ആദ്യ സിനിമയായ 'പാസഞ്ചറി' ലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്‍. പിന്നീട് ഫീൽ ഗുഡ് സിനിമകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ സംവിധായകൻ- രഞ്ജിത് ശങ്കര്‍. 'രാമന്റെ ഏദൻതോട്ട'ത്തിലെ കാഴ്ചകളും പ്രണയവുമായാണ്, രഞ്ജിത് ശങ്കര്‍ പുതുതായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മെയ് 12 നു റിലീസ് ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ രഞ്ജിത് ശങ്കര്‍ പങ്കുവയ്‍ക്കുന്നു-. സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം.
undefined
കൂട്ടുകെട്ടിന്റെ ഏദൻതോട്ടം
രാമന്റെ ഏദൻ തോട്ടം പക്വത ഉള്ള ഒരു പ്രണയം സംസാരിക്കുന്ന സിനിമയാണ്. വളരെ സീരിയയ്സ് ആയിട്ട് കുടുംബ ബന്ധങ്ങളെ അനലൈസ് ചെയ്യുന്ന ഒരു സിനിമ കൂടെ ആണ്. അത്തരം ഒരു സിനിമയെ മാക്സിമം എൻഗേജിങ് ആയും എന്റർട്ടൈൻ ചെയ്യുന്ന രീതിയിലും പ്രേക്ഷരിൽ എത്തിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. മധു നീലകണ്ഠൻ, ബിജിപാൽ അങ്ങനെ എല്ലാവരും ഇതിൽ അവരുടെ പരമാവധി ചെയ്തിട്ടുണ്ട്. ഗാനങ്ങൾ വളരെ അധികം ശ്രദ്ധിക്കപ്പെട്ടതിലും സന്തോഷമുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം
ചാക്കോച്ചന്റെ കൂടെയുള്ള ആദ്യ ചിത്രമാണ്. വളരെ ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഈ സിനിമ ചെയ്യുന്നതിന് മുന്നേ മൂന്നു മാസം ഏറെ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. മാനസികമായും ശാരീരികമായും വളരെ പ്രിപ്പേർഡ് ആയിട്ട് തന്നെയാണ് ചാക്കോച്ചൻ ഈ സിനിമയിലേക്ക് വന്നത്. അത് സിനിമയ്‍ക്ക് വലിയ രീതിയിൽ ഗുണകരമായിട്ടും ഉണ്ട്.
പാസഞ്ചറിൽ നിന്നും അർജുനൻ സാക്ഷിയിൽ നിന്നും കളം മാറ്റിയ അവതരണ ശൈലി
അങ്ങനെ കളം മാറ്റി എന്ന് പറയാൻ പറ്റില്ല. ഓരോ കഥ ആവശ്യപ്പെടുന്ന അവതരണ ശൈലി മാത്രമാണ് ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിൽ അത്തരം ഒരു ശൈലി വേണ്ടി വന്നില്ല എന്നതാണ് സത്യം. തീർച്ചയായും മന:പ്പൂർവം എന്ന് പറയാൻ പറ്റില്ല, കഥ ആവശ്യപ്പെടുന്നത് ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു. അങ്ങനെ കളം മാറ്റി ചവിട്ടാൽ അത്ര ഈസി ആയ ഒരു കാര്യവും അല്ല.
കൂട്ടുകെട്ടിലെ പ്രിയപ്പെട്ട ജയസൂര്യ
എന്റെ കൂടുതൽ സിനിമകളിലും അഭിനയിച്ച നടൻ, നിർമാണ പങ്കാളി എന്നതിലും കവിഞ്ഞു പ്രിയപ്പെട്ട സുഹൃത്തും കൂടെയാണ് ജയൻ. അനുദിനം സ്വയം റിഫൈന്‍ ചെയ്തു ഇമ്പ്രവൈസ് ചെയ്യുന്ന നടൻ ആണ് അദ്ദേഹം. വളരെ ആത്മാർത്ഥതയുള്ള, സത്യസന്ധതയുള്ള സുഹൃത്താണ്. സിനിമയുടെ കാര്യങ്ങളിൽ വളരെ അധികം ക്രിയേറ്റീവ് ആയി ഇടപെടുന്ന ആളാണ്. സത്യത്തിൽ ഞാൻ ആൾക്കാരുടെ ഇൻപുട്ട് നന്നായി ഇഷ്ടപ്പെടുന്ന ആളാണ്.
സിനിമകൾ സാമൂഹിക അവസ്ഥകളിലേക്കു ഫോക്കസ് ചെയ്യുമ്പോൾ
സിനിമകൾ അങ്ങനെ സംസാരിക്കുന്നുണ്ട്. പക്ഷെ ഇറങ്ങുന്ന എല്ലാ സിനിമകളും സാമൂഹിക അവസ്ഥകളിലേക്കു ഫോക്കസ് ചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ എന്നത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഫിലിം മേക്കറിന്റെ ഉത്തരവാദിത്തം സിനിമ ഉണ്ടാക്കുക എന്നത് മാത്രമാണ്. വിശകലനം മാധ്യമങ്ങൾ ചെയ്യേണ്ടതാണ്. ഒരിക്കലും സിനിമ ചെയ്യുന്ന ആൾ അതിനെക്കുറിച്ചു ആലോചിക്കേണ്ടതില്ല. ജനങ്ങൾ ടിക്കറ്റെടുത്തു തിയേറ്ററിൽ വരുന്നത് ഒരു വിനോദ മൂല്യം കണക്കാക്കിയാണ്. അതുകൊണ്ടു തന്നെ സിനിമയുടെ പ്രാഥമിക ഉത്തരവാദിത്തം എന്നത് എന്റർടൈൻമെന്റ് ആണ്. ഈ പറഞ്ഞ കാര്യത്തിൽ ഉത്തരവാദിത്തം ഉള്ള ആൾക്കാർ ഉണ്ട്. അത് ജോലി ആയിട്ടുള്ളവർ. അവർ ആ ജോലി ചെയ്യുന്നുണ്ടോ എന്നുള്ളതാണ് വിഷയം. അത് ചെയ്യുന്നില്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.
സിനിമയുടെ ഉത്തരവാദിത്തം എന്റർടൈൻ ചെയ്യുക എന്നത് മാത്രം ആണ്.
കൂടുതൽ സിനിമകള്‍ക്കും വ്യക്തി കേന്ദ്രീകൃതമായ കഥ പറച്ചിൽ
എന്റെ കഥകൾ അങ്ങനെ ആണെന്ന് തോന്നിയെങ്കിൽ തീർച്ചയായും എഴുത്തു കുറച്ചു കൂടെ ഈസി ആയതു കൊണ്ടായിരിക്കാം. ഞാൻ അത്തരത്തിൽ ഒരു അനാലിസിസ് നടത്തിയിട്ടില്ല. സിനിമ ഉണ്ടാക്കുമ്പോൾ നമ്മുടെ മാക്സിമം നമ്മൾ അതിൽ ഇടപെടുക, നന്നാക്കിയെടുക്കുക എന്നത് മാത്രമാണ്. അതിനു ശേഷം പ്രേക്ഷകർ തീരുമാനിക്കപ്പെടട്ടെ എന്നാണ്. ഇപ്പോഴാണ് ഞാനും ആലോചിച്ചത്, ചില കഥകൾ അങ്ങനെ ആണല്ലോ എന്ന്.
എഴുത്തും സിനിമയും
എന്നെ സംബന്ധിച്ചെടുത്തോളം എഴുത്ത് അവസാനത്തെ കാര്യം ആണ്. അതിനു മുൻപ് ചർച്ചകളും കാര്യങ്ങളും ആയി മുന്നോട്ടു പോകും.
കാസ്റ്റിംഗ് കൂടെ കഴിഞ്ഞ ശേഷം ആണ് എഴുത്തിലേക്ക് കടക്കുന്നത്.
സംവിധായകനും നിർമ്മാതാവും
നിര്‍മ്മാതാവുമ്പോൾ സംവിധാനത്തിൽ ശ്രദ്ധ ചെലുത്താൻ പറ്റുന്നത് കുറവാണ് എന്നൊന്നും തോന്നിയിട്ടില്ല. എനിക്ക് വളരെ പോസിറ്റീവ് ആയാണ് തോന്നിയത്. നമുക്ക് ലഭിക്കുന്ന ക്രിയേറ്റീവ് സ്വാതന്ത്ര്യം കുറച്ചു കൂടെ കൂടുതൽ ആണ്. ഒരു സംവിധായകൻ തന്റെ സിനിമ നിർമിക്കുമ്പോൾ അതിനെ എങ്ങനെ മികച്ചതാക്കാൻ എന്നും അതിനുള്ള എല്ലാ കാര്യങ്ങളും ചേർക്കുക എന്നുള്ളതുമാണ് ചെയ്യുക. നമുക്ക് ഒറ്റയ്ക്കു തന്നെ ഒരു തീരുമാനം എടുക്കാം. കൂടുതൽ ബെറ്റർ ടെക്‌നോളജി ഉപയോഗിക്കാനടക്കമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്.
'പുണ്യാളൻ അഗർബത്തീസ്' രണ്ടാം ഭാഗം
ഇപ്പോഴും ആൾക്കാർ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു സിനിമ ആണ് അത്. രണ്ടാം ഭാഗം വരണം എന്ന് നമുക്കും ആഗ്രഹം ഉണ്ട്.. പക്ഷെ അതിനെ ജസ്റ്റിഫൈ ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് ഇതുവരെ കിട്ടിയില്ല എന്നതാണ് കാര്യം.
മമ്മൂട്ടിക്കൊപ്പം രണ്ടാമൂഴം
സിനിമയിലേക്കുള്ള വരവിൽ വലിയ സ്വാധീനം ചെലുത്തിയ ആളാണ് മമ്മൂക്ക. മലയാളത്തിൽ സംവിധായകനാകുന്ന ഏതൊരാളെയും പോലെ എനിക്കും ആഗ്രഹമുണ്ട് ലാലേട്ടനെയും മമ്മൂക്കയെയും വച്ച് സിനിമ ചെയ്യാൻ. മമ്മൂക്കയുടെ കൂടെ വർഷം എന്ന സിനിമ ചെയ്തു. ഇനിയും മികച്ചൊരു സ്ക്രിപ്റ്റ് വരുകയാണെങ്കിൽ തീർച്ചയായും ചെയ്യും. ലാലേട്ടന്റെ കൂടെയുള്ള സിനിമയും ഉണ്ടാകും.