മലയാള സിനിമയില്‍ സാധാരണ മനുഷ്യന്റെ ജീവിതം അഭിനയിച്ച് ഫലിപ്പിച്ച അസാധാരണനായ നടനാണ് കലാഭവന്‍ മണി. കടുത്ത ദാരിദ്യവും, ജീവിതയാതനകളും തരണം ചെയ്‍ത് അതിസാഹസികമായി, സിനിമയില്‍ മുന്‍നിരയിലെത്തുകയും ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിക്കുകയും നാടന്‍പാട്ടുപോലുള്ള കലാരൂപത്തെ സ്വത:സിദ്ധമായ പ്രതിഭയാല്‍ പരിപോഷിപ്പിക്കുകയും ചെയ്‍ത കലാഭവന്‍ മണി കേവലമൊരു അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ ബോധം കെടുമോ? മലയാളി ഇപ്പോഴും വിശ്വസിക്കുന്ന ആ ബോധംകെടലിനു പിന്നിലെ യാഥാര്‍ഥ്യത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. കലാഭവന്‍ മണിയുടെ സിനിമാജീവിതത്തെക്കുറിച്ച് മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ സി എസ് വെങ്കിടേശ്വരന്‍ എഴുതിയ ലേഖനത്തിലും മണിയെ ഇതിന്റെ പേരില്‍ 'അവിവേകിയും അല്‍പനുമായി' വിശേഷിപ്പിക്കുന്നു. മലയാളികളുടെ മനസ്സില്‍ ഇപ്പോഴും, കിടക്കുന്ന തെറ്റിദ്ധാരണ മാറ്റുവാനും, ആ ബോധംകെടല്‍ നാടകത്തിനു പിന്നിലെ യാഥാര്‍ഥ്യം അറിയിക്കുവാനുമാണ്, മണിയുടെ ഒരു സുഹൃത്തെന്ന് നിലയില്‍ ഇതെഴുതുന്നത്.
undefined
"വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും' എന്ന വിനയന്‍ ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായപ്പോള്‍, മികച്ച നടനുള്ള അവാര്‍ഡ് മണിക്കായിരിക്കും എന്ന രീതിയില്‍ മാധ്യമങ്ങളും ആരാധകരും പ്രചരിപ്പിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്ന് കലാഭവന്‍ മണി, ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ടെന്ന്, വിധികര്‍ത്താക്കളിലൊരാള്‍ മണിയെ വിളിച്ചുപറഞ്ഞിരുന്നു. അവാര്‍ഡിന്റെ മണം വരുന്നുണ്ടെന്ന് മണി സുഹൃത്തുക്കളെയും അറിയിച്ചു. വിധി പ്രഖ്യാപന ദിവസം, അതേ വിധികര്‍ത്താവ് രാവിലെ തന്നെ മണിയെ അഭിനന്ദിച്ചുകൊണ്ട് വിളിച്ചുപറയുന്നു: "'റിസല്‍ട്ട് കൊടുത്തു. മികച്ച നടന്‍ മണിയാണ്''. ഉടനെ തന്നെ ചാനലുകള്‍ അഭിനന്ദിച്ച് വിളിക്കുന്നു. ഇന്റര്‍വ്യൂവിനു സമയം ചോദിക്കുന്നു. പ്രഖ്യാപനം വരട്ടെ എന്നു പറഞ്ഞു മണി ഒഴിഞ്ഞുമാറിയെങ്കിലും, സുഹൃത്തുക്കള്‍, അവാര്‍ഡ് മണിക്കു തന്നെ എന്ന വിധികര്‍ത്താവിന്റെ അറിയിപ്പ് മുഖവിലയ്‍ക്കെടുത്ത് ധാരാളം പടക്കങ്ങള്‍ വാങ്ങി എത്തിയിരുന്നു. ചാലക്കുടിയിലെയും പരിസരത്തേയും, മണിയുടെ സുഹൃത്തുക്കളും ആരാധകരും, പാവപ്പെട്ട തൊഴിലാളികളും, സാധാരണക്കാരും, തങ്ങളിലൊരുവനെ തേടി അവാര്‍ഡ് എത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
അവാര്‍ഡ് പ്രഖ്യാപനത്തിന് അഞ്ചു മിനിട്ട് മുന്പ്, നേരത്തെ പറഞ്ഞ വിധികര്‍ത്താവ് ക്ഷമാപണത്തോടെ, മണിയെ അറിയിക്കുകയാണ്-- സാംസ്കാരിക മന്ത്രിയുടെ ഇടപെടല്‍ കാരണം അവാര്‍ഡ് മറ്റൊരു നടനാണ്, മണി ക്ഷമിക്കണം. അവസാന നിമിഷം വിധി മാറ്റിയെഴുതേണ്ടിവന്നു. ആ സമയം, ഒരു പച്ചമനുഷ്യനായ കലാഭാവന്‍ മണി, രോഷത്തോടെ പ്രതികരിച്ചു,. കൂടിനില്‍ക്കുന്ന ആരാധകരുടെ മുന്നില്‍ അപമാനിതനായതിന്റെ രോഷം മണിയില്‍ കത്തിനിന്നിരുന്നു. സാംസ്‍കാരികമന്ത്രി, പ്രഖ്യാപനത്തിനു മുന്‍പു, മണിയെ വിളിച്ച് 'വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ കഥാപാത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു സംസാരിക്കുകയും, ആ പ്രകടനത്തിനു പ്രത്യേക പരാമര്‍ശം നല്‍കുകയുണ്ടെന്നും, മണി ചെറുപ്പക്കാരനായതിനാല്‍ ഇനിയും അവസരമുണ്ടെന്നും പറഞ്ഞപ്പോള്‍, അടക്കിനിര്‍ത്തിയ കോപത്താല്‍ മണി ജ്വലിച്ചു.
ആഭ്യന്തരമന്ത്രിയെ, ഏറ്റവും മോശമായ ഭാഷയില്‍ മണി ചീത്ത വിളിച്ചു. ഒപ്പമുള്ള, സാധാരണ മനുഷ്യരുടെ കണ്ണുകളിലെ നിരാശയാണ് മണിയെക്കൊണ്ട് അങ്ങനെ സംസാരിപ്പിച്ചത്. ഫോണ്‍ കട്ട് ചെയ്‍തപ്പോള്‍ യാഥാര്‍ഥ്യബോധം മണിയെ ചൂഴ്‍ന്നു. അവാര്‍ഡ് വാര്‍ത്തയറിഞ്ഞ്, 'കലാഭവന്‍ മണി സാംസ്‍കാരിക മന്ത്രിയെ തെറിവിളിച്ചു' എന്ന രീതിയില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയുണ്ട് എന്നു സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍, എന്തു ചെയ്യണമെന്നറിയാന്‍ മണി അടുത്ത സുഹൃത്തായ ഒരു വക്കീലിനെ വിളിച്ചു. വക്കീലാണ് നിര്‍ദ്ദേശിച്ചത് - ഒരു ബോധക്കേട് അഭിനയിക്കാന്‍.
അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് പ്രഷര്‍ കൂടിയ അവസ്ഥയില്‍ ബോധം കെട്ടു എന്നൊരു വാര്‍ത്ത കൊടുത്താല്‍, മന്ത്രിയുമായുള്ള വിഷയം തനിയെ ഒഴിവായിക്കൊള്ളുമെന്ന വക്കീലിന്റെ ആശയമാണ് പിന്നീടവിടെ നടന്നത്.
ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം ബോധംകെടല്‍ നാടകം അരങ്ങേറിയത്. തെന്നിന്ത്യയിലെ ആരാധ്യനായ നടന്‍, സര്‍ക്കാരാശുപത്രിയില്‍ കിടക്കുന്നതിന്റെ 'വിഷ്വല്‍സ്' ചാനലില്‍ കാണുന്പോള്‍ അതു ഇമേജിനെ ബാധിക്കുമെന്ന്, ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴാണ്, എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇക്കാര്യമാണ് അവാര്‍ഡ് വാര്‍ത്തയോടൊപ്പം ചാനലുകള്‍ വിളമ്പിയത് -" അവാര്‍ഡ് പ്രഖ്യാപനം കേട്ട്, തനിക്ക് അവാര്‍ഡില്ലെന്നറിഞ്ഞ് കലാഭവന്‍ മണി ബോധംകെട്ടു വീണു'.
കടുത്ത ദാരിദ്ര്യത്തില്‍, കഠിനമായ യാതനകളില്‍ വളര്‍ന്ന, അക്ഷരാര്‍ഥത്തില്‍, തീയില്‍ക്കുരുത്ത കലാഭവന്‍ മണിയെപ്പോലൊരാള്‍, നിസ്സാരമായ ഒരു അവാര്‍ഡിന്റെ പേരില്‍ ബോധംകെട്ടു വീഴാന്‍ മാത്രം അല്‍പനാണോ എന്ന സംശയത്തില്‍, ഞാന്‍ തിരക്കഥയെഴുതിയ ' കണ്ണിനും കണ്ണാടിക്കും' എന്ന ചിത്രത്തിന്റ ലൊക്കേഷനിലെ സൗഹൃദത്തിനിടയില്‍ ഞാന്‍ ചോദിച്ചപ്പോള്‍ സ്വത:സിദ്ധമായ ചിരിയോടെ കലാഭവന്‍ മണി എന്നോട് പറഞ്ഞ കാര്യങ്ങളാണിവ. ധീരനായ ആ സുഹൃത്ത്, അവാര്‍ഡ് വാര്‍ത്തയറിഞ്ഞു ബോധംകെട്ട് വീഴുന്ന ഒരു പൊട്ടനായി ഇനിയും ചിത്രീകരിക്കപ്പെടരുതെന്ന ഒരേയൊരു ആഗ്രഹം കൊണ്ടാണ് ഞാനീ രഹസ്യം പുറത്തുപറയുന്നത്. മണിയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാമെങ്കിലും, ചലച്ചിത്രരംഗത്തെ ശത്രുത ഭയന്ന, മണി ഇക്കാര്യം ഒരിക്കലും പരസ്യമാക്കിയിരുന്നില്ല. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇപ്പോഴും ഇതുപോലെ എത്ര നടന്‍മാര്‍ ഓരോ വര്‍ഷവും അപമാനിക്കപ്പെടുന്നു.