ്യൂസ് ഒക്കെ ഇവിടെയുമുണ്ട്. ആദ്യത്തെ പടമെന്ന് പറയുമ്പോള്‍ നമുക്ക് ലഭിക്കാവുന്ന സപ്പോര്‍ട്ട് സിസ്‌റ്റം വളരെ കുറവായിരിക്കും. പ്രത്യേകിച്ച് നമ്മളുടേത് പോലെയൊരു ഇന്റസ്‌ട്രിയില്‍ പുതുതായി ഒരാള്‍ വരുമ്പോള്‍ ഉണ്ടാകാവുന്ന ഒരുപാട് പ്രതിബന്ധങ്ങളും പ്രതിസന്ധികളുമുണ്ട്. സ്വാഭാവികമായും അതിനെ അതിജീവിക്കേണ്ടതായിവരും. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രശ്‌നങ്ങളുണ്ട്, ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നുകരുതി ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ പതിനെട്ട് വര്‍ഷമെടുത്ത് ഉണ്ടാക്കിയ പ്രോജക്ടാണ് മാമാങ്കം. എനിക്ക് അതില്‍നിന്ന് മാറാന്‍ പറ്റില്ല.
മാമാങ്കം അടുത്ത ഷെഡ്യൂളിലേക്ക് എത്തുമ്പോള്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്നെ ആയിരിക്കുമോ?
അതെ, ഇപ്പോള്‍ അങ്ങനെ തന്നെയാണ്. അതില്‍നിന്ന് ഒരു മാറ്റവും ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല. എഴുത്തുകാരനും സംവിധായകനും ഞാന്‍ തന്നെയാണ്. അതല്ലാതെയൊരു കമ്യൂണിക്കേഷന്‍ ഒഫിഷ്യലായോ അതിന്റെ സൂചനകള്‍ പോലുമോ ഇപ്പോള്‍ എനിക്ക് കിട്ടിയിട്ടില്ല. ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ധ്രുവന്റെ വിഷയം എന്തായിരുന്നു? എങ്ങനെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ പൊടുന്നനെ അയാള്‍ പുറത്താക്കപ്പെടുന്നത്?
ഞാന്‍ അത് സംബന്ധിച്ച് മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. എനിക്കാകെ പറയാന്‍ കഴിയുന്നത് ധ്രുവന്‍ വളരെ ഗംഭീരമായി അഭിനയിച്ചിരുന്നു എന്നതാണ്. അസാധാരണമായ രീതിയിലുള്ള ഡെഡിക്കേഷനുണ്ടായിരുന്നു അവന്. 'ക്വീന്‍' ഹിറ്റായതിന് ശേഷമാണ് ധ്രുവന്‍ 'മാമാങ്ക'ത്തിലേക്ക് വരുന്നത്. ആ സമയത്ത് ഒരുപാട് പ്രോജക്ടുകള്‍ അവന്‍ ഈ സിനിമയ്‌ക്കുവേണ്ടി വിട്ടിട്ടുണ്ട്. അതെനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. ഈ സിനിമയോട് അത്രമേല്‍ ഇഷ്ടം തോന്നിയതുകൊണ്ട് അവന്‍ സാമ്പത്തികമായ നഷ്ടങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ ഈ സിനിമയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ രാത്രി 12 വരെ അതിനുവേണ്ടിയുള്ള വ്യായാമങ്ങളും കളരിയുമൊക്കെയായി മുഴുവന്‍ സമയവും നല്‍കുകയായിരുന്നു അവന്‍. മുഴുവന്‍ സ്‌ക്രിപ്‌റ്റും അവന് അറിയാമായിരുന്നു. എല്ലാ സംഭാഷണങ്ങളും അവയുടെ എല്ലാത്തരം സൂക്ഷ്‌മതയോടെയും അറിയാമായിരുന്നു. ഒരു കാര്യം രണ്ടാമത് അവനോട് പറഞ്ഞ് മനസിലാക്കേണ്ട പ്രശ്‌നം പോലും വന്നിട്ടില്ല. കാരണം അതൊക്കെ അവന്റെ ഉള്ളില്‍ നിന്ന് വരുകയായിരുന്നു. അത്രയും ഫോക്കസ്‌ഡ് ആയിട്ടാണ് ധ്രുവന്‍ ഈ പടത്തില്‍ വര്‍ക്ക് ചെയ്‌തിട്ടുള്ളത്.
പിന്നെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍, ശരിയായിട്ടുള്ള കീഴ്‌വഴക്കങ്ങളല്ല നടക്കുന്നതെന്ന് എനിക്ക് തോന്നുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇതിനപ്പുറമുള്ള ഒരു അഭിപ്രായപ്രകടനം നടത്തുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
ആദ്യ രണ്ട് ഷെഡ്യൂളുകളിലും ധ്രുവന്‍ അഭിനയിച്ചിരുന്നു, അല്ലേ?
ഉവ്വ്. രണ്ടാമത്തെ ഷെഡ്യൂളില്‍ പ്രധാനമായും ഉണ്ടായിരുന്നത് അവനും മമ്മൂക്കയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ധ്രുവന്റേത്. 25 ദിവസത്തോളം അവന്‍ അഭിനയിച്ചിട്ടുണ്ട്. ഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു. അത് മമ്മൂക്കയ്‌ക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തെ ടേക്കിനൊക്കെ പോകുമ്പോള്‍ മമ്മൂക്ക ചോദിക്കുമായിരുന്നു, എന്തിനാണെന്ന്. കാരണം അത്രയും നന്നായി ധ്രുവന്‍ പെര്‍ഫോം ചെയ്‌തിരുന്നു. മമ്മൂക്ക വളരെ ഹാപ്പിയായിരുന്നു. തുടക്കത്തില്‍ അവന്റെ ശരീരമാണ് ഒരു പ്രശ്‌നമായിരുന്നത്. പക്ഷേ അത്രയും അര്‍പ്പണത്തോടെ നമ്മള്‍ വിചാരിക്കാത്ത തരത്തില്‍ അവന്‍ ശരീരത്തെ രൂപാന്തരപ്പെടുത്തി.
അങ്ങനെയൊരു നടനെ ചിത്രത്തിലേക്ക് ഇനിയും തിരിച്ചുകൊണ്ടുവരാനാകുമെന്ന് പ്രതീക്ഷയുണ്ടോ?
അറിയില്ല. ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മ്മികതയുമൊക്കെ നമ്മുടെ ഇന്റസ്‌ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അവന് തിരിച്ചൊന്നും പറയാന്‍ പറ്റില്ല. അവന്‍ വളരെ നിസ്സഹായനാണ്. തീര്‍ത്തൊരു വാക്ക് പറഞ്ഞാല്‍ അവന് ഒരു ഭാവി ഉണ്ടാവില്ല. ഞാനടക്കമുള്ളവര്‍ വളരെ അരക്ഷിതമായ അവസ്ഥകളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിര്‍ഭയമായും സ്വതന്ത്രമായും ഒരു നിലപാടെടുക്കുക എന്ന് പറയുന്നത് അസംഭാവ്യമാണ് ഇക്കാര്യത്തില്‍. അങ്ങനെയൊരു അവസ്ഥയിലാണ് നില്‍ക്കുന്നത്. സ്വാഭാവികമായും അത്രയധികം സമ്മര്‍ദ്ദത്തിലാണ്. ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് നമ്മുടെ പ്രതീക്ഷ.
അടുത്ത ഷെഡ്യൂള്‍ എപ്പോള്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ?
അതിന്റെ കാര്യങ്ങള്‍ തീരുമാനിച്ച് വരുന്നതേയുള്ളൂ.
ആദ്യ രണ്ട് ഷെഡ്യൂളുകളിലൂടെ സിനിമയുടെ എത്ര ശതമാനം ചിത്രീകരിച്ചിട്ടുണ്ടാവും?
35 ശതമാനത്തില്‍ കൂടുതല്‍ ഷൂട്ട് ചെയ്‌തിട്ടുണ്ട് ഇതേവരെ. അത് ധ്രുവനും ഉള്‍പ്പെടുന്ന ഭാഗങ്ങളാണ്.