ശാന്തിഗീതമാണെനിക്ക് അയ്യന്‍..

By Prashobh Prasannan  |  First Published Dec 6, 2018, 7:52 PM IST

സമത്വത്തിന്‍റെ സങ്കല്‍പ്പമാണ് അയ്യന്‍. നീ തന്നെ ഞാനെന്നു പറഞ്ഞാല്‍ പിന്നെ ഒരാളെയും മാറ്റി നിര്‍ത്താനാവില്ല.. പാട്ടെഴുത്തുകാരന്‍ ബി കെ ഹരിനാരായണന്‍ സംസാരിക്കുന്നു.


ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും
ആര്യവേദസ്സല്ലിതയ്യൻ..
തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ -
സ്പന്ദനമാണെനിക്കയ്യൻ..

കഴിഞ്ഞദിവസം പുറത്തിറങ്ങിയ 'അയ്യന്‍' എന്ന ആല്‍ബത്തിലെ വരികളാണിത്. പാട്ടു കേട്ട് ചിലര്‍ ഇങ്ങനെ കുറിച്ചു: 'ഇതാണെന്‍റെ അയ്യന്‍. സാധിക്കുമെങ്കില്‍ ശബരിമലയിലെ ഉണര്‍ത്തുപാട്ടാക്കണമിത്. എന്നാല്‍ ചിലര്‍ എതിര്‍ത്തു. ഋതുമതിയെ ആചാരത്തിന്‍റെ പൊരുളറിയിച്ച് ഏകത്വമോതുന്ന നൈഷ്ഠിക ചേതസ്സാണ് അയ്യന്‍ എന്നാണ് ഒരാള്‍ വിയോജനക്കുറിപ്പെഴുതിയത്. പക്ഷേ അങ്ങനെയുള്ള അയ്യന് എങ്ങനെ ഏകത്വം ഓതാൻ കഴിയും എന്നു ചോദിച്ച് വൈരുദ്ധ്യം ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ ഈ വാദത്തെ നേരിട്ടു. അതോടെ വിയോജനക്കുറിപ്പുകാരന്‍റെ ഉത്തരംമുട്ടി. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും പാട്ടെഴുത്തുകാരന്‍ ബി കെ ഹരിനാരായണന് ഒന്നേ പറയാനുള്ളൂ, ഈ പലമകളൊക്കെ കലരുന്ന സമതയുടെ നല്ലൊരു നാളെ പുലരുമെന്ന്.

Latest Videos

അയ്യനെഴുതാനായതില്‍ ഏറെ സന്തോഷവാനാണ് മലയാളത്തിലെ പുതുതലമുറ സിനിമാപ്പാട്ടെഴുത്തുകാരില്‍ മുമ്പനായ ഹരിനാരായണന്‍. പാട്ടെഴുത്തെന്ന കലയിലൂടെ തന്നെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തില്‍ പ്രതികരിക്കാന്‍ കിട്ടിയ അപൂര്‍വ്വ അവസരമെന്നാണ് അയ്യനെപ്പറ്റി ഹരിനാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. സിനിമാപ്പാട്ടെഴുത്ത് ഒരു തൊഴിലായി സ്വീകരിച്ചവര്‍ക്ക് പല രീതിയിലും എഴുതേണ്ടി വരും. എന്നാല്‍ നമ്മുടെ മാത്രം ഉള്ളിലെ ആശയമാണ് അയ്യന്‍. നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞ അയ്യന്‍ എന്ന വിശാലമായ സങ്കല്‍പ്പത്തെക്കുറിച്ചാണ് എഴുതിയത്. സിനിമകള്‍ക്കു വേണ്ടി എഴുതുന്ന പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ സന്തോഷം തോന്നും. എന്നാല്‍ അയ്യന്‍ വേറിട്ടൊരു സന്തോഷമാണ്. മാനവികതയുടെ രാഷ്ട്രീയം പറയുന്ന ഒരു ശാന്തിഗീതം എഴുതാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷം. ഓലഞ്ഞാലിക്കുരുവി എഴുതി മലയാളികളുടെ നെഞ്ചില്‍ പാട്ടെഴുത്തിന്‍റെ സ്വന്തം കൂടുവച്ച ഹരി പറയുന്നു.

അയ്യന്‍റെ പിറവി പെട്ടെന്നായിരുന്നു. പാട്ടെഴുത്തും ഈണമിടലും ഷൂട്ടിംഗുമൊക്കെ ഒരാഴ്ചയ്ക്കുള്ളില്‍ കഴിഞ്ഞു. ബിജിബാലുമായി ഒരുപാടുകാലത്തെ സൗഹൃദമുണ്ട്.  പാട്ടുകള്‍ക്കു വേണ്ടിയും അല്ലാതെയുമൊക്കെ ഞങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ട്. പലകാര്യങ്ങളിലും ഒരേ നിലപാടുകളാണ്. ശബരിമല വിഷയമൊക്കെ ഒരുപാട് സംസാരിച്ചിരുന്നു. ഒരു സിനിമാ ചര്‍ച്ചക്ക് ശേഷം ഒരു ദിവസം രാത്രിയില്‍ അദ്ദേഹം വിളിച്ചു. ഭക്തര്‍ക്കും വിഭക്തര്‍ക്കും വേണ്ടിയുള്ള ഒരുപാട്ടെഴുതാമോ എന്നായിരുന്നു ചോദ്യം. മനസില്‍ ആശയം ഉണ്ടായിരുന്നു.  അതിനാല്‍ ഇങ്ങനൊരു ഓഫറു വരുമ്പോള്‍ കൈകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.  

ഈശ്വരന്‍, വിശ്വാസം, ഭക്തി ഇതൊന്നും ആരുടെയും സ്വകാര്യ സ്വത്തല്ല. അയ്യന്‍ എന്നാല്‍ സമത്വം, സമത എന്നൊക്കെയാണ് ഞാന്‍ കരുതുന്നത്.  സ്നേഹത്തിന്‍റെയൊരു ചേര്‍ത്തുപിടിക്കലാണത്. സ്‍ത്രീ, പുരുഷന്‍ എന്നീ ലിംഗങ്ങള്‍ക്കൊപ്പം ട്രാന്‍സ്‍ജെന്‍ഡറുകളെയും നമ്മള്‍ അഡ്രസ് ചെയ്യേണ്ട കാലമാണ്. അയ്യന്‍ എന്ന സങ്കല്‍പ്പത്തിന് പ്രസക്തി ഏറുന്ന കാലമാണെന്ന് ചുരുക്കം. കാരണം സമത്വത്തിന്‍റെ സങ്കല്‍പ്പമാണ് അയ്യന്‍. നീ തന്നെ ഞാനെന്നു പറഞ്ഞാല്‍ പിന്നെ ഒരാളെയും മാറ്റി നിര്‍ത്താനാവില്ല. സ്ത്രീയും പുരുഷനും ട്രാന്‍സ്‍ജെന്‍ഡേഴ്‍സും മാത്രമല്ല കാടും പുഴയും സര്‍വ്വചരാചരങ്ങളമൊക്കെ അതിലടങ്ങിയിട്ടുണ്ട്. ഇതാരും പറയുന്നതല്ല, അത് അയ്യന്‍ എന്ന കണ്‍സെപ്റ്റിലുള്ളതാണ്.  അതാണ് തത്വമസി. ഈ സമത്വം ഉദ്ഘോഷിക്കുന്ന ഒരു ശാന്തിഗീതം, അതായിരുന്നു മനസില്‍. രാത്രിയില്‍ ബിജിബാല്‍ പറഞ്ഞയുടനെ തന്നെ ഇരുന്നെഴുതി നല്‍കി. പിറ്റേദിവസം വൈകിട്ടത്തേക്ക് അദ്ദേഹം ഈണമിട്ടത് പാടിക്കേള്‍പ്പിച്ചു. 

എന്തും ചരിത്രത്തോടു കൂടി ചേര്‍ത്തു വായിക്കുക എന്നത് പ്രധാനമാണ്. ചരിത്രത്തെ ഒരിക്കലും  നിഷേധിക്കാനാവില്ല. അതുകൊണ്ടു തന്നെയാണ് 'ആദി മലയൻ തൻ തപസ്സാൽ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യൻ' എന്നെഴുതിയത്. അവരുടേതൊക്കെയായിരുന്നു അയ്യന്‍. കാടിന്‍റെതായിരുന്നു അയ്യന്‍. ആ പേരില്‍ തന്നെ ദ്രവിഡീയത ഉണ്ട്. ചരിത്രത്തെ കുറച്ചുകാലത്തേക്ക് മൂടി വയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എല്ലാക്കാലത്തേക്കും പറ്റില്ല.

ആര്യന്‍, ദ്രാവിഡന്‍ എന്നതിനെയൊക്കെ വീണ്ടും വലിച്ചു കൊണ്ടുവരുന്നു എന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. എന്നാല്‍ അതൊക്കെ ഇവിടെത്തന്നെയുണ്ടെന്നതാണ് സത്യം. 

പാശ്വവല്‍കൃതമായ സംഗീത സംരംഭങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ 'ബോധി' നിരന്തരം ശ്രമിക്കുന്നുണ്ട്. നിശബ്ദമാണെങ്കിലും ശബ്ദമുണ്ടാക്കുന്ന ഒരു സ്പേസ് ബോധിക്കുണ്ട്. ഒരു പെര്‍ഫോമന്‍സ് എന്ന രീതിയിലല്ല ബിജിബാലും താനും പാടി അഭിനയിച്ചത്. ഞങ്ങളുടെ ഉള്ളിലുള്ള ആശയം പ്രൊജക്ട് ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു അത്. ചില വരികള്‍ ബിജിബാലിനൊപ്പം പാടിയിട്ടുമുണ്ട്. താനൊരു പാട്ടുകാരനല്ല. വരികളുടെ ജൈവികതയ്ക്കു വേണ്ടി അങ്ങനെ ചെയ്യണമെന്ന് പറഞ്ഞത് ബിജിബാലാണ്. എഴുത്തുകാരന്‍റെ ഉള്ളിലെ ആശയം അതിന്‍റെ ശക്തിയില്‍ പകരാന്‍ ഇതുകൊണ്ട് കഴിയുമെന്നാണ് വിശ്വാസം. മനുഷ്യന്‍റെ ഹൃദയത്തുടിയുടെ താളമാണ് അയ്യന്‍റേത്. അതാണ് ഉടുക്കിന്‍റെ ശബ‍്‍ദം. പാട്ടിലുടനീളം വേറൊരു ഘോഷവുമില്ല. ശ്രദ്ധിച്ചാല്‍ മനസിലാകും സ്ട്രിംഗ് ഇന്‍സ്ട്രുമെന്‍റ്സൊന്നും അയ്യനില്‍ ഉപയോഗിച്ചിട്ടില്ല. തപ്പും തുടിയുമൊക്കെപ്പോലെയുള്ള റിഥം ഇന്‍സ്ട്രുമെന്‍റുകളാണ് കേരളത്തിന്‍റെ പാരമ്പര്യമെന്നതിനാലാവാം ബിജി ബാല്‍ അങ്ങനെ ചെയ്‍തത്.  കാടാണ് പശ്ചാത്തലം. അതിരപ്പള്ളിയോടടുത്തായിരുന്നു ലൊക്കേഷന്‍.

ആരെയും വേദനിപ്പിക്കാനുള്ളതല്ല ഈ സൃഷ്‍ടി. ഭക്തിക്കും വിശ്വാസത്തിനുമൊന്നും എതിരല്ല അയ്യന്‍. എന്നാല്‍ ഇതിനൊക്കെ അപ്പുറവും പലതുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണത്. ഒരിക്കലും ചരിത്രത്തെ നിഷേധിച്ച് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന ഓര്‍മ്മപ്പെടുത്തലാണത്. മാസങ്ങള്‍ക്കു മുമ്പ് പമ്പ കരഞ്ഞു വിളിച്ചൊലിച്ച ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ നമ്മളത് മറന്നു. എന്നാല്‍ അതുമൊരു ചരിത്രമാണ്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരു പ്രതിരോധം ആവശ്യമാണെന്ന ബോധത്തിന്മേലാണ് അയ്യനെഴുതിയത്. ഭക്തി, വിഭക്തി, വിശ്വാസം, ചരിത്രം, വിപ്ലവം, ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ശാന്തിഗീതമാണിത്.  ഒരിക്കലും ഇതാരെയും ഛിന്നഭിന്നമാക്കാനുള്ളതല്ല, ചേര്‍ത്തുപിടക്കാനുള്ളതാണ്. സ്നേഹത്തിന്‍റെ ഭാഷ മാത്രമാണതില്‍. അയ്യനെ മനസുകൊണ്ട് ജനം ഏറ്റെടുത്തതില്‍ സന്തോഷം മാത്രം. സംഗീതത്തിന്‍റെ ശക്തിയാണത്. ഭിന്നസ്വരമുള്ളവരുമുണ്ട്. അങ്ങനെയുണ്ടാവണം. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ സ്വരങ്ങള്‍ വരുന്നുണ്ട്. എതിര്‍ ശബ്ദങ്ങളെയും ബഹുമാനത്തോടെ കാണുന്നു.

നാളെ അവരെക്കൂടി ചേര്‍ത്തു പിടിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പാട്ട്.  ഈ പലമകളൊക്കെ തമ്മില്‍ കലര്‍ന്നുകൊണ്ട് നല്ലൊരു നാളെ വരും.

2018 ല്‍ സിനിമകള്‍ക്കായി നിരവധി പാട്ടുകളെഴുതി. എണ്ണം നോക്കിയിട്ടില്ല. ജന്മം നല്‍കിയവര്‍ക്ക് കുട്ടികളോടെന്ന പോലെ എഴുതിയ എല്ലാ പാട്ടുകളോടും ഒരുപോലെ ഇഷ്‍ടമാണ്. ഈ വര്‍ഷത്തെ മറ്റെഴുത്തുകാരുടെ പാട്ടുകളില്‍ ആമിയിലെ 'നിര്‍മാതളപ്പൂവിനുള്ളില്‍' (റഫീഖ് അഹമ്മദ്), പൂമരത്തിലെ 'ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍' ( അജീഷ് ദാസന്‍), തീവണ്ടിയിലെ തീപ്പെട്ടിക്കും വേണ്ട (മനു മഞ്ജിത്ത്)  തുടങ്ങി ഒരുപാടു പാട്ടുകള്‍ ഹൃദയത്തിലുണ്ട്. പ്രണയം വാരിക്കോരിത്തന്ന ശ്രീകുമാരന്‍ തമ്പിയെയും ഭ്രമാത്മകതയിലാറാടിച്ച വയലാറിനെയും പാട്ടെഴുത്തില്‍ ശില്‍പ്പചാതുരിയുടെ വഴി കാണിച്ച ഓഎന്‍വിയെയുമൊക്കെ ആരാധിക്കുമ്പോഴും പി ഭാസ്‍കരനോട് കൂടുതലിഷ്‍ടം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹരിനാരായണന്‍ പറയുന്നു.

 

click me!