അന്ന് ഒരേയൊരു തവണ ഞാന്‍ ജയിച്ചു, പക്ഷേ സ്നേഹം കൊണ്ട് വിഷ്‍ണു എന്നെ തോല്‍പ്പിച്ചു, ബിബിൻ ആ കഥ പറയുന്നു

By NANA DESK  |  First Published Sep 13, 2018, 12:46 AM IST

മിമിക്രിയില്‍ നിന്ന് സിനിമയിലെത്തി ശ്രദ്ധേയരായ കലാകാരന്മാരുടെ നിരയിലെ ഏറ്റവും പുതിയ പേരുകളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്. തിരക്കഥാകൃത്തുക്കളായി വന്നു ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്, നായകന്മാരായി മാറിയവര്‍. ഒരുമിച്ച് വന്നവരില്‍ അഭിനയിക്കാനുള്ള ആദ്യനറുക്ക് വീണത് വിഷ്ണുവിനാണ്. ട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകന്‍ വിഷ്ണുവായിരുന്നു. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലെ നായകന്‍ ബിബിന്‍ ജോര്‍ജ്ജാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്റോഷന്‍, ഒരുയമണ്ടന്‍ പ്രേമകഥ എന്നിവയാണ് ഇരുവരും ചേര്‍ന്ന് എഴുതിയ തിരക്കഥകള്‍. അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും മിമിക്രി കലാകാരന്മാരുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും അവരുടെ സൌഹൃദത്തിന്റെ കഥ പറയുകയാണ് നാനയിലൂടെ.


മിമിക്രിയില്‍ നിന്ന് സിനിമയിലെത്തി ശ്രദ്ധേയരായ കലാകാരന്മാരുടെ നിരയിലെ ഏറ്റവും പുതിയ പേരുകളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്. തിരക്കഥാകൃത്തുക്കളായി വന്നു ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്, നായകന്മാരായി മാറിയവര്‍. ഒരുമിച്ച് വന്നവരില്‍ അഭിനയിക്കാനുള്ള ആദ്യനറുക്ക് വീണത് വിഷ്ണുവിനാണ്. ട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകന്‍ വിഷ്ണുവായിരുന്നു. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലെ നായകന്‍ ബിബിന്‍ ജോര്‍ജ്ജാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്റോഷന്‍, ഒരുയമണ്ടന്‍ പ്രേമകഥ എന്നിവയാണ് ഇരുവരും ചേര്‍ന്ന് എഴുതിയ തിരക്കഥകള്‍. അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും മിമിക്രി കലാകാരന്മാരുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും അവരുടെ സൌഹൃദത്തിന്റെ കഥ പറയുകയാണ് നാനയിലൂടെ.

Latest Videos

'വിഷ്ണുവിന്‍റെയും എന്‍റെയും കോമണ്‍ ഫ്രണ്ടാണ് ശ്രീനാഥ്. ഞാന്‍ മിമിക്രിയിലേക്ക് വരാന്‍ കാരണം തന്നെ അവനാണ്. ശ്രീനാഥ് നന്നായി മിമിക്രി ചെയ്യും. അവന്‍ പറഞ്ഞു വിഷ്ണുവിനെ എനിക്കറിയാം. പക്ഷേ നേരിട്ട് പരിചയമില്ല. ഞാന്‍ താമസിക്കുന്നത് നിലംപതിഞ്ഞിമുകളിലാണ്. വിഷ്ണുവിന്‍റെ വീട് എറണാകുളത്ത് കലൂരിലാണ്. ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലൊരു പരിപാടിക്ക് ശ്രീനാഥിന്‍റെ കൂടെ വിഷ്ണു വന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു ഒരുമിച്ച് സ്റ്റേജില്‍ കയറി. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന് പറഞ്ഞതുപോലെ വിഷ്ണു എന്‍റെ തലയില്‍ കുടുങ്ങി. ഞാന്‍ അവന്‍റെ തലയിലും കുടുങ്ങി. പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ ഞങ്ങളൊരുമിച്ചുണ്ട്. ഇവന് ഉയരം കുറവാണെങ്കിലും സ്റ്റേജില്‍ നിന്നാലുണ്ടല്ലോ ഭയങ്കര അട്രാക്ഷനായിരുന്നു. വലിയ ഉണ്ടക്കണ്ണും കളിയും കണ്ടിട്ട് ആരാധന തോന്നിപ്പോയി. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു വിഷ്ണുവിന്‍റെ പെര്‍ഫോമന്‍സ്'- ബിബിന്‍ പറയുന്നു.

'കുട്ടിക്കാലം മുതല്‍ പ്രാക്ടീസ് ചെയ്തുവന്ന കലാരൂപമാണ് മിമിക്രി. എന്‍റെ അമ്മാവന്‍റെ മകന്‍ മിമിക്രിക്കാരനായിരുന്നു. അമ്പലത്തില്‍ ഉത്സവത്തിനൊക്കെ മിമിക്രി കളിച്ച് ഭയങ്കര സംഭവമായിട്ട് നില്‍ക്കുന്ന സമയത്ത് എനിക്കും അതുപോലെ മിമിക്രി ചെയ്യണമെന്ന് തോന്നി. തുടക്കം വീട്ടില്‍നിന്നുതന്നെയാണ്. വീട്ടുകാരുടെ സപ്പോര്‍ട്ടും ബൂസ്റ്റിംഗും കൂടിയായപ്പോള്‍ ധൈര്യമായി. സ്ക്കൂളില്‍ മത്സരത്തിന് ചേര്‍ന്നു സമ്മാനം കിട്ടിയതോടെ ഞാനും ഒരു മിമിക്രിക്കാരനായിയെന്നു വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പറയുന്നു. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഫസ്റ്റും കിട്ടി.

സ്കൂളില്‍ പഠിക്കുമ്പോഴുള്ള കൂട്ടുകാരനാണ് ശ്രീനാഥ്. ഒരു ദിവസം ശ്രീനാഥും അച്ഛനും കൂടി എന്‍റെ വീട്ടില്‍ വന്നു. അവരുടെ കുടുംബക്ഷേത്രത്തില്‍ ഉത്സവമാണ് എന്നെ പരിപാടിക്ക് വിടണമെന്ന് എന്‍റെ അച്ഛനോട് പറഞ്ഞു പെര്‍മിഷന്‍ വാങ്ങി. ചെറിയ രീതിയില്‍ വണ്‍മാന്‍ ഷോ പോലെ ചെയ്യുമെങ്കിലും ദൂരേക്കൊന്നും പോയിട്ടില്ല. അന്നത്തെ എന്‍റെ പ്രായംവെച്ച് നോക്കിയാല്‍ കലൂരില്‍നിന്ന് ശ്രീനാഥിന്‍റെ നാടായ നിലംപതിഞ്ഞിമുകളിലേക്ക് വലിയ ദൂരമുണ്ട്.


അവിടെ ചെന്നപ്പോള്‍ ശ്രീനാഥ് പറഞ്ഞു, എന്‍റെയൊരു കൂട്ടുകാരനുണ്ട് ബിബിന്‍. അവനെയും ചേര്‍ത്ത് നമുക്ക്  മൂന്നുപേര്‍ക്കും കൂടി പ്രോഗ്രാം ചെയ്യാം. അപ്പോള്‍തന്നെ ബിബിന്‍ വന്നു പരിചയപ്പെട്ടു. ഞങ്ങള്‍ മൂന്നുപേരും കൂടി സ്കിറ്റ് റെഡിയാക്കി റിഹേഴ്സല്‍ നോക്കി പ്രോഗ്രാം ചെയ്തു. പരിപാടി ഗംഭീരവിജയമായി'- വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

'വിഷ്ണു നാട്ടില്‍ വന്നുപോയതിനുശേഷം എന്‍റെ തലയ്ക്ക് വെളിവില്ലാതായി. വിഷ്ണുവിനെ വെച്ചിട്ടല്ലേ നമ്മളെ അളക്കുന്നത്. അനങ്ങിപ്പോയാല്‍ നാട്ടുകാര് പറയും, അവനെ കണ്ട് പഠിക്കെടാ... കുരുട്ടടക്ക പോലെയിരിക്കുന്ന അവന്‍റെ പെര്‍ഫോമന്‍സ് എന്താ. നീ ഇങ്ങനെ നടന്നോ. നാട്ടുകാരുടെ ഉപദേശവും കളിയാക്കലും കൊണ്ട് പൊറുതിമുട്ടിയെങ്കിലും വിഷ്ണുവിനോടൊരു പ്രത്യേകസ്നേഹവും അന്ന് മുതലുണ്ടായിരുന്നു'- ബിബിന്‍ പറഞ്ഞു.

ഇനി നമ്മള്‍ തമ്മില്‍ മത്സരിക്കുന്നില്ല.

'എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുമ്പോള്‍ സ്ക്കൂള്‍ കലാമത്സരങ്ങളില്‍ ഞങ്ങള്‍ തമ്മിലാണ് മത്സരം. ഫസ്റ്റ് എനിക്കും സെക്കന്‍റ് ബിബിനും.' മത്സരിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പിണക്കമോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
സബ് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ റവന്യു ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ വരും. എറണാകുളം സബ്ജില്ലയില്‍ എനിക്കായിരിക്കും ഫസ്റ്റ്. ഞാന്‍ റവന്യൂ ജില്ലാ മത്സരത്തിന് ചെല്ലുമ്പോള്‍ ബിബിന്‍ ഉണ്ടാകും. ഒരു പ്രാവശ്യം ഞാന്‍ ചെല്ലുമ്പോള്‍ ബിബിനും അമ്മച്ചിയും കൂടി നടന്നുവരുന്നു. എന്നെ കണ്ടപാടെ ബിബിന്‍റെ അമ്മച്ചി, ദേ വന്നെടാ... ഇവന്‍ മോനെ തോല്‍പ്പിക്കും. ശ്ശെ.. പണ്ടാരം നീ വന്നോ എന്ന് ഇവന്‍ എന്‍റെ മുഖത്തുനോക്കി പച്ചയ്ക്ക് ചോദിച്ചിട്ടുണ്ട്'- വിഷ്ണു പറയുന്നു.

'എങ്ങനെയെങ്കിലും വിഷ്ണുവിനെ തോല്‍പ്പിക്കണം. വേറൊന്നിനുമല്ല. നാട്ടിലൊന്നു പിടിച്ചുനില്‍ക്കാന്‍ വേണ്ടിയായിരുന്നു. ഈ പണ്ടാറക്കാലന്‍ വിട്ടുതരണ്ടെ. മത്സരിച്ച് മത്സരിച്ച് ഒടുവില്‍ ഡിഗ്രി ഫസ്റ്റ് ഇയറായപ്പോഴേക്കും ഒരേയൊരു തവണ ഞാന്‍ ജയിച്ചു. ജയിച്ചപ്പോള്‍ ആദ്യം വന്നു എന്നെ കെട്ടിപ്പിടിച്ച് കലക്കിയെടാന്ന് പറഞ്ഞത് വിഷ്ണുവാണ്.

ഞാന്‍ ജയിച്ചതില്‍ എന്നെക്കാള്‍ സന്തോഷം ഇവനായിരുന്നു. വിജയശ്രീലാളിതനായി ബസ് കയറി നാട്ടില്‍ ചെന്നിറങ്ങിയെങ്കിലും ഇവന്‍ എന്നോട് കാട്ടിയ സന്തോഷം കാരണം ജയിച്ച കാര്യം ആരോടും പറഞ്ഞില്ല'- ബിബിന്‍ ഓര്‍മ്മ പങ്കുവയ്‍ക്കുന്നു.

'ഞാന്‍ അപ്പോള്‍ ഓര്‍ത്തത് അടുത്തമത്സരത്തില്‍ ജയിക്കാല്ലോ. പക്ഷേ അതിന് മുമ്പെ ബിബിന്‍ ബോണ്ട് വെച്ചു. ഇനി നമ്മള്‍ തമ്മില്‍ മത്സരിക്കുന്നില്ല. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ മത്സരിച്ചിട്ടേയില്ല'- വിഷ്ണു സൌഹൃദത്തിന്റെ അടുപ്പം വ്യക്തമാക്കി.

click me!