'ലാലേട്ടന്‍ ഈ സിനിമയുടെ ഐശ്വര്യം'; മോഹന്‍ലാല്‍ സിനിമയുടെ സംഗീത സംവിധായകന്‍ സംസാരിക്കുന്നു

By നിര്‍മ്മല ബാബു  |  First Published Apr 16, 2018, 4:36 PM IST
  • മോഹന്‍ലാല്‍ സംഗീത സംവിധായകന്‍ ദാ, ഇവിടെയുണ്ട്
  • സംഗീത സംവിധായകന്‍ ടോണി ജോസഫ് സംസാരിക്കുന്നു

കേരളം ഒന്നാകെ ഏറ്റെടുത്ത 'ലാലേട്ടാ ലാ..ലാ..ലാ..ലാ..ലാ' എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകന്‍ ദാ..ഇവിടെയുണ്ട്, ടോണി ജോസഫ്. തന്റെ ആദ്യ സിനിമയായ 'മോഹന്‍ലാലി'ലെ പാട്ടുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ച സന്തോഷത്തിലാണ് ടോണി. സിവില്‍ എഞ്ചിനീയറായിരുന്ന ടോണി സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം യൂട്യൂബില്‍ കാഴ്ചക്കാര്‍ ഏറെയാണ്. മഞ്ജു വാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയായി എത്തുന്ന സിനിമയുടെ വിശേഷങ്ങളെ കുറിച്ചും ഒരുക്കിയ പാട്ടുകളെ കുറിച്ച് ടോണി ജോസഫ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു...

Latest Videos

ഞാനും ഒരു മോഹന്‍ലാല്‍ ആരാധകന്‍...

എല്ലാ മലയാളികളെയും പോലെ ഞാനും ഒരു മോഹന്‍ലാല്‍ ആരാധകനാണ്. സിനിമയില്‍ ഗാനങ്ങള്‍ ഒരുക്കുന്നതിന്‌റെ ഭാഗമായി ലാലേട്ടന്റെ എല്ലാ സിനിമകളും തന്നെ കണ്ടു. അതില്‍ ആദ്യമായി കാണുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു.'ഇരുവര്‍' ആ കൂട്ടത്തിലുള്ളതായിരുന്നു. അതിനുശേഷം, ലാല്‍ സാറിനോടുള്ള ആരാധന ഇരട്ടിയാവുകയായിരുന്നു.

ലാലേട്ടന്‍ ഈ സിനിമയുടെ ഐശ്വര്യം...

ലാലേട്ടന്റെ പേരില്‍ ഇറങ്ങുന്ന ഒരു സിനിമ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും. ലാലേട്ടന്‍ സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. പക്ഷേ സിനിമയില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് ആ താര പ്രഭയാണ്. 'മോഹന്‍ലാല്‍' എന്ന പേര് തന്നെയാണ് ഈ ചിത്രത്തിന്റെ എല്ലാ ഐശ്വര്യവും. അതിന് ലാല്‍ സാറിനോട് ഞങ്ങള്‍ക്ക് ഒത്തിരി നന്ദി ഉണ്ട്.

പാട്ട് ഒരുക്കുമ്പോള്‍ മനസില്‍ ലാലേട്ടന്‍ മാത്രം...

മോഹന്‍ലാലിന്റെ ആരാധികയുടെ കഥയാണ് 'മോഹന്‍ലാല്‍' പറയുന്നത്. സിനിമക്ക് വേണ്ടി പാട്ട് ഒരുക്കുമ്പോള്‍ മനസ് നിറയെ ലാല്‍സാര്‍ ആയിരുന്നു. ആ പേരിന് ദോഷം വരുന്ന ഒരു കയ്യബദ്ധവും ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിക്കരുതെന്നായിരുന്നു ചിന്ത മുഴുവന്‍. ചിത്രത്തില്‍ അഞ്ച് പാട്ടുകളാണുള്ളത് അതില്‍ നാല് പാട്ടുകളും ഞാനാണ് ചെയ്തിരിക്കുന്നത്. ഒരു പാട്ട് സംവിധായകന്‍ സാജിദ് യഹ്‌യയും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്ത പ്രകാശ് അലക്‌സും ചേര്‍ന്നാണ് ഒരുക്കിയത്. 

പാട്ടുകള്‍ക്ക് ലഭിച്ച സ്വീകാര്യത...

വന്‍ സ്വീകാര്യതയാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ലഭിച്ചത്. ഇറങ്ങി ഇത്ര ദിവസമായിട്ടും യൂട്യൂബില്‍ ട്രെന്റിങ്ങില്‍ ഒന്നാമതാണ് ലാലേട്ടാ.. എന്ന ഗാനം. നിഹാല്‍ സാദിഖും ഈ പാട്ട് ചെയ്യാന്‍ ഒപ്പമുണ്ടായിരുന്നു. എല്ലായിടത്ത് നിന്നും നല്ല പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനും ഗാനരചയിതാവ് മനു മഞ്ജിത്തിനുമാണ്. മനു ഒരുപാട് സമയമെടുത്ത് വളരെ  മനോഹരമായി വരികള്‍ എഴുതി. ലാലേട്ടനെ കുറിച്ച് എഴുതുമ്പോ എന്ത് ഒഴിവാക്കണം എന്ത് ചേര്‍ക്കണമെന്നൊക്കെയുള്ള കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരുന്നു. അതൊക്കെ ശ്രദ്ധിച്ചാണ് മനു രചിച്ചത്. 

പാട്ടിന് ജീവന്‍ നല്‍കിയ ഗായകര്‍...

ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നത് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്താണ്. ഈ പാട്ട് ആദ്യം വേറെ രണ്ട് പേരെ വച്ച് പാടിച്ചിരുന്നു. പക്ഷേ അതില്‍ ഒരു തൃപ്തി ഉണ്ടായിരുന്നില്ല. അവര്‍ നന്നായി പാടിയിട്ടുണ്ടെങ്കിലും നമ്മള്‍ ഉദ്ദേശിച്ച ഫീല്‍ വന്നില്ല. അപ്പോള്‍, സംവിധായകന്‍ സാജിദ് യഹ്‌യയാണ് ഇന്ദ്രേട്ടന്‌റെ മകളെ കൊണ്ട് പാടിച്ചാലോ എന്ന് ചോദ്യം മുന്നോട്ട് വച്ചത്. അങ്ങനെയാണ് പ്രാര്‍ത്ഥനയെ കൊണ്ട് പാടിച്ച് നോക്കുന്നത്. പാടിയപ്പോള്‍ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമായി, ഉദ്ദേശിച്ച ഫീലും കിട്ടി.

വാ വാ വോ എന്ന ഗാനം താരാട്ട് പാട്ട് ആലപിച്ചിരിക്കുന്നത് നടി നിത്യ മേനോനും സുജിത് സുരേഷും കൂടിയാണ്. സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്‍കൊള്ളുന്ന ഗാനം പാടിയിരിക്കുന്നത് നടന്‍ ഇന്ദ്രജിത്താണ്. സേതുമാധവന്‍ എന്ന അദ്ദേഹം തന്നെ ചെയ്യുന്ന കഥാപാത്രം എത്തുന്ന ഗാനമാണ് അത്. അത് ഇന്ദ്രേട്ടന്‍ തന്നെ പാടിയാല്‍ നന്നായിരിക്കും എന്നു തോന്നിയതു കൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് പാടിച്ചത്. പിന്നെയുള്ളത് തൂവെണ്ണിലാ എന്ന ഗാനമാണ് അത് കാര്‍ത്തിക്കാണ് പാടിയത്. ഈ ഗാനത്തിനും യൂട്യൂബില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.  

ഏറെ ഇഷ്ടം ആ താരാട്ട് പാട്ട്...

ചിത്രത്തിലെ വാ വാ വോ എന്ന പാട്ടാണ് ഏറെ ഇഷ്ടം. നിത്യ മേനോന്‍ സൂര്യയുടെ 24 എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. അതും ഒരു താരാട്ട് പാട്ടായിരുന്നു. എ.ആര്‍ റഹ്മാനായിരുന്നു സംഗീതം. അതിലെ നിത്യയുടെ ശബ്ദം നമ്മുടെ ചിത്രത്തിലെ ഒരു താരാട്ട് പാട്ട് രീതിയിലുള്ള ഗാനത്തിന് ചേരുമെന്ന് തോന്നി. അങ്ങനെയാണ് നിത്യയിലേക്ക് എത്തുന്നത്. സാധാരണ താരാട്ട് പാട്ടുകളില്‍ നിന്ന് ഒരു പുതുമ കൊണ്ടുവരാന്‍ സാധിച്ചു എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ, സിനിമയില്‍ ഞാന്‍ ചെയ്ത പാട്ടുകളില്‍ ഏറെ ഇഷ്ടം ആ താരാട്ട് പാട്ടാണ്. 

സിനിമയിലേക്ക് എത്തുന്നത്...

ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹ്‌യ എന്റെ സുഹൃത്താണ് അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. 

സിനിമാ സംഗീതലോകത്തേക്ക്..

രണ്ട് വര്‍ഷം കര്‍ണാട്ടിക് മ്യൂസിക് പഠിച്ചു. ഒരു വര്‍ഷം ഗിറ്റാറ് പഠിക്കാന്‍ പോയി. ഡ്രംസ് ഒരു മൂന്ന് വര്‍ഷം പഠിച്ചു. ഇതാണ് സംഗീത പഠനം. പിന്നെ സ്‌കൂളിലെ ബാന്റ് ട്രൂപ്പിലൊക്കെ അഞ്ച് വര്‍ഷത്തോളം ഉണ്ടായിരുന്നു. ഞാനൊരു സിവില്‍ എഞ്ചിനീയറായിരുന്നു.

ബാംഗ്ലൂരില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കുറച്ചുനാള്‍ ജോലി എടുത്തു. പിന്നീട്, ചെന്നൈ ഒരു മ്യൂസിക് കമ്പനി തുടങ്ങി. പക്ഷെ അത് വിജയിച്ചില്ല. പിന്നെ ബാഗ്ലൂര്‍ക്ക് തന്നെ തിരിച്ച് വന്നു. അവിടെ വച്ച് ജിംഗിള്‍സ് ഒക്കെ ചെയ്യുമായിരുന്നു. പിന്നെ നമ്മുടെ ലേബലിനെ ഒന്ന് പുനരുജ്ജീവിപ്പിക്കാന്‍ ചേകവര്‍ എന്ന ചിത്രമടക്കം ചില മലയാള സിനിമകളുടെ ഓഡിയോ റൈറ്റ്‌സ് ഒക്കെ വാങ്ങിയിരുന്നു. ശേഷം എറണാകുളത്ത് സൗണ്ട് ഫാക്ടറി എന്ന് പേരില്‍ ഒരു സ്റ്റുഡിയോ തുടങ്ങി. അത് അത്യാവശ്യം കുഴപ്പമില്ലാതെ പോയി. ഗോപിസുന്ദര്‍, രാഹുല്‍ രാജ് അടക്കമുള്ള സംഗീത സംവിധായകര്‍ ഒക്കെ അവിടെ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഞാന്‍ രാഹുല്‍ രാജിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ നിന്ന് ഇപ്പോള്‍ ഇതാ സിനിമയ്ക്ക് വേണ്ടി പാട്ട് ഒരുക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നു. 

ഭാവി പ്രൊജക്​ടുകൾ...

ഒരു രണ്ട്​ പ്രൊജക്​ടുകൾ ചെയ്​തുകൊണ്ടിരിക്കുകയാണ്​​. അത്​ അനൗൺസ്​ ചെയ്യാൻ ആയിട്ടില്ല. ഉടന്‍ ഈ പ്രൊജക്​ടുകൾ അനൗൺസ്​ ചെയ്യാൻ സാധിക്കുമെന്നാണ്​ ​പ്രതീക്ഷ.

കുടുംബം..

ജോലി ഉപേക്ഷിച്ച സമയത്തടക്കം ഒാരോ കാര്യങ്ങള്‍ക്കും കുടുംബം നല്‍കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. മ്യൂസിക് കമ്പനി തുടങ്ങിയപ്പോഴും അത് അത്ര നന്നായി പോകാതിരിക്കുകയും നഷ്ടങ്ങള്‍ വന്നിട്ടുകൂടി അവര്‍ തന്ന സ്‌നേഹവും പിന്തുണയുമാണ് ഇപ്പോഴും എനിക്ക് ശക്തി തരുന്നത്. അച്ഛന്‍ തോമസ് ജോര്‍ജ്, കെ.എസ്.ഇ.ബിയില്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. അമ്മ ഫിലോമിന, വീട്ടമ്മയാണ്. ഒരു ചേച്ചിയുണ്ട്. ലിസ മേരി. ചേച്ചി ബാഗ്ലൂരില്‍ സെറ്റില്‍ഡാണ്. 

click me!