അത് ഞാനെന്റെ പ്രേക്ഷകരോട് പറഞ്ഞതാണ്. എന്നെ കാണുന്ന, കേൾക്കുന്ന ജനങ്ങളോട്. അവരെന്നെ തിരസ്കരിച്ചിരുന്നെങ്കിൽ എനിക്ക് വളരാൻ സാധിക്കുമായിരുന്നോ?
സുരേന്ദ്രൻ എന്ന പേര് കേട്ടാൽ ആർക്കും മനസ്സിലായെന്ന് വരില്ല. എന്നാൽ ഇന്ദ്രൻസ് എന്ന ഒറ്റപ്പേരിൽ നമുക്ക് ആളെ മനസ്സിലാകും. മലയാളിയുടെ മനസ്സിൽ ചിരിപ്പൂരമൊരുക്കിയ ഈ നടനാണ് ഇത്തവണത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിരിക്കുന്നത്. ''എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം'' എന്നൊരൊറ്റ വാചകം കൊണ്ട് മലയാളി മനസ്സിൽ ഈ നടനോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ കലാകാരൻ. സംസ്ഥാന അവാർഡിന്റെ നിറവിൽ ഇന്ദ്രൻസ് ഏഷ്യാനെറ്റ് ഓൺലൈന് അനുവദിച്ച അഭിമുഖം
undefined
പ്രതീക്ഷിക്കാതെ കിട്ടിയ സംസ്ഥാന അവാർഡ്
അതെങ്ങനെ ലഭിച്ചു എന്നൊന്നും പറയാൻ എനിക്കറിയില്ല. അതങ്ങനെ സംഭവിച്ചതാണ്. വർഷങ്ങളായി ചെയ്തുവരുന്ന കഥാപാത്രങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്തത അനുഭവപ്പെട്ട കഥാപാത്രമായിരുന്നു ആളൊരുക്കത്തിലെ പപ്പു പിഷാരടി. കുറെ സിനിമകളുടെ കൂട്ടത്തിൽ എന്‍റെ സിനിമയും അതിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് അവാർഡിലേക്കെത്തിയത്. അവാർഡിനെക്കുറിച്ച് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ. അങ്ങനെ സംഭവിച്ചപ്പോൾ വല്ലാത്തൊരു സന്തോഷവും ആത്മവിശ്വാസവും ഒക്കെ തോന്നി. അഭിനയിക്കുന്ന സമയത്ത് അവാർഡിന്‍റെ പരിഗണനയിൽ വരാൻ സാധ്യതയുള്ള സിനിമയാണെന്ന് തോന്നിയിരുന്നു. പക്ഷേ എന്‍റെ കഥാപാത്രത്തിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്‍റെ കഥാപാത്രത്തിന് മുകളിൽ പെർഫോം ചെയ്ത എത്ര പേരുണ്ടാകുമെന്ന് അറിയില്ലല്ലോ.
എന്നെക്കുറിച്ച് ലാൽ സാർ പറഞ്ഞത്
സിനിമയിൽ കാണുന്ന ആള് തന്നെയാണ് ലാൽസാർ. എപ്പോഴും ജനത്തിനൊപ്പം തന്നെയാണ് അദ്ദേഹം. എന്നോട് വളരെ അടുപ്പവും സ്നേഹവുമുള്ള ആളാണ്. എന്നെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്‍റെ മനസിന്‍റെ നന്മയും വലിപ്പവുമാണ്. ഈ വർഷത്തെ മികച്ച നടൻ ഞാനാണ്. അടുത്തവർഷം മറ്റൊരാളായിരിക്കും മികച്ച നടൻ. ഒരു നടൻ എത്ര പരിശ്രമിച്ചിച്ചിട്ടും കാര്യമില്ല. ഒരു സിനിമയുടെ ആകെത്തുകയാണ് അംഗീകാരത്തിന് പരിഗണിക്കുന്നതിന്‍റെ മാനദണ്ഡം.
ജൂറിയുടെ മുന്നിലെത്തുന്നത് എല്ലാ അർത്ഥത്തിലും യോഗ്യതയുള്ള സിനിമകളാണ്. അങ്ങനെ എത്തിപ്പെടുന്ന കഥാപാത്രങ്ങളും സിനിമകളും എത്രയെണ്ണമുണ്ട്? എനിക്ക് കിട്ടിയ കഥാപാത്രം അംഗീകരിക്കപ്പെട്ടെങ്കിൽ ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും അധ്വാനത്തിന്‍റെ ഫലമാണ്.
അദ്ദേഹത്തിന് കിട്ടിയ കഥാപാത്രങ്ങൾ എനിക്ക് കിട്ടുമോ? അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചേക്കും. പക്ഷേ അതേപോലെ തെളിഞ്ഞു വരില്ലല്ലോ. ഞാൻ ചെയ്യുന്ന ചെറിയ കഥാപാത്രങ്ങൾ അദ്ദേഹത്തിനും കഴിഞ്ഞന്ന് വരില്ല. അതൊരു തിരിച്ചറിവാണ്. ഒരു കലാകാരനുണ്ടായിരിക്കേണ്ട ആ തിരിച്ചറിവിന്‍റെ വെളിച്ചത്തിലാണ് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്‍റെ മനസിന്‍റെ വലുപ്പമാണ് ആ വാക്കുകളിലുണ്ടായിരുന്നത്.
എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം
അത് ഞാനെന്റെ പ്രേക്ഷകരോട് പറഞ്ഞതാണ്. എന്നെ കാണുന്ന, കേൾക്കുന്ന ജനങ്ങളോട്. സിനിമ ആസ്വദിക്കുന്നവരോട് പറഞ്ഞതാണ്. അവരെന്നെ തിരസ്കരിച്ചിരുന്നെങ്കിൽ എനിക്ക് വളരാൻ സാധിക്കുമായിരുന്നോ? കലാകാരന്മാരെ വളർത്തുന്നത് പ്രേക്ഷകരാണ്. എന്‍റെ ഒരു സിനിമ കണ്ട്, എന്നെ അവർ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് എനിക്ക് അടുത്ത സിനിമ ലഭിക്കുന്നത്. എനിക്ക് സമൂഹത്തോട്, എന്‍റെ പ്രേക്ഷകരോട് ഉത്തരവാദിത്വമുണ്ട്. അവരോട് ഞാൻ നന്ദി പറഞ്ഞ വാക്കുകളാണത്. ഇത്രയും മഹാനായ നടൻമാർക്കൊപ്പം അവർ എന്നെയും ചേർത്തു നിർത്തിയില്ലേ. അതൊരു മഹാമനസ്കതയാണ്.
ചിരിച്ച മുഖം കാണാനാണ് ഇഷ്ടം
ഡാകിനി എന്ന ചിത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല രസമുളള സിനിമയാണത്. ഒരുപാട് ചിത്രങ്ങളുണ്ട് ഇപ്പോൾ. സായാഹ്നവാർത്തകൾ, ആനക്കളളൻ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്. മിക്കവയും ഹ്യൂമർ ടച്ചുളള കഥാപാത്രങ്ങളാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടുമ്പോൾ കൂടുതൽ സന്തോഷം തോന്നും. സെലക്ടീവ് ആയി അഭിനയിക്കാനൊന്നും എനിക്ക് പറ്റില്ല. അത് ഒരുപാട് സംവിധായകരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് പോലെയായിപ്പോകും.
എനിക്ക് വരുന്ന കഥാപാത്രങ്ങളൊക്കെ സാധിക്കുന്ന വിധത്തിൽ ഏറ്റവും മികച്ചതായി ചെയ്യും. ആളൊരുക്കത്തിലെ കഥാപാത്രം എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചതിന് ശേഷം ദാരിദ്ര്യത്തിലേക്ക് പോകുന്ന വ്യക്തിയാണ്. എന്നാൽ കഷ്ടപ്പാട് മാത്രമുള്ള കഥാപാത്രങ്ങൾ വരുമ്പോൾ സങ്കടം തോന്നും. ചിരിച്ച മുഖം കാണാനും ചിരിക്കാനും ചിരിപ്പിക്കാനുമൊക്കെയാണ് എനിക്ക് ഇഷ്ടം.
വിവാദങ്ങളെക്കുറിച്ച്
വിവാദങ്ങളൊക്കെ വിഷമിപ്പിക്കുന്നതാണ്. പുരസ്കാരദാനച്ചടങ്ങിനെക്കുറിച്ചുള്ള വിവാദങ്ങൾ സങ്കടപ്പെടുത്തിയിരുന്നു. എന്നാൽ അവസാന നിമിഷം എല്ലാം സന്തോഷത്തോടെ അവസാനിച്ചപ്പോൾ എന്‍റെ ആധിയും മാറി. ചടങ്ങുകളൊക്കെ ഭംഗിയായി അവസാനിച്ചതിന്‍റെ സന്തോഷമുണ്ട്. ഫാന്‍സുകാരെപ്പറ്റി നടത്തിയ അഭിപ്രായം വാർത്തയായി വിവാദമായപ്പോൾ എനിക്ക് ഇതേ ആധി തോന്നിയിരുന്നു. ഫാൻസുകാരോടൊപ്പം വരുന്ന ഗുണ്ടകളെയാണ് ഞാനുദ്ദേശിച്ചത്. സിനിമയെ കൂവിത്തോൽപിക്കുന്നതും തിയേറ്ററുകൾ നശിപ്പിക്കുന്നതും യഥാർത്ഥ ഫാൻസുകാർക്ക് ദോഷമായിത്തീരും. ഞാനതാണ് ഉദ്ദേശിച്ചത്. പക്ഷേ വാർത്ത വന്നപ്പോൾ വിവാദവും ചർച്ചയുമായി.
ഓണവിശേഷങ്ങൾ
ഇഷ്ടം പോലെ പടങ്ങളുണ്ട്. ചെയ്തുകൊണ്ടിരുന്ന വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. അതിന്‍റെ ബാക്കിഭാഗം ചിത്രീകരിക്കുന്നത് മണാലിയിലാണ്. അതിനിടയിൽ ഒന്നോ രണ്ടോ ദിവസം വീട്ടിലെത്താൻ സാധിക്കുമായിരിക്കും. തിരുവോണത്തിന് എത്തുമോ എന്നകാര്യം തീർച്ചയില്ല.
പിന്നെ വലിയൊരു കുടുംബത്തോടൊപ്പമാണ് പോകുന്നത്. അവിടെ അവർക്കൊപ്പം ഓണം ആഘോഷിക്കും. ആഘോഷങ്ങളിൽ മിക്കപ്പോഴും ഷൂട്ടിംഗ് സൈറ്റിലായിരിക്കും. വീട്ടുകാർക്ക് അത് ശീലമായി. അതുകൊണ്ട് പ്രശ്നമില്ല. എവിടെപ്പോയാലും കൂടെയുളളവർക്കൊപ്പം ആഘോഷിക്കും, അതാണ് പതിവ്.