വരികൾക്ക് പ്രത്യേകിച്ച് ഒരർത്ഥവും ഇല്ലെന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത
ഒരു കാലത്ത് മലയാളികളെ ഇളക്കി മറിച്ച ലജ്ജാവതിക്ക് ശേഷം ജാസി ഗിഫ്റ്റ് 'കൊക്ക ബൊങ്ക' എന്ന ഗാനവുമായി എത്തുന്നു. നവാഗത സംവിധായകനായ പദ്മേന്ദ്ര പ്രസാദിന്റെ 'ഇവിടെ ഈ നഗരത്തിൽ' എന്ന ചിത്രത്തിന് വേണ്ടിയാണ് തട്ട് പൊളിപ്പൻ ഗാനവുമായി ജാസി എത്തുന്നത്. ഗാനം എഴുതി ഈണമിട്ടതും പാടിയതും അദ്ദേഹം തന്നെയാണ്.
മൂന്ന് മിനിട്ട് പതിനാറ് സെക്കന്റ് ദൈർഘ്യമുള്ള പാട്ടിൽ അനീഷ് റഹ്‌മാനും സംഘവും അവതരിപ്പിക്കുന്ന നൃത്ത രംഗമാണ് ഉള്ളത്. നേരം എന്ന ചിത്രത്തിൽ ഇറങ്ങിയ 'പിസ്താ സുമാകിറ'യാണ് കൊക്ക ബൊങ്കയുമായി സമാനതകളുള്ള മറ്റൊരു ഗാനം. ഈ ഗാനത്തിന് ജനങ്ങളുടെ ഇടയിൽ ലഭിച്ച സ്വീകാര്യത വളരെയേറെയായിരുന്നു. വരികൾക്ക് പ്രത്യേകിച്ച് ഒരർത്ഥവും ഇല്ലെന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത.
ജയരാജിന്റെതായി 2004ൽ പുറത്തിറങ്ങിയ ചിത്രമാണ് ഫോർ ദി പീപ്പിൾ. ഈ ചിത്രത്തിലൂടെയായിരുന്നു ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനെയും ഗായകനെയും ലോകമറിയുന്നത്. ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം സിനിമാഗാന രംഗത്ത് ഒരു പുത്തൻ ഉണർവ് സമ്മാനിക്കുകയും ചെയ്തു. ആ ട്രെന്റ് പിടിച്ചു പറ്റി പിന്നീട് ഒട്ടനവധി ഗാനങ്ങൾ വെറെയും പുറത്തിറങ്ങിയിരുന്നുവെങ്കിലും അവക്കൊന്നും ലജ്ജാവതിയുടെ അത്ര പ്രേക്ഷക ശ്രേദ്ധ പിടിച്ചു പറ്റാൻ സാധിച്ചിരുന്നില്ല.