സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയയുമായി അഭിമുഖം
“നിറപ്പീലിയാലെ സ്വപ്നം വരച്ചിട്ട ചിത്രം പോല്‍ വഴിത്താര മണ്ണിലുണ്ടാകോ” ഹരിനാരായണന്‍ എഴുതി റെക്സ് വിജയന്‍ സംഗീതം നല്‍കി ആലപിച്ച “സുഡാനി ഫ്രം നൈജീരിയ “ എന്ന ചിത്രത്തിലെ ഈ ഗാനം ആ ചിത്രത്തിനെ ഏറ്റവും മികച്ച രീതിയില്‍ അനുഭവിപ്പിക്കുന്നുണ്ട്. സിനിമയെ സ്വപ്‍നം കണ്ടു ജീവിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ ചെയ്‍ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ.”ഹാങ്ങ് ഓവര്‍” ,ഒമാന്‍ ചിത്രം “അസീല്‍” തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സക്കരിയയുടെ പ്രഥമ സംവിധാന സംരംഭമാണ് സൗബിന്‍ സാഹിറും , നൈജീരിയന്‍ താരം സാമുവല്‍ അബിയോളയും നായക വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയ. ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ ഒരു പറ്റം ഷോര്‍ട് ഫിലിമുകളുടെ സംവിധായകന്‍ കൂടിയായ മലപ്പുറം വളാഞ്ചേരി സ്വദേശിയായ സക്കരിയ ഒരു വര്‍ഷം പരസ്യനിര്‍മാണ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങള്‍ സക്കരിയ പങ്കുവയ്‍ക്കുന്നു. അഫ്‍സല്‍ റഹ്‍മാന്‍ സി എ നടത്തിയ അഭിമുഖം.
എങ്ങനെയാണ് സുഡാനി എന്ന കഥയിലെത്തുന്നത്?
undefined
ലോകത്തിലെ വിവിധ രാജ്യങ്ങളിലും വിവിധ സംസ്‍കാരങ്ങളും ഭാഷകളിലുമായി ഒരുപാട് മനുഷ്യര്‍ ജീവിക്കുന്നു. അവരുടെ സന്തോഷങ്ങളിലും വേദനകളിലും സമാനതകളുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. നമുക്ക് ഇതേറ്റവും ബോധ്യപ്പെടുക ചലച്ചിത്ര മേളകളില്‍ പോകുമ്പോഴാണ്. അവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ള സമാനതകള്‍ കാണാന്‍ കഴിയും. മനുഷ്യന്മാര്‍ക്ക് ഹൃദയം കൊണ്ട് സംസാരിക്കാനുള്ള ഒരു പ്രത്യേക കഴിവ് ദൈവം നല്‍കിയിട്ടുണ്ട്. ഭാഷാപരവും സാംസ്‍കാരികവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യര്‍ ഹൃദയം കൊണ്ട് സംസാരിക്കാറുണ്ട് . അത് നമ്മളെ ബോധ്യപ്പെടുത്തുന്ന ഒരിടമാണ് കേരളത്തിലെ വിശിഷ്യാ മലബാറിലെ സെവൻസ് ഫുട്ബോള്‍ മേളകള്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന കളിക്കാരും നമ്മുടെ നാട്ടിലെ കളിക്കാരും ഏഴുമാസം വരെ നീളുന്ന സീസണ്‍ മുഴുവന്‍ ഇവുടത്തെ ഗ്രാമങ്ങളിലെ ക്ലബുകളില്‍ ഒന്നിച്ചു കളിക്കുകയും ഒന്നിച്ചു താമസിക്കുകയും ചെയ്യുന്ന സുന്ദരമായ അനുഭവങ്ങള്‍ ഇത്തരം മേളകള്‍ സമ്മാനിക്കുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങള്ക്ക്ങ ഭാഷാപരമായ ഒരുപാട് പരിമിതികളുണ്ട്. രണ്ടുകൂട്ടര്‍ക്കും ഇടപഴകാന്‍ കഴിയുന്ന ഏക ഭാഷ ഇംഗ്ലീഷ് ആണ്. അത് തന്നെ രണ്ടു കൂട്ടര്‍ക്കും അത്രയധികം വശമില്ലാത്തതും. എന്നിട്ടു പോലും അവര്‍ ഒരേ ടീമിന്റെ ആവേശത്തിന്റെ ഭാഗമായി മുന്നോട്ടു പോകുന്നു. മലപ്പുറം ജില്ലയിലെ പൂക്കട്ടിരിയാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തില്‍ വര്ഷാങ്ങളായി നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വരുന്ന ആഫ്രിക്കന്‍ കളിക്കാരെ കാണാനും നാട്ടിലെ കളിക്കാരുമായി ഇടപഴകുന്നത് കാണാനും അവസരം ലഭിച്ചിട്ടുണ്ട്. നാട്ടിലെ ഫുട്ബോള്‍ ക്ലബിന്റെ മാനേജര്‍ ഘാന, നൈജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കളിക്കാരെ കൊണ്ട് വന്നു താമസിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ തന്നെ ക്വാര്‍ട്ടേഴ്‍സുകളിലും വാടകക്കെടുത്ത വീടുകളിലുമാണ്. മാനേജര്‍ അവരുമായി കളികള്‍ക്കായി ജീപ്പുകളില്‍ പോകുന്നതും അര്‍ദ്ധരാത്രിയോളം വൈകി വരുന്ന നിരന്തരം കാണുന്ന കാഴ്‍ചകളാണ്. ഇത്തരം മനോഹരമായ കാഴ്‍ചകള്‍ സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന എന്റെ മനസ്സില്‍ കൌതുകമുണ്ടാക്കിയിരുന്നു. ഈ കൌതുകത്തില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ആഫ്രിക്കയില്‍ നിന്നും മലപ്പുറത്ത് കളിയ്‍ക്കാന്‍ വരുന്ന നൈജീരിയന്‍ കളിക്കാരനും ക്ലബ് മാനേജരും നാട്ടുകാരുമായുള്ള ഹൃദയ സംഭാഷണങ്ങളുടെ കഥയാണ് സുഡാനി ഫ്രം നൈജീരിയ.
സുഡാനി ഫ്രം നൈജീരിയ ഒരു ഫുട്ബോള്‍ ചലച്ചിത്രമാണോ?
“സുഡാനി ഫ്രം നൈജീരിയ” എന്ന ചിത്രം സംഭവിക്കുന്നത് ഫുട്ബാളിന്റെ പശ്ചാത്തലത്തിലാണ്. മലബാറില്‍ വര്‍ഷങ്ങളായി നടക്കുന്ന സെവൻസ് ഫുട്ബാള്‍ മേളകളിലെക്കാണു ആഫ്രികന്‍ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ എത്തുന്നത്. അങ്ങനെയാണ് നേരത്തെ പറഞ്ഞ രസകരമായ കാഴ്‍ചകളും ഹൃദ്യമായ അനുഭവങ്ങളും ഉണ്ടാകുന്നത്. ആ കാഴ്ചകളില്‍ നിന്ന് രൂപപ്പെടുത്തിയ ചിത്രമായത് കൊണ്ട് തന്നെ ഇതു ഫുട്ബോള്‍ ഉള്ളത് കൊണ്ട് സംഭവിച്ച സിനിമയാണ്. എന്നാലിതൊരു സ്പോര്‍ട്സ് സിനിമയായിരിക്കില്ല .കളിക്കളത്തിനു പുറത്തെ കഥപറച്ചിലുകളാണ് ഈ ചിത്രത്തില്‍ കൂടുതലും. ഫുട്ബാള്‍ പശ്ചാത്തലമുള്ള ഒരു ഫാമിലി ഡ്രാമയാണു സുഡാനി ഫ്രം നൈജീരിയ എന്നു വേണമെങ്കില്‍ പറയാം.
നായികാ കഥാപാത്രങ്ങളുടെ കാര്യത്തിലും വാര്‍പ്പ്മാതൃകളില്‍ നിന്ന് മാറി നടക്കാന്‍ സക്കരിയ ശ്രമിച്ചിട്ടുണ്ട്.ആ തെരഞ്ഞെടുപ്പുകളെ കുറിച്ചൊന്നു പറയാമോ?
എന്നെ സംബന്ധിച്ചിടത്തോളം നായികയെന്നത് നായകന്റെ കാമുകിയായി വരുന്ന കഥാപാത്രം മാത്രമല്ല. നമ്മുടെ സിനിമയിലെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏതു സ്‍ത്രീ കഥാപാത്രങ്ങളും നായികമാരാണ്. ആ നിലക്ക് ഈ സിനിമയിലെ നായികമാര്‍ അമ്പതു വയസ്സിനു മുകളിലുള്ള രണ്ടു സ്‍ത്രീ കഥാപാത്രങ്ങളാണ്. രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. അവര്‍ ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളാണ്. അവരുടെ കൂടിയാണ് ഈ സിനിമ. അത് കഥയില്‍ വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്.
സാമുവല്‍ എന്ന നൈജീരിയന്‍ താരത്തിലേക്കെങ്ങിനെയാണ് എത്തുന്നത്?
ഈ സിനിമയിലെ പ്രധാനപ്പെട്ട ഒന്നാണ് നൈജീരിയയില്‍ നിന്നും കേരളത്തിലേക്ക് കളിക്കാന്‍ വരുന്ന കഥാപാത്രം. ആ ഒരു കഥാപാത്രത്തെ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ പണിയായിരുന്നു. ഇവിടെ കളിക്കാന്‍ വരുന്നവരില്‍ നിന്നും ഓഡിഷന്‍ നടത്തി ഒരു അഭിനേതാവിനെ തെരഞ്ഞെടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ഷൈജു ഖാലിദും സമീര്‍ താഹിറും ഈ ചിത്രത്തിന്റെ ഭാഗമാകുന്നതോടെ കുറേ കൂടി പ്രോഫഷണലായ ഒരു താരത്തെ കണ്ടെത്താം എന്ന തീരുമാനത്തിലെത്തുകയും. അതിനായി ഫേസ്‍ബുക്കിലെ സുഹൃത്തുക്കള്‍ വഴിയും ഗൂഗിളിലും തെരഞ്ഞിരുന്നു. ഗൂഗിള്‍ വഴിയാണ് സാമുവലിന്റെ ചിത്രം ലഭിച്ചതും. അതിനു ശേഷം നൈജീരിയയിലുള്ള ടാലന്റ് ഏജൻസ് വഴി സാമുവലിനെ ബന്ധപ്പെടുകയും ഈ കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ട് വരികയുമാണ് ചെയ്‍തത്.
സുഡാനിയുടെ അണിയറപ്രവര്‍ത്തകരെ കുറിച്ച്?
വളരെ പ്രഗല്ഭരായ അണിയറപ്രവര്‍ത്തകരെയാണ് ചിത്രത്തിന് ലഭിച്ചത്. കാമറ കൈകാര്യം ചെയ്തത് ഷൈജു ഖാലിദ് ആണ്. മലയാളി പ്രേക്ഷകര്ക്ക് മികച്ച ചിത്രങ്ങള്‍ മാത്രം സമ്മാനിച്ച ഒരു ഛയാഗ്രാഹകനാണ് ഷൈജു ഖാലിദ്. അത് പോലെ തന്നെ ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റെക്സ് വിജയനാണ്. ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍ മലപ്പുറത്ത് നിന്ന് തന്നെയുള്ള മാഷര്‍ ഹംസ, അൻവര്‍ റഷീദ്, സമീര്‍ താഹിര്‍ സിനിമകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്. ആര്‍ ജി വയനാടാണ് മേക് അപ്പ്. എന്റെ സുഹൃത്തും സഹപാഠിയുമായിട്ടുള്ള അനീസ് നാടോടിയാണ് സിനിമയുടെ കലാ സംവിധാനം നിര്വടഹിച്ചിരിക്കുന്നത്. കലാ സംവിധായകന്‍ അനീസ് നാടോടിയുടെ ആദ്യത്തെ സ്വതന്ത്ര സിനിമയാണ്. ഈ സിനിമയുടെ തിരക്കഥയിലും സംഭാഷണ രചനയിലുമോക്ക കൂടെയുണ്ടായിരുന്നത് “കെ.എല്‍. 10 പത്ത്” സിനിമയുടെ സംവിധായകനും സുഹൃത്തുമായ മുഹ്സിന്‍ പരാരിയാണ്. അനുരാഗ കരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ എഡിറ്റിംഗ് നിര്വിഹിച്ച നൗഫല്‍ അബ്ദുള്ളയാണു സുഡാനി ഫ്രം നൈജീരിയയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ വിഗ്നേഷ് ആര്‍. നായര്‍ മികച്ച രീതിയില്‍ ശബ്‍ദസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. എനിക്ക് നേരത്തെ പരിചയമുള്ള, നമ്മളോടൊപ്പം സിനിമാ സ്വപ്‌നങ്ങള്‍ പങ്കുവെച്ചവരാണ് അണിയറപ്രവര്‍ത്തകരിലധികവും.
പരിചയസമ്പന്നരും പുതുമുഖങ്ങളും ഒരുപോലെയുള്ള ഒരു ടീമായിരുന്നല്ലോ ചിത്രത്തിന് പിന്നില്‍. എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍?
പരിചയസമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ വര്‍ക്ക് ചെയ്‍ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ക്രൂ അംഗങ്ങളുടെ കാര്യത്തിലായാലും അഭിനേതാക്കളുടെ കാര്യത്തിലായാലും ആ ഒരു പ്രത്യേകത ഈചിത്രത്തിനുണ്ടായിരുന്നു. ഞാനടക്കമുള്ള ഇതിലെ ഭൂരിഭാഗം പേരും ഇതില്‍ പുതുമുഖങ്ങളാണ്. പക്ഷെ നമുക്ക് മലയാളത്തിലെ തന്നെ ഏറ്റവും മികച്ച, പരിചയസമ്പന്നരായ ചായഗ്രാഹകരെയും നിര്‍മ്മാണ മേഖലയിലുള്ളവരെയും ലഭിച്ചുവെന്നത് തന്നെയാണ് ഈ പ്രൊജക്റ്റ് സുഗമമായി മുന്നോട്ട് പോകനുണ്ടായ പ്രധാന കാരണം. ഇതില്‍ അഭിനയിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളും എന്റെ് പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളവരുമായിരുന്നു. ഭൂരിഭാഗം പുതുമുഖങ്ങളാകുന്നത് കൊണ്ടുണ്ടാകാവുന്ന പ്രതിസന്ധികളെ മറികടന്നത് പരിചയസമ്പന്നരും പ്രഗല്‍ഭരുമായ ഒരു ചെറു വിഭാഗം കൂടി ഈ സിനിമക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ്. പുതുമുഖങ്ങളെന്ന നിലക്ക് ഞങ്ങള്‍ക്ക് പ്രൊഫഷനലായിട്ടു തന്നെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷം കൂടിയുണ്ട്. ഈ ചിത്രം രാജ്യത്താകമാനമുള്ള പ്രേക്ഷകരില്‍ എത്തിക്കുന്നത് സാരഥിയുടെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിര്‍മ്മാണ-വിതരണ കമ്പനിയായ “ഇ ഫോര്‍ എന്റര്‍ടെയ്‍ൻമെന്റ്” ആണ്. ഈ സംരംഭത്തിന്റെ ആദ്യാവസാനം “ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ്” നല്‍കിയ പിന്തുണ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ ഏറെ സഹായകരമായിട്ടുണ്ട്.
എന്താണ് സക്കരിയയുടെ സിനിമ?
എന്താണ് എന്റെ സിനിമയെന്നത് എനിക്ക് തന്നെ ബോധ്യപ്പെടെണ്ടിയിരിക്കുന്ന ഒന്നാണ്. ഒരു ചലച്ചിത്രവിദ്യാര്‍ഥി എന്ന നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടു പോയിട്ടില്ലാത്ത ഒരാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അനുഭവപരിസരങ്ങള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ സിനിമാ കാഴ്‍ചപ്പാടുകളും മാറിക്കൊണ്ടിരിക്കുക്കുകയാണ്. എന്റെ സിനിമ എന്നത് എന്താണെന്ന് കരിയറിലെ അവസാനത്തെ സിനിമക്ക് ശേഷവും വ്യക്തമായിക്കൊള്ളണമില്ലെന്നാണ് എനിക്ക് തോന്നുന്നത്.