നഴ്‍സുമാരുടെ പ്രശ്‍നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു: മഹേഷ് നാരായണൻ
മലയാള സിനിമയ്‍ക്കു തന്നെ ഒരു ടേക്ക് ഓഫ് ആയിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ടേക്ക് ഓഫ്. തീയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ ചിത്രം ഗോവ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ജൂറി പുരസ്‍കാരവും ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയുടെ പുരസ്‍കാരവും നേടി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ടുഡെ വിഭാഗത്തിലും ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചു. ഇപ്പോഴിതാ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മഹേഷ് നാരായണന് ലഭിച്ചിരിക്കുന്നു. മികച്ച നടിക്കുള്ള പുരസ്‍കാരവും ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിക്ക് ലഭിച്ചു.
undefined
ഗോവ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മഹേഷ് നാരായണനുമായി നടത്തിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.
ഇറാഖിലെ രക്ഷപ്പെടലിന് അപ്പുറം യഥാര്‍ഥ നഴ്‍സുമാര്‍ അനുഭവിക്കുന്ന പ്രശ്‍നങ്ങള്‍ കൂടിയാണ് ടേക്ക് ഓഫ് പറയുന്നത്. അവരുടെ പ്രതികരണം എങ്ങനെയായിരുന്നു?
നാലഞ്ചു നേഴ്‍സുമാരുടെ അനുഭവങ്ങളില്‍ നിന്നുതന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അവര്‍ സിനിമയുടെ ഒപ്പം തന്നെ എപ്പോഴും ഉണ്ടായിരുന്നു. സിനിമ കണ്ടപ്പോള്‍ അവര്‍ക്ക് അത് അനുഭവിക്കാനായി എന്നാണ് പറഞ്ഞത്. സിനിമയ്‍ക്കു ശേഷവും അവര്‍ ഒപ്പമുണ്ട്.
നഴ്‍സുമാരുടെ പ്രശ്‍നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ സിനിമയ്‍ക്ക് കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ?
ഇപ്പോഴും നഴ്‍സുമാരുടെ പ്രശ്‍നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരുടെ ശമ്പള സ്‍കെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ നമ്മള്‍ സിനിമയെടുക്കുന്ന സമയത്ത് ഉണ്ടായിരുന്നു. ഇപ്പോഴാണ് അതില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങുന്നത്. അവരുടെ ശബ്‍ദം പുറത്തെത്തിക്കാന്‍ ടേക്ക് ഓഫ് കൊണ്ട് കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ഥ്യം ഉണ്ട്.
ദൈവത്തിന്റെ മാലാഖമാരെന്നൊക്കെ വിളിപ്പേരേയുള്ളൂ സര്‍, വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല എന്ന ഒരു സംഭാഷണമുണ്ട് സിനിമയില്‍?
അതെ, അത് സാധാരണയായി നഴ്‍സുമാര്‍ പറയാറുള്ള കാര്യമാണ്. ഇറാക്കിലെ ദുരിതത്തേക്കാള്‍ മോശമാണ് നഴ്‍സുമാരുടെ അവസ്ഥ. അവരുടെ വീടുകളിലെ അവസ്ഥ. നാല്‍പ്പത്തിയാറോളം പേര്‍ തിരിച്ചുവന്നവരില്‍ നിന്ന് പത്തോ പന്ത്രണ്ടോ പേര്‍ ഇറാക്കിലേക്ക് തന്നെ തിരിച്ചുപോകുകയുണ്ടായി. നഴ്‍സുമാരുടെ ഇന്നത്തെ അവസ്ഥയ്‍ക്ക് നമ്മുടെ നേഴ്‍സിംഗ് കോളേജുകള്‍ കൂടി ഉത്തരവാദികളാണ്. വിദ്യാഭ്യാസം മാത്രം എന്ന രീതിയില്‍ അല്ല അതു കാണേണ്ടത്. പണ്ട് അമേരിക്കയിലും ഓസ്‍ട്രേലിയയിലുമൊക്കെ നല്ല ജീവിതസാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനത്തെ അവസ്ഥ അല്ല.
ഒരു യഥാര്‍ഥ സംഭവത്തെ കുറിച്ച് സിനിമയെടുക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള കൃത്യമായ പഠനം ആവശ്യമാണല്ലോ? എങ്ങനെയായിരുന്നു ആ ഒരു ഘട്ടം?
തീര്‍ച്ചയായും ആവശ്യമായിരുന്നു. എന്റെ സഹ എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ തുടക്കം മുതലേ എനിക്ക് ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ഒരുപാട് മാധ്യമങ്ങള്‍ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ മാധ്യമങ്ങള്‍. വലിയ പ്രിപ്രൊഡക്ഷൻ തന്നെ ആവശ്യമായി വന്നിരുന്നു.
ഇറാഖില്‍ നടന്ന സംഭവമാണ് സിനിമയില്‍ പറയുന്നത്. അപ്പോള്‍ ആ സ്ഥലങ്ങള്‍ കാണിക്കുക എന്ന ഒരു വെല്ലുവിളിയുമുണ്ടല്ലോ?
ഇറാഖില്‍ ഷൂട്ട് ചെയ്‍തിരുന്നു. നജാഫ് എന്നു പറയുന്ന, അത്രപ്രശ്‍നം ഇല്ലാത്ത സ്ഥലത്ത് അഭിനേതാക്കളെ കൂടാതെ പോയി ഷൂട്ട് ചെയ്‍തിരുന്നു. ബാക്ഗ്രൗണ്ട് എടുത്തുവന്നിരുന്നു. കലാസംവിധായകനും ഛായാഗ്രാഹകനും ഒക്കെ ആ പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചു. വിവിഎക്സ് പിന്തുണയോടെയൊക്കെയാണ് ആ ഭാഗങ്ങള്‍ ചെയ്‍തത്.
ടേക്ക് ഓഫിനെ കുറിച്ച് പറയുമ്പോള്‍ അഭിനേതാക്കളുടെ കാര്യവും കൂടി എടുത്തുപറയേണ്ടതുണ്ട്?
അതെ. പ്രധാന കഥാപാത്രം അവതരിപ്പിച്ച പാര്‍വതി തുടക്കം മുതലേ ഉണ്ടായിരുന്നു. കഥ ആലോചിച്ചു തുടങ്ങുന്നത് രണ്ട് രണ്ടര വര്‍ഷം മുമ്പാണ്. അന്ന് മുതല്‍ ഒപ്പമുണ്ട് കുഞ്ചാക്കോ ബോബന്‍ എല്ലാത്തരം സിനിമകളും വഴങ്ങുന്ന ആളാണ്. വാണിജ്യ സിനമകളിലും മധ്യവര്‍ത്തി സിനിമകളിലും ഒരുപോലെ ചെയ്യാറുണ്ട്. വളരെ ഭംഗിയായി ത്തന്നെ ടേക്ക് ഓഫിലെയും വേഷം കൈകാര്യം ചെയ്യാനായി. ഫഹദിന്റെ കഥാപാത്രം കൃത്യമായ പാകത്തിലുള്ളതായിരുന്നു.. ആരും നായകന്‍, നായിക എന്നും നോക്കാതെ സിനിമയ്‍ക്ക്, കഥയ്‍ക്ക് ഒപ്പം നിന്നവരാണ്.