ഞങ്ങൾ ടിക്കറ്റ് വിൽക്കുന്ന ആൾക്കാരാണ്. എല്ലാരും വരുക, കാണുക എന്ന് പറയുന്ന ഒരു കൂട്ടമാണ്. മുസ്ലീങ്ങളെ അകറ്റിനിർത്തി ഞങ്ങളെന്തിന് സിനിമയുണ്ടാക്കണം? ഞങ്ങളെന്താ ആർഎസ്എസ് ആണോ? അമർ അക്ബർ ആന്‍റണി ഉണ്ടാക്കിയവരാണ് ഞങ്ങൾ.
തന്‍റെ പുതിയ ചിത്രമായ വിശ്വരൂപം രണ്ടാം ഭാഗത്തിന്‍റെ പ്രചാരണത്തിനായാണ് ഉലകനായകൻ കമലഹാസന്‍ കേരളത്തിലെത്തിയത്. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജ്യത്തേയും തെന്നിന്ത്യയിലേയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കമൽ ഹാസൻ വാചാലനായി. ഞങ്ങളുടെ പ്രതിനിധി എന്‍.കെ.ഷിജുവിന് കമല്‍ഹാസന്‍ അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...
വിശ്വരൂപത്തെക്കുറിച്ച് മുൻവിധികൾ വേണ്ട
undefined
വിശ്വരൂപം ഒന്നിനെക്കുറിച്ച് വന്ന കുറ്റപ്പെടുത്തലുകളെല്ലാം തെറ്റായിരുന്നു. ദേശാഭിമാനിയായ ഇന്ത്യൻ മുസൽമാനെ പ്രധാന കഥാപാത്രമായി ശരിയായി അവതരിപ്പിച്ച സിനിമകൾ വന്നിട്ടില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ മുഗൾ ഇ അസം ഉണ്ടായിരിക്കും. മേജർ വിസാം അഹമ്മദ് കശ്മീരിയും (കമൽ ഹാസൻ അവതരിപ്പിക്കുന്ന വിശ്വരൂപത്തിലെ പ്രധാന കഥാപാത്രം) ഇന്ത്യയുടെ ഭാഗമാണ്.
നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള രാഷ്ട്രീയക്കാർ ഇന്ത്യൻ മുസ്ലീമിന്‍റെ വായ കെട്ടി, അവരുടെ ശബ്ദം തടഞ്ഞു. എന്നാൽ ഈ സിനിമയിൽ അവർ ആഘോഷിക്കപ്പെടുകയാണ്. എനിക്ക് ചിലത് പറയണം. ഈ സിനിമ ഇങ്ങനെയുള്ളതാണെന്ന് അത് കാണുന്നതിന് മുമ്പ് തീരുമാനിക്കുന്നതെന്തിനാണ്? വിശ്വരൂപത്തിന്‍റെ ഒന്നാം ഭാഗം കാണാതെ നിരോധിക്കണമെന്ന് പറഞ്ഞ അന്നത്തെ മുഖ്യമന്ത്രിക്ക് ജോത്സ്യം അറിയുമായിരുന്നോ..? അവർ നിയോഗിച്ച ആളുകൾ വന്നു, റിലീസിന് മുമ്പ് സിനിമ കണ്ടു. സിനിമ കണ്ടാൽ മനസ്സിലാകും ഈ പറയുന്നതൊക്കെ മണ്ടത്തരമാണെന്ന്. ഒരു കോടതിയിലും, യുക്തിഭദ്രമായ ഒരു ചർച്ചയിലും രണ്ടാം ഭാഗത്തെക്കുറിച്ച് പറയുന്ന പരാതികളും നിലനില്‍ക്കില്ല.
പേടിയില്ല, ധൈര്യവുമല്ല, ഇത് സ്നേഹം
വിശ്വരൂപം രണ്ടിന്‍റെ പ്രമേയം തെരഞ്ഞെടുത്തതിലും പേടിയില്ല, ഇത് ധൈര്യവുമല്ല, സ്നേഹമാണ് ഞങ്ങൾ സിനിമയിലൂടെ കാണിക്കാൻ ശ്രമിച്ചത്. തീവ്രവാദത്തെ എതിർക്കുമ്പോൾ മുസ്ലീം വികാരം വ്രണപ്പെടും എന്ന് ചിന്തിക്കേണ്ടതില്ല. ഞങ്ങൾ ടിക്കറ്റ് വിൽക്കുന്ന ആൾക്കാരാണ്. എല്ലാരും വരുക, കാണുക എന്ന് പറയുന്ന ഒരു കൂട്ടമാണ്. മുസ്ലീങ്ങളെ അകറ്റിനിർത്തി ഞങ്ങളെന്തിന് സിനിമയുണ്ടാക്കണം? ഞങ്ങളെന്താ ആർഎസ്എസ് ആണോ? അമർ അക്ബർ ആന്‍റണി ഉണ്ടാക്കിയവരാണ് ഞങ്ങൾ. ഞങ്ങൾ ചലച്ചിത്ര പ്രവർത്തകരാണ്. ഞങ്ങൾക്ക് എല്ലാവരേയും വേണം. ആർഎസ്എസ്സുകാരേയും ഞങ്ങളീ സിനിമ ആസ്വദിക്കാൻ ക്ഷണിക്കുകയാണ്. ഹേ റാം അവരും കണ്ടതാണല്ലോ. അതിന്‍റെ ഒരു ഭാഗം അവർക്ക് ഇഷ്ടപ്പെട്ടു, ബാക്കിയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ല.
മീശ വിവാദത്തെക്കുറിച്ച്
ഒരു പുസ്തകം കത്തിച്ചു എന്നുകേട്ട് ഞാൻ അന്തംവിട്ടുപോയി... അതും കേരളത്തിൽ! ഇവിടെ ഇതെങ്ങനെ ഉണ്ടായി എന്നാണ് ഓർത്തത്. ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് എകാധിപതികള്‍ പുസ്തകങ്ങൾ കത്തിച്ച ചരിത്രം നമ്മൾ വായിച്ചിട്ടുണ്ട്. എന്നിട്ടും എങ്ങനെയിത് ചെയ്തു...? നമ്മുടെ സാക്ഷരതക്ക് അർത്ഥമില്ലാതാകുകയാണ്. സാക്ഷരതയും അറിവും തമ്മിൽ ബന്ധമില്ല, നേരത്തേ കേരളത്തിന് അറിവുണ്ടായിരുന്നു. ആ അറിവ് കേരളം ഉപേക്ഷിക്കരുത്.
ശബ്ദമുയർത്താനുള്ള അവകാശത്തിനുവേണ്ടി നമുക്ക് പൊരുതേണ്ടിയിരിക്കുന്നു. അക്ഷരത്തെ നശിപ്പിക്കാൻ നോക്കരുതെന്ന് ലോകം തീരുമാനിച്ച കാര്യമാണ്. "ഞാൻ നിങ്ങളോട് വിയോജിക്കുന്നു. പക്ഷേ എന്‍റെ അഭിപ്രായത്തിനെതിരായ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ നിങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ പൊരുതും" ആ സന്ദേശമാണ് നമ്മൾ പരത്താൻ ശ്രമിക്കേണ്ടത്.
ജാതിക്കോയ്മയെ തിരികെ കൊണ്ടുവരാൻ തമിഴ്നാട്ടിലടക്കം ചിലർ ശ്രമിക്കുന്നുണ്ട്. അത് തടയണമെന്നതിൽ എന്താണ് സംശയം? കേരളത്തിന്‍റെ ശബ്ദത്തിന് ഞാനെന്നും ചെവി കൊടുത്തിട്ടുണ്ട്. ഈ നാടിനോട് എനിക്ക് കടപ്പാടുണ്ട്. കേരളം സൂക്ഷിക്കണം. ഇതല്ല കേരളം... ഇതല്ല നമ്മുടെ ഭാരതവും.
എന്‍റെ സിനിമ എന്‍റെ രാഷ്ട്രീയമാണ്.
ചലച്ചിത്രകാരനെന്ന നിലയിലുള്ള എന്‍റെ സന്ദേശമാണ് ഈ സിനിമ. രാഷ്ട്രീയം പറയേണ്ടത് കടമയാണ് എന്ന് കരുതുന്നു. സിനിമ ഒരേസമയം കടമയും കച്ചവടവുമാണ്, രണ്ടും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ല. ക്രിക്കറ്റ് കളി കാണുന്ന സാധാരണ പ്രേക്ഷകന് വേണ്ടിക്കൂടിയാണ് സിനിമയുണ്ടാക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ എന്ന് മാത്രമല്ല, വിശ്വരൂപം രണ്ടിനെ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകർക്കിഷ്ടമാവുന്ന ആക്ഷൻ രംഗങ്ങളും സിനിമയിൽ വേണ്ടുവോളമുണ്ടാകും.
രാഷ്ട്രീയം വൃത്തിഹീനമായ കക്കൂസല്ല
യുവതലമുറ നിഷേധാർത്ഥത്തിൽ ചുമലുകുലുക്കി രാഷ്ട്രീയം മോശമാണെന്ന് പറയരുത്. മോശം ടോയ്‍ലെറ്റ് പോലെയാണെന്ന് ചിലർ പറയും. മോശം കക്കൂസ് ആയാലും വൃത്തിയാക്കേണ്ടേ? ആൾക്കൂട്ട കൊലകൾക്കും നീതി നിഷേധത്തിനും ജാതിക്കോയ്മക്കും എതിരെ ഏത് പ്ലാറ്റ്ഫോമിൽ ഉള്ളവരുമായി ചേർന്നും ശബ്ദമുയര്‍ത്താന്‍ തയ്യാറാണ്. ഇതൊരു രാഷ്ട്രീയക്കാരന്‍റെ വാക്കുകളായോ ചലച്ചിത്രകാരന്‍റെ വാക്കുകളായോ എടുത്തു കൊള്ളൂ.