ആദ്യം തല്ലുകൊള്ളിച്ചു, പിന്നെ ഐ വി ശശി എന്നെ പാട്ടുകാരനാക്കി: കൃഷ്‍ണചന്ദ്രന്‍

By Krishnachandran  |  First Published Oct 25, 2017, 5:48 PM IST

സിനിമയോടുള്ള അടങ്ങാത്ത മോഹം ഉള്ളിലുള്ള പതിനേഴ് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഫോര്‍ട്ട് കൊച്ചിയിലെത്തി. ഐ വി ശശി എന്ന ഇതിഹാസ സംവിധായകന്റെ സിനിമയിലെ ഭാഗമാകാന്‍ പോകുന്നതിന്റെ ഭയം  ആ ചെറുപ്പക്കാരന്റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു. ജയന്‍ നായകനായി അഭിനയിക്കുന്ന കാന്തവലയമായിരുന്നു ആ സിനിമ- അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രന്‍ എഴുതുന്നു.

കാന്തവലയം എന്ന സിനിമയില്‍ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതില്‍ അനിയന്‍ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്.  സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളില്‍ നിന്നായി ശശിയേട്ടന്‍ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്. അപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.

Latest Videos

undefined

ദേഷ്യം തോന്നിയാല്‍ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്.

അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകന്‍ എന്നതിന് അപ്പുറത്തേയ്‍ക്ക് അത്രയും സ്‍നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തി.  

എന്റെ സിനിമാ ജീവിതത്തിലെ വലിയ ചുവടായിരുന്നു കാന്തവലയം. ടി പത്മരാജന്‍, ഭരതന്‍, ഐ വി ശശി എന്നീ മൂന്ന് ഇതിഹാസ സംവിധായകരോടൊപ്പമാണ് സിനിമയുടെ തുടക്കം. എന്നാല്‍ ഞാനെന്ന നടനെ ഒരു ഗായകനാക്കി മാറ്റിയത് ഐ വി ശശി എന്ന മഹത് വ്യക്തി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിച്ചെങ്കിലും താന്‍ പാടുമെന്നൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കോഴിക്കോട് ഒരു സ്റ്റാര്‍ നൈറ്റ് വരുന്നത്. ഒരു നടനെന്ന നിലയ്‍ക്ക് ഞാന്‍ സ്റ്റേജില്‍ പാട്ടു പാടി. ആ സമയത്ത് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. അപ്പോഴാണ് ശശിയേട്ടനും സീമ ചേച്ചിയും സ്‌റ്റേജിന്റെ പിന്നില്‍ വന്ന് അഭിനന്ദിച്ചത്. അടുത്ത ഞങ്ങളുടെ സിനിമയിലുള്ള എല്ലാ പാട്ടും നീയാണ് പാടുന്നതെന്ന് ശശിയേട്ടന്‍ പറഞ്ഞു. ഞാനെന്ന വ്യക്തിക്ക് ഇതില്‍ പരം എന്തുവേണം. എന്നാല്‍ ഇത് കേട്ടപ്പോള്‍ ഞാനത്രയും ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഭംഗിവാക്ക്  പറയുന്നതാണെന്നേ കരുതിയുള്ളു. എന്നാല്‍ പോലും അദ്ദേഹത്തെ പോലെ ഒരു വ്യക്തി അഭിനന്ദിച്ചതില്‍ അത്രയും സന്തോഷത്തോടെയാണ് ഞാന്‍ അന്ന് ആ വേദി വിട്ടത്.

അങ്ങനെ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഇണ എന്ന സിനിമയില്‍ ഞാന്‍ ആദ്യമായി പാടി. ഇപ്പോഴും മലയാളികള്‍ എന്നും ഓര്‍ത്തു വയ്‍ക്കുന്ന ഒരു ഗാനം തന്നെയായായിരുന്നു അത് വെള്ളിച്ചിന്നം വിതറി... അത് ഹിറ്റ് ആയ ഗാനം തന്നെയായിരുന്നു. ആ സിനിമയിലെ മൂന്ന് പാട്ടുകള്‍ അദ്ദേഹം എന്നെകൊണ്ട് പാടിപ്പിച്ചു.  പിന്നെ പ്രിയദര്‍ശന്‍ ആദ്യമായി തിരക്കഥ എഴുതിയ സിന്ദൂര സന്ധ്യക്ക് മൗനം എന്ന സിനിമയിലെ ഗാനങ്ങള്‍ പാടിപ്പിച്ചു. ഐ വി ശശിയുടേത് മാത്രമായി 20 സിനിമകളിലോളം പാടാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹം പ്രൊഡ്യൂസ് ചെയ്‍ത്ഒരു തമിഴ് സീരിയല്‍ ഉണ്ടായിരുന്നു അതിലെ ടൈറ്റില്‍ സോംഗ് ഞാനാണ് പാടിയത്.

സിനിമയില്‍ മൂന്ന് റോളാണ് ഞാന്‍ ചെയ്‍തിട്ടുള്ളത്. അഭിനയം, ഗായകന്‍, ഡബ്ബിംഗ് എന്നീ മേഖലകളിലാണ് ഞാന്‍ സിനിമയില്‍ സജീവമായി നിന്നിരുന്നത്. ഇതിനെല്ലാം കാരണക്കാരനായി മാറിയത് ഐ വി ശശി എന്ന വ്യക്തി മാത്രമാണ്. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് വെള്ളിച്ചിന്നം വിതറി എന്നത്.

അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഹിറ്റ് പാട്ടുകളായിരുന്നു. അത്രയും പ്രധാന്യം പാട്ടുകള്‍ക്ക് നല്‍കിയിരുന്നു. തമിഴിലും ഹിന്ദിയുമൊക്കെ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീത സംവിധായകരോട്  ചില ആശങ്ങള്‍ അദ്ദേഹം പറയാറുണ്ട്.  ഈ രിതിയില്‍ പാട്ടുകള്‍ വേണമെന്നൊക്കെ നിര്‍ബന്ധമായിരുന്നു. പാട്ടുകളെ അത്രയും അധികം സ്‌നേഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. നേരത്തെ ദേവരാജന്‍ മാസ്റ്ററും കെ പി ഉമ്മറൊക്കെയാണ് സംഗീതം ചെയ്‍തിരുന്നത്. പിന്നീട് ബിച്ചു തിരുമല ശ്യാം എന്നീ ടീം വന്നു.

ഒരു സിനിമയില്‍ ഒരു നായകനും നായകനും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പശ്ചാത്തല സംഗീതം ഒരെണ്ണം പ്ലാന്‍ ചെയ്യും. അത് മനോഹരമായ ട്യൂണ്‍ ആയിരിക്കും. ആ ട്യൂണിലൂടെ അടുത്ത സിനിമയില്‍ അതൊരു ഗാനമാക്കി മാറ്റും. അത്രയും ശ്രദ്ധയോടെയാണ് സിനിമയേയും അതിലെ ഗാനങ്ങളെയും അദ്ദേഹം സമീപിച്ചിരുന്നത്.

സിനിമ അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് തന്നെയാണ്. ഇന്ന് ബാഹുബലിയിലൊക്കെ ചെയ്‍തത് പോലെ ഒട്ടേറെ ആളുകളെ നിര്‍ത്തിയിരിക്കുന്ന ഷോട്ടുകളും അന്നും എടുത്തിരുന്നു.  ഇന്ന് മോണിറ്ററും മറ്റ് സംവിധാനങ്ങളും തെറ്റുകള്‍ മനസ്സിലാക്കാന്‍ ഉണ്ട്. അന്ന് അതില്ലായിരുന്നു.  അന്ന് 500ഉം അതില്‍ കൂടുതല്‍ ആളുകളെ മുന്‍നിര്‍ത്തി അദ്ദേഹം എടുത്തിട്ടുണ്ട്. ആ ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പോലും അത് തിരുത്താന്‍ വേറെ വഴിയില്ല. അത് പ്രിന്റ് എടുത്ത് വരുമ്പോള്‍ മാത്രമാണ് നാം അത് കാണാനും മനസ്സിലാക്കാനും കഴിയുന്നത്. അത്രയും ആഴത്തില്‍ ഇന്നതായിരിക്കും ഷോട്ട് ഇങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്‍ എന്ന പേര് എല്ലാവര്‍ക്കും യോജിക്കുന്നതല്ല. ചിലര്‍ സംവിധാനം ചെയ്യുന്നത് പലരുടെയും സഹായം കൊണ്ട് ചെയ്യുന്നതാണ്. സംവിധായകന്‍ എന്ന പേരിന് യഥാര്‍ത്ഥത്തില്‍ അര്‍ഹനായത് ഐ വി ശശി എന്ന വ്യക്തി തന്നെയാണ്. ഒരു പ്രശസ്‍തമായ സിനിമ  പ്രശസ്‍തനായ തിരക്കഥാകൃത്തിന്റെതാണ്. അത് അതുപോലെ തന്നെ ചെയ്യണം. അത് മാറ്റാന്‍ പാടില്ല. അങ്ങനെയാണ് നിയമം. ഷൂട്ട് ചെയ്‍തത് ഈ തിരക്കഥാകൃത്ത് പറഞ്ഞതുപോലെ തന്നെയാണ്. അത് എഡിറ്റ് ചെയ്‍തതു കണ്ടപ്പോള്‍ അതില്‍ വ്യത്യസ്‍തം. സിനിമ ഇറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്‍തു. അത്രയും സൂക്ഷതയോടെയും അതീവ ശ്രദ്ധയോടും കൂടിയാണ് ചെയ്യുന്നത്. ഇനി അതുപോലെയുള്ള ഒരു സംവിധായകനെ കിട്ടില്ല. അത്രയും സിനിമയോട് ആത്മാര്‍ത്ഥമായിട്ടാണ് സിനിമയെ സമീപിച്ചിരുന്നുത്.

ഡബ്ബിംഗ് എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് അറിയില്ലായിരുന്നു. ആ സമയത്താണ് കാണാമറയത്ത് എന്ന സിനിമ  വരുന്നത്. അതില്‍ റഹ്‍മാന്റെ ശബ്‍ദം നല്‍കാന്‍ ശശിയേട്ടന്‍ എന്നോട് പറഞ്ഞു.  പിന്നീട് റഹ്‍മാന്റെ 99 ശതമാനം സിനിമയ്‍ക്കും ഞാന്‍ തന്നെയാണ് ശബ്‍ദം നല്‍കിയത്.  വിനീതിന് വേണ്ടി കാബൂളിവാലയിലും കുഞ്ചാക്കോ ബോബന് വേണ്ടി അനിയത്തി പ്രാവിലും ശബ്‍ദം നല്‍കിയിരുന്നു. എനിക്ക് രണ്ട് തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതിനൊക്കെ നിമിത്തമായത് അദ്ദേഹമാണ്.

അദ്ദേഹത്തിന്റെ ഈ നാട് എന്ന സിനിമയില്‍ പാട്ടിന്റെ റെക്കോര്‍ഡിന് വേണ്ടി പോയപ്പോള്‍  ആ ഗാനത്തിന്റെ രംഗത്ത് നിനക്ക് തന്നെ അഭിനയിച്ചൂടേയെന്ന് എന്നോട് ചോദിച്ചു. അങ്ങനെ ആ ഗാനരംഗത്ത് ഞാന്‍ തന്നെയാണ് അഭിനയിച്ചത്. അതില്‍ എന്റെ കൂടെ അഭിനയിച്ചത് എന്റെ ഭാര്യ വനിത തന്നെയാണ്. വനിതയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടത് ആ സിനിമയുടെ സെറ്റില്‍ വച്ചാണ്. എനിക്ക് എന്റെ പ്രണയിനിയായ ഭാര്യയെ സമ്മാനിച്ചതും അദ്ദേഹമാണ്. എന്റെ കരിയറും ജീവിതവുമെല്ലാം പൂര്‍ണതയിലേക്കും എന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ഗായകന്‍, എന്റെ ജീവിത സഖിയെ എല്ലാം എനിക്ക് സമ്മാനിച്ചത് ഐ വി ശശിയാണ്.  അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

ഞാന്‍ അവസാനമായി അദ്ദേഹത്തിന്റെ സിനിമയില്‍ പാടിയത് 'അനുഭൂതി'ക്ക് വേണ്ടിയാണ്. അദ്ദേഹത്തെ കണ്ടത് മൂന്ന് മാസം മുന്‍പ് കൊച്ചിയില്‍ വച്ചായിരുന്നു. മോഹന്‍ലാലിന്റെ ഒരു പരിപാടിയുടെ  ഷൂട്ടിംഗിന് പോയപ്പോഴാണ് കണ്ടത്. അന്ന് ഞാന്‍ പറഞ്ഞിരുന്നു ശശിയേട്ടനുമായി ഒരു ഫോട്ടോ എടുക്കണമെന്ന് അന്ന് ഞാന്‍ കരുതിയില്ല. ഞങ്ങള്‍ രണ്ടുപേരുമുള്ള അവസാനത്തെ ഫോട്ടോ ആയിരിക്കും അതെന്ന്.

തയ്യാറാക്കിയത് സി വി സിനിയ

 

click me!