ഞങ്ങള്‍ക്ക് അറിയാം, സിനിമയിലെ സ്‍ത്രീകളുടെ പ്രശ്‍നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്: റിമ കല്ലിങ്കല്‍

By Web Desk  |  First Published May 19, 2017, 8:39 AM IST

മലയാള സിനിമ പുതിയ ഒരു ചുവടുവയ്‍പ്പിനാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയ്‍ക്കു തന്നെ മാതൃകയാകുകയാണ് മലയാളം. രാജ്യത്ത് ആദ്യമയി സിനിമയിലെ വനിതകള്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ കൂട്ടായ്‍മ രൂപീകരിച്ചിരിക്കുന്നു. പുത്തന്‍ സംഘടനയെ കുറിച്ച് റിമാ കല്ലിങ്കലും രമ്യാ നമ്പീശനും പാര്‍വതിയും സംസാരിക്കുന്നു. വിനീത വി പി നടത്തിയ അഭിമുഖം.

Latest Videos

undefined

എങ്ങനെയായിരിക്കും കൂട്ടായ്‍മ മുന്നോട്ടു പോകുന്നത്?

റിമ കല്ലിങ്കല്‍


നമ്മുടെ ഒരു വിഷന്‍ എന്നു പറയുന്നതു തന്നെ നമ്മുടെ ഒരു വോയ്സും നമ്മുടെ സ്‍പേസും കണ്ടെത്തുക എന്നുള്ളതാണ്. എത്രയൊക്കെ പറഞ്ഞാലും നമുക്ക് അറിയാം ഒരു പാട്രിയാക്ക് സമൂഹത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ സിനിമാ ഇന്‍ഡസ്ട്രിയിലും  തുല്യതക്കുറവ് ഉണ്ട്. ലിംഗസമത്വത്തിന്റെ ആവശ്യമുണ്ട്.  ഒരു സെറ്റില്‍ പോകുമ്പോള്‍ 60, 80ത് ആണുങ്ങള്‍ ഉള്ള ഒരു സെറ്റില്‍ പരമാവധി നാലോ അഞ്ചോ സ്ത്രീകളെയാണ് ഇന്ന് കാണുന്നത്. പക്ഷേ ഇത് വളരെ മനോഹരമായ ഒരു ആര്‍ട് സ്പെയ്സ് ആണ്. ഇവിടത്തേയ്‍ക്ക് കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഇന്‍ഡസ്ട്രിയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ കഴിയണം. വളരെ കൂടുതല്‍ സ്ത്രീകള്‍ ഈ മേഖല വളരെ സുരക്ഷിതമായ ഇടമാണ് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ കടന്നുവരണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ ഇതിനൊക്കെ ഞങ്ങള്‍ മുന്നോട്ടുവയ്‍ക്കുന്ന ആശയമാണ് ഇത്. നമ്മുടെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു അനുഭവത്തോട് മറ്റ് അസോസിയേഷനുകള്‍ എങ്ങനെ പ്രതികരിച്ചുവെന്നത് നോക്കേണ്ടതുണ്ട്. സിനിമയിലെതന്നെ ഒരുപാട് അസോസിയേഷനുകള്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. അവര്‍ക്ക് അറിയുന്നില്ല. എങ്ങനെ ആ പ്രശ്‍നം കൈകാര്യം ചെയ്യണമെന്ന്. പക്ഷേ ഞങ്ങള്‍ക്ക് അറിയാം. എന്ത് നിലപാട് ആണ് മുന്നോട്ടുവയ്ക്കേണ്ടത് എന്ന്. കാരണം ഞങ്ങള്‍ സ്‍ത്രീകളാണ്.

രമ്യാ നമ്പീശന്‍

ഞങ്ങള്‍ കൂട്ടായ്‍മ അനൗണ്‍സ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണവും വലുതായിരുന്നു. പല മേഖലകളിലേയും സ്ത്രീകള്‍ ചോദിച്ചു ഞങ്ങളും കൂട്ടായ്‍മയില്‍ ചേരട്ടെ എന്ന്. ഞങ്ങള്‍ക്കും പല കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞ് ധൈര്യത്തോടെ മുന്നോട്ടുവരുന്നു. ആ ധൈര്യം ഗ്രൂപ്പായിട്ട് ഞങ്ങള്‍ പകരാന്‍ പറ്റും.

ഒരു സംഘടനാ സംവിധാനത്തിലായിരിക്കുമോ കൂട്ടായ്‍മ പ്രവര്‍ത്തിക്കുക?

റിമ കല്ലിങ്കല്‍

അതെ. ഞങ്ങളിത് ര‍ജിസ്റ്റര്‍ ചെയ്ത് ഒരു ഭരണഘടന ഉണ്ടാക്കി തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുക. കൃത്യമായ സംഘടനാ സംവിധാനം ഉണ്ടാക്കുക എന്നതുതന്നെയാണ് അടുത്ത നടപടി. അടുത്ത പദ്ധതികള്‍ എന്താണെന്ന് എല്ലാവരെയും അറിയിക്കും.

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഉണ്ടായ പ്രതികരണം?

രമ്യാ നമ്പീശന്‍

എല്ലാവരും അതിന്റെ ഒരു അഭിമാനത്തില്‍ നില്‍ക്കുകയാണ്. ഹാപ്പിയാണ്. ഞങ്ങള്‍ അവിടെ ചെന്നതിനു ശേഷം കുറേ എനര്‍ജി കിട്ടി. ആത്മവിശ്വാസം കിട്ടി.

റിമ കല്ലിങ്കല്‍

നമ്മളെ എങ്ങനെയാണ് അദ്ദേഹം കാണുന്നത്, നമ്മള്‍ പറയുന്നതിനോട് എങ്ങനെയാണ് അദ്ദേഹം പ്രതികരിക്കുന്നത് എന്നത് വളരെ പോസറ്റീവ് ആയിട്ടുള്ള കാര്യമാണ് ഞങ്ങള്‍ക്ക്. നമ്മള്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും അക്കമിട്ട് പറഞ്ഞ് ഓരോന്നിനും കൃത്യമായ പരിഹാരം കാണാം എന്ന് ഉറപ്പിച്ചുപറയുകയാണ് അദ്ദേഹം. അത് വലിയ പോസറ്റീവ് ആണ്.


സിനിമയിലെ വനിതാ കൂട്ടായ്‍മയുടെ ആശയം എങ്ങനെയാണ് ഉണ്ടാകുന്നത്?

പാര്‍വ്വതി

എന്നോട് ഇതിനെപ്പറ്റി ആദ്യമായി സംസാരിക്കാന്‍ വന്നത് റിമയാണ്. പക്ഷേ ഇത് എല്ലാവരുടെയും മനസ്സിലും വര്‍ഷങ്ങളായി ഉണ്ട്. ഞാനും റിമയും കാണുമ്പോള്‍ അല്ലെങ്കില്‍ രമ്യയും കാണുമ്പോഴൊക്കെ നമ്മള്‍ പ്രശ്‍നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. പക്ഷേ കൂട്ടായ്‍മയെന്ന സാധ്യതയെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. പക്ഷേ അടുത്തിടെ നമ്മുടെ സുഹൃത്തിന് നേരിടേണ്ടി വന്ന ദുരനുഭവം നോക്കിയപ്പോള്‍ നമ്മുടെ തന്നെ സഹപ്രവര്‍ത്തക ധീരത കാട്ടി. അപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ എല്ലാ സഹായങ്ങളെയും ഉപയോഗിച്ച് ആ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത് നമുക്ക് നല്ല ടിഗര്‍പോയന്റ് ആയി. നമ്മള്‍ ഓരോരുത്തരം സംസാരിച്ചുതുടങ്ങി. പിന്നെ ഇതില്‍ ഒരു ആള്‍ നേതൃത്വം നയിച്ചുകൊണ്ടുപോയത് ഒന്നുമല്ല. എല്ലാവര്‍ക്കും തുല്യ ഇടമുണ്ട് ഇവിടെ. നടിമാരും എഴുത്തുകാരും സംവിധായകരും മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റുകളും നര്‍ത്തകിമാരും എഡിറ്റേഴ്സും ക്യാമറാ വുമണുമുണ്ടാകും. ഇവര്‍ക്ക് ഓരോ പ്രശ്‍നങ്ങളുണ്ടാകും. അത് ഒന്നില്‍ ഒതുങ്ങില്ല. അത് പഠിക്കുക എന്നതാണ് നമ്മുടെ ആദ്യത്തെ ദൗത്യം.

click me!