ആദിക്കൊപ്പം ടോണിയുമുണ്ട്!

By Vipin Panappuzha  |  First Published Jan 19, 2018, 1:15 PM IST

മലയാളത്തിലെ എണ്ണം പറഞ്ഞ അന്താരാഷ്‍ട്ര പുരുഷ മോഡലുകളില്‍ ഒരാളാണ് ടോണി ലൂക്ക്. പത്തൊന്‍പതാം വയസുമുതല്‍ ക്യാമറയ്‍ക്ക് മുന്നില്‍ മോഡലായി ടോണിയുണ്ട്. പല ബ്രാന്റുകളുടെ പരസ്യത്തിലും മലയാളിക്ക് സുപരിചിതമായ 'ഇന്റര്‍നാഷണല്‍' ലുക്കായിരുന്നു ഈ ചങ്ങനാശേരിക്കാരന്‍. കഴിഞ്ഞ ചില വര്‍ഷങ്ങളായി ചെറുതെങ്കിലും ശ്രദ്ധേയമായ ചില വേഷങ്ങളാല്‍ മലയാള സിനിമയിലും തന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ് ഇദ്ദേഹം. മലയാളി ആകാംക്ഷയോടെ കത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയില്‍ സുപ്രധാനമായ ഒരു വേഷമാണ് ടോണിക്കുള്ളത്. ആദിയെക്കുറിച്ചും തന്റെ കരിയര്‍ സ്വപ്‍നങ്ങളും ടോണി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുന്നു. വിപിന്‍ പാണപ്പുഴ നടത്തിയ അഭിമുഖം.

Latest Videos

undefined

ആദിയിലേത് സസ്‍പെന്‍സ് റോളോ..!

തീര്‍ത്തും ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന് പറയാന്‍ സാധിക്കുന്ന സിനിമയാണ് ആദി. ചിലപ്പോള്‍ ട്രെയിലറില്‍ നിങ്ങള്‍ക്ക് ആ ഫീല്‍ ലഭിച്ചില്ലെങ്കിലും. പ്രണവ് അവതരിപ്പിക്കുന്ന ആദിയുടെ ജീവിതത്തിലെ വളരെ കോണ്‍ഫ്ലിക്റ്റ് നിറഞ്ഞ പല ഘട്ടങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ പല സന്ദര്‍ഭങ്ങളിലും പല കഥാപാത്രങ്ങളും വരുന്നുണ്ട്. അങ്ങനെ ഒരു സുപ്രധാനഘട്ടത്തില്‍ എത്തുന്ന വേഷമാണ് എന്റേത്. ചെറിയ സസ്‍പെന്‍സ് കഥാപാത്രത്തിനുണ്ട്. ആദിയുടെ ജീവിതത്തിനും ചിത്രത്തിനുമുള്ള ഒരു വഴിത്തിരിവിന് നിമിത്തമാകുന്നത് എന്റെ കഥാപാത്രമാണ്.

ജീത്തു ജോസഫിനൊപ്പം മൂന്നാമത്തെ ചിത്രം

ഊഴം എന്ന ചിത്രത്തിലെ ആന്‍ഡ്രൂ മാര്‍കസ് ആണ് മലയാളത്തില്‍ എന്റെ തുടക്കം. എന്നാല്‍ അതിന് മുന്‍പേ ജീത്തു ജോസഫുമായി ബന്ധമുണ്ടായിരുന്നു. ജീത്തു ചേട്ടന്‍ ദൃശ്യത്തിന് ശേഷം ചെയ്‍ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ ഞാന്‍ അസിസ്റ്റന്റായി ജോലി ചെയ്‍തിട്ടുണ്ട്. പ്രത്യേകിച്ച് അതിലെ ന്യൂസിലാന്റ് ഷെഡ്യൂളില്‍. അന്ന് ആ ചിത്രത്തില്‍ സഹ സംവിധായകനായി പ്രണവും പ്രവര്‍ത്തിച്ചു. അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. പിന്നീടാണ് ഊഴം എന്ന ചിത്രത്തിലെ റോള്‍ എത്തുന്നത്. ശരിക്കും ജീത്തു ചേട്ടന്‍ ഫാമിലി ഫ്രണ്ട് കൂടിയാണ്.  2015ല്‍ ഊഴം എടുക്കുന്ന സമയത്ത് ഓഡീഷന് പോയി. ദിവ്യയുടെ കൂടെയായിരുന്നു ആ സീന്‍. അന്ന് അത് ജീത്തു ചേട്ടന് ഇഷ്ടപ്പെട്ടു. അങ്ങനെ ഊഴത്തിലെ ആന്‍ഡ്രുവായി. അങ്ങനെ നോക്കിയാല്‍ ജീത്തുചേട്ടന്‍റെ കൂടെയുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. ഇതിനും ഓഡിഷനും മറ്റും ഉണ്ടായിരുന്നു. എന്റെ അപ്പിയറന്‍സില്‍ തന്നെ ചില മാറ്റങ്ങള്‍ ജീത്തുചേട്ടന്‍ വരുത്തി. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ഒരാളാണ് ജിത്തുചേട്ടന്‍. അത് മെമ്മറീസിലും ദൃശ്യത്തിലും ഒക്കെ നമ്മള്‍ കണ്ടതാണ്. ആ ഒരു ത്രില്ലും സസ്‍പെന്‍സും ഈ സിനിമയിലും, എന്റെ റോളിലും ഉണ്ട്.

പ്രണവ് മോഹന്‍ലാല്‍

ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ കാലത്താണ് ഞാനും പ്രണവും കാണുന്നത്. അന്ന് 15 ദിവസത്തോളം ‌ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ജീവിതത്തില്‍ ഇത്രയും 'ചില്‍ഡ് ഔട്ടായ' ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഏതൊരു ജോലി ചെയ്യുന്നതിന് മുന്‍പും സത്യത്തില്‍ ഞാന്‍ നെര്‍വസ് ആകും. എന്നാല്‍ പ്രണവിനെ സംബന്ധിച്ച് അത്തരം സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്.  തീര്‍ത്തും റിലാക്സ്ഡായി അദ്ദേഹം ജോലി ചെയ്യുന്നു. ജനങ്ങള്‍ക്ക് വളരെ ആകാംക്ഷയുണ്ടാകും. എന്നാല്‍ തീര്‍ത്തും നാച്യൂറലായി പ്രണവ് അഭിനയിച്ചിട്ടുണ്ട്. ട്രെയിലര്‍ കണ്ടാല്‍ തന്നെ അത് മനസിലാകും. ലാലേട്ടനെപ്പോലെ തന്നെ. ആദിയില്‍ എന്റെ ഭാഗങ്ങള്‍ എല്ലാം പ്രണിവിനൊപ്പമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആ രംഗങ്ങളഅ‍ മികച്ചതാക്കാന്‍ സഹായിച്ചു. ഹൈദരാബാദ്, ബംഗലൂരു, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്.

ആദിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍

റിലീസ് തിയ്യതി അടുക്കുമ്പോള്‍ ഞാന്‍ ചെറിയതോതില്‍ നെര്‍വസാണ്. പക്ഷെ ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോഴും, കണ്ട ഭാഗങ്ങളും വച്ചും മികച്ച ഒരു ചിത്രമാണ് ജിത്തുചേട്ടന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് തോന്നിയത്. മികച്ച ഒരു അനുഭവമായിരിക്കും ചിത്രം. പാർക്കൗർ എന്ന ആക്ഷൻ രീതിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍. ഹിന്ദിയില്‍ ടൈഗര്‍ ഷെറോഫും, വിദ്യൂത് ജമാലും ചെയ്‍ത രീതിയിലേക്ക് പ്രണവ് ഈ രംഗങ്ങളെ എത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ഒരു പുത്തന്‍ അനുഭവമായിരിക്കും.

ഭാവിയിലെ പ്രൊജക്ടുകള്‍

ഫെബ്രുവരിയില്‍ ഒരു കാമ്പസ് ചിത്രം വരുന്നുണ്ട്. ജോഷി തോമസിന്റെ ഫിലിം. അതിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ണ്ണമായും തീര്‍ന്നു. അതിന് ഒപ്പം ചില അന്യഭാഷ പ്രൊജക്ടുകളും ഓണ്‍ ആയിട്ടുണ്ട്.

മോഡലിംഗോ സിനിമയോ

കുറച്ചുകാലമായി സിനിമയുടെ പിന്നാലെയാണ്. അതിനായി പരിശ്രമിക്കുന്നു. ഏതെങ്കിലും സമയത്ത് ഒരു മേഖലയില്‍ ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമം. മോഡലിംഗില്‍ ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ സിനിമ ഉപേക്ഷിക്കേണ്ടിവരും. സിനിമ തന്നെയാണ് എന്നെ കൂടുതല്‍ മോഹിപ്പിക്കുന്നത്.

 

click me!