അങ്ങനെയാണ് ധ്രുവങ്കള്‍ 16 ഉണ്ടായത്!

By Honey R K  |  First Published Mar 8, 2017, 7:03 AM IST

സോഷ്യല്‍ മീഡിയ അടുത്തിടെ ആഘോഷിച്ച തമിഴ് സിനിമയാണ് ധ്രുവങ്കള്‍ 16. കയ്യടക്കമുള്ള ആ സസ്പന്‍സ് ത്രില്ലര്‍ ഒരുക്കിയത് ഇരുപത്തിയൊന്നുകാരനായ കാര്‍ത്തിക് നരേന്‍ ആണ്. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ധ്രുവങ്കള്‍ 16 കേരളത്തില്‍ റിലീസ് ചെയ്യുകയാണ്. ധ്രുവങ്കള്‍ 16ന്റെ വിശേഷങ്ങളും സിനിമാ സങ്കല്‍പ്പങ്ങളും കാര്‍ത്തിക് നരേന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

Latest Videos

undefined


ഇരുപത്തിയൊന്നു വയസ്സേ ഉള്ളൂ. അതിനിടെ, ഇതുപോലൊരു സിനിമയും. കാര്‍ത്തിക് നരേന്‍ എങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്?

എഞ്ചിനീയറിംഗ് കോളേജില്‍ ആയിരുന്നപ്പോള്‍ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ എന്തുചെയ്യണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു സാധാരണ ചെറുപ്പക്കാരനെ പോലെതന്നെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടൊന്നും ഉണ്ടായിരുന്നില്ല. സിനിമ എടുക്കുന്നത് രസകരവും സംതൃപ്തി നല്‍കുന്നതുമാണെന്ന് ആദ്യത്തെ ഷോര്‍ട് ഫിലിം ചെയ്തപ്പോഴാണ് മനസ്സിലായത്. വളരെ കുറച്ചു ജോലികള്‍ മാത്രമേ അത്തരത്തിനുള്ള ഒരു സംതൃപ്തി നല്‍കൂ. സിനിമ എനിക്ക് അങ്ങനെയുള്ള സംതൃപ്തി തന്നു.

ചെറുപ്പത്തിലേ സിനിമയില്‍ താല്‍പര്യം ഉണ്ടായിരുന്നു. പക്ഷേ അത് പ്രൊഫഷനായി എങ്ങനെ  എടുക്കണമെന്ന് ബോധ്യമുണ്ടായിരുന്നില്ല. ചെന്നൈക്ക് പുറത്തായിരുന്നപ്പോള്‍,  കോയമ്പത്തൂരുണ്ടായിരുന്നപ്പോള്‍ സിനിമ എന്നത് ഒരു മായികാവലയമായിരുന്നു. അതുകൊണ്ട് സിനിമ ഒരു കരിയറായി തെരഞ്ഞെടുക്കുന്നതില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.

അഞ്ച് ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ട്. എല്ലാം യൂട്യൂബില്‍ ലഭ്യമാണ്. കുറച്ചു അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. പക്ഷേ അവാര്‍ഡിനല്ല ഞാന്‍ ഷോര്‍ട് ഫിലിം ചെയ്തത്. അത് യൂട്യൂബില്‍ വരുമ്പോള്‍ വിമര്‍ശനങ്ങളും പ്രശംസയുമൊക്കെ കിട്ടും. അത് സംവിധായകനെന്ന നിലയില്‍ സ്വയം നവീകരിക്കാന്‍ സഹായിക്കും.  എന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമ എന്ന നിലയിലാണ് ആദ്യ ഷോര്‍ട് ഫിലിമിനെയും ഞാന്‍ സമീപിച്ചത്.

പഠനകാലയളവില്‍ തന്നെ സിനിമയിലേക്ക് പോയപ്പോള്‍ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായില്ലേ?

ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആണ് പഠിച്ചത്. പക്ഷേ പൂര്‍ത്തിയാക്കിയില്ല. മൂന്നാമത്തെ വര്‍ഷം നിര്‍ത്തി. സിനിമാ മോഹത്തെ കുറിച്ച് എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും പറഞ്ഞില്ല. ചിലപ്പോള്‍ അതൊരു വിരോധഭാസമായിരിക്കും. പഠനം നിര്‍ത്തിയ സമയത്ത് ആണ് ഒരു സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ അവസരം കിട്ടുന്നത്. പക്ഷേ രണ്ടു ഷെഡ്യൂളില്‍ മാത്രമേ വര്‍ക്ക് ചെയ്യാന്‍ പറ്റിയുള്ളൂ.

സിനിമയില്‍ എപ്പോഴും അവസരം വരില്ല. അവസരം വരുമ്പോള്‍ അത് ഉപയോഗിക്കണമെന്നു ഞാന്‍ അച്ഛനോടും അമ്മയോടും പറയാറുണ്ട്. അപ്പോള്‍ എനിക്ക് ഇതാണ് നല്ല സമയം. ചെന്നൈയിലേക്ക് പോകാനും സിനിമയിലേക്ക് എത്താനുമെന്നും പറഞ്ഞു. അച്ഛന്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഒരു തീരുമാനം എടുക്കുമ്പോള്‍ രണ്ടുവട്ടം ചിന്തിക്കാന്‍ മാത്രമാണ് പറഞ്ഞത്. സ്വാഭാവികമായും മക്കളുടെ ഭാവിയെ കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമല്ലോ. അത് അവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചുവെന്ന് പറഞ്ഞു. അങ്ങനെയാണ് ചെന്നൈയിലേക്ക് പോകുന്നത്.

ആദ്യ സിനിമ തന്നെ ത്രില്ലര്‍. സാധാരണ ഒരു തുടക്കക്കാരന്‍ സമീപിക്കാത്ത ജോണര്‍. പ്രമേയത്തില്‍ അത്രത്തോളം വിശ്വാസം ഉണ്ടായിരുന്നോ?

ഇത് ബുദ്ധിമുട്ടുള്ള ജോണര്‍  തന്നെയാണ്. പ്രേക്ഷകന് അടുത്ത സീനിനെ കുറിച്ച് പ്രവചിക്കാന്‍ പറ്റുന്ന നിമിഷത്തില്‍ അല്ലെങ്കില്‍ സസ്‌പെന്‍സ് മനസ്സിലായാല്‍ സിനിമ പൊളിഞ്ഞു. പക്ഷേ എനിക്ക് ത്രില്ലര്‍ സിനിമയെ കുറിച്ച് ധാരണയുണ്ടായിരുന്നു. അതിന്റെ വെല്ലുവിളിയെ കുറിച്ച് ബോധ്യവുമുണ്ടായിരുന്നു. പക്ഷേ, സിനിമാ ആരാധകന്‍ എന്ന നിലയില്‍ ഇതാണ് ഇഷ്ടപ്പെട്ട ജോണര്‍. ഹിച്ച് ഹോക്കിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഡേവിഡ് ഫിഞ്ചറിന്റെ ആരാധകനാണ്. ത്രില്ലര്‍ സിനിമകളോട് പ്രത്യേക താല്‍പര്യവുമുണ്ട്.

ഞാന്‍ തീയറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്നതായിരിക്കണം എന്റെ ആദ്യത്തെ സിനിമ എന്നു തീരുമാനിച്ചിരുന്നു. ഒരാള്‍ എത്ര സിനിമ ചെയ്യുന്നുവെന്നോ എത്രകാലം കരിയര്‍ ഉണ്ടെന്നതോ അല്ല ആദ്യത്തെ സിനിമയായിരിക്കും അയാളെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് എന്റെ ആദ്യ സിനിമയില്‍ എന്റെ സിഗ്‌നേച്ചര്‍ ഉണ്ടായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യം തന്നെ ത്രില്ലര്‍ സിനിമയെടുത്തത്.

ധ്രുവങ്കള്‍ 16ന്റെ പ്രമേയം എങ്ങനെയാണ് രൂപപ്പെടുന്നത്?

ഞാന്‍ അറിഞ്ഞ കുറച്ചു സംഭവങ്ങളെയും കണ്ടുമുട്ടിയ ചില മനുഷ്യരെയും വെച്ചാണ് ധ്രുവങ്ങള്‍ 16 രൂപപ്പെടുത്തുന്നത്. മിക്ക സംവിധായകരുടെയും കാര്യം ഒരുപോലെയാണ്. കുറേ സിനിമകള്‍ കാണും, പുസ്തകങ്ങള്‍ വായിക്കും. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് വായന വളരെ കുറവാണ്. വായിച്ചുതുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ ഒരുപാട് ആള്‍ക്കാരെ കാണാറുണ്ട്. അവരുമായി സംസാരിക്കാറുണ്ട്, നിരീക്ഷിക്കാറുണ്ട്. 100 ആളുകളെ മനസ്സിലാക്കുന്നത് 1000 പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ വലുതാണ്.

നായകനായി റഹ്മാനെ തന്നെയാണോ മനസ്സില്‍ കണ്ടത്?

സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ആരും മനസ്സില്‍ ഉണ്ടായിരുന്നില്ല. നടനെ മുന്നില്‍ കണ്ട് സ്‌ക്രിപ്റ്റ് എഴുതുന്നത് ഒരു എഴുത്തുകാരന് ആരോഗ്യകരമായ കാര്യമല്ല. നമ്മുടെ മനസ്സിലേക്ക് ഒരു നടന്‍ വന്നാല്‍ നമ്മള്‍ അതിന് അനുസരിച്ച് സ്‌ക്രിപ്റ്റ് മാറ്റാന്‍ തുടങ്ങും. എനിക്ക് അതില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ആദ്യം കഥാപാത്രം രൂപംകൊള്ളട്ടേ. കാസ്റ്റിംഗ് തലത്തിലേക്ക് വരുമ്പോള്‍ അത് നോക്കാം എന്നായിരുന്നു എന്റെ സമീപനം.  

ഇതിലെ നായകന്‍ 50 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ആണ്. ഇങ്ങനെ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറുള്ള ഒരുപാട് നായകന്‍മാര്‍ നമുക്കില്ല. എല്ലാവര്‍ക്കും അവരെ യുവാവായി കാണാനാണ് താല്‍പര്യം. പ്രായമായി സ്‌ക്രീനില്‍ കാണാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ല. ടെക്‌നിക്കല്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തപ്പോള്‍ വന്ന പേരാണ് റഹ്മാന്‍ സാറിന്റേത്. വളരെ അനുയോജ്യനായിരിക്കും അദ്ദേഹം എന്ന് എനിക്കും തോന്നി. മാത്രവുമല്ല അദ്ദേഹം പരീക്ഷണങ്ങള്‍ക്കു മുതിരുന്ന ആളും കൂടിയാണ്. വളരെ  കുറച്ചു നടന്മാര്‍ക്കു മാത്രമേ അണ്ടര്‍ പ്ലേ ആക്ടിംഗ് ചെയ്യാന്‍ പറ്റൂ. അത് റഹ്മാന്‍ സാറിന്  എളുപ്പത്തില്‍ ചെയ്യാന്‍ പറ്റും. ഇമോഷന്‍ അവതരിപ്പിക്കകയല്ല എന്റെ സിനിമയില്‍ വേണ്ടിയിരുന്നത്. 
അരവിന്ദ് സ്വാമിയെ പരിഗണിച്ചിരുന്നില്ലേ?

കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ അരവിന്ദ് സ്വാമി ഉണ്ടായിരുന്നു. അതാണ് വാര്‍ത്തകളില്‍ വന്നത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. റഹ്മാന്‍ സാറിന്റെ പേര് നിര്‍ദ്ദേശമായി വന്നപ്പോള്‍ അതു മതി എന്നു ഉറപ്പിക്കുകയായിരുന്നു.

കഥ പറഞ്ഞപ്പോള്‍ റഹ്മാന്റെ പ്രതികരണം എങ്ങനെയായിരുന്നു? വളരെ ചെറുപ്പക്കാരനായ ഒരാളോട് ആദ്യം തന്നെ സമ്മതമറിയിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നോ?

സമ്മതിപ്പിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹം കുറച്ചു പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ പോയി കണ്ട സമയത്തും ഒരു പൊലീസ് വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനി വീണ്ടും പൊലീസ് വേഷം വേണ്ട എന്ന നിലപാടില്‍ ആയിരുന്നു. പിന്നീട് ഒന്നുരണ്ട് പ്രാവശ്യം ഇരുന്നു സംസാരിച്ചു. കഥ കേട്ടപ്പോള്‍ ഇഷ്ടമായി. ഇത് മുമ്പ് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ വേഷമാണെന്നു പറഞ്ഞു.  അതുകൊണ്ടു മുന്നോട്ടു പോകാമെന്നും പറഞ്ഞു.

ചെറിയ ഒരു പയ്യന്‍ റഹ്മാനെ പോലെ ഒരു സീനിയറായ നടന് നിര്‍ദ്ദേശങ്ങള്‍ ഒക്കെ കൊടുക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ തോന്നിയിരുന്നോ?

കുഴപ്പമുണ്ടായിരുന്നില്ല എന്നൊന്നും പറയാന്‍ എനിക്ക് താല്‍പര്യം ഇല്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്റെ ചുറ്റുമുള്ളവരെ ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം  ബോധ്യപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ വല്ലാത്ത സ്‌നേഹത്തോടെ ആണ് സിനിമയെ സമീപിച്ചത്. അതുകൊണ്ട് എനിക്ക് വ്യക്തിപരമായി അത് ബുദ്ധിമുട്ട് ആയി മാറിയില്ല.

മറ്റ് നിര്‍മ്മാതാക്കളോട് കഥ പറഞ്ഞിരുന്നോ? പ്രതികരണങ്ങള്‍ എന്തായിരുന്നു?

എനിക്ക് ആരെയും കണ്ടെത്താന്‍ പറ്റിയില്ല.  ആറു മാസത്തോളം അതിനു വേണ്ടി ശ്രമിച്ചു. കഥ കേള്‍ക്കാന്‍ കൂടി ആരും തയ്യാറായില്ല. നീ ചെറുപ്പമാണ് അതുകൊണ്ട് ഇപ്പോള്‍ വേണ്ട എന്നാണ് മിക്കവരും പറഞ്ഞത്. അങ്ങനെയാണ് അച്ഛനോട് വിളിച്ചുപറയുന്നത്. അച്ഛന്‍ വണ്‍ലൈനോ സ്‌ക്രിപ്‌റ്റോ ചോദിച്ചില്ല. പ്രൊജക്റ്റ് ഡിസൈന്‍ പറഞ്ഞു. വര്‍ക്ക് തുടങ്ങാം എന്നു പറഞ്ഞു.

സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാര്‍ത്തകളുണ്ട്. അതിന്റെ ആലോചനകളുണ്ടോ?

മലയാളത്തിലേക്കുള്ള റീമേക്ക് വേണ്ടെന്നു വച്ചു. കാരണം കേളത്തില്‍ റിലീസാകുന്നതിനു മുന്നേ തന്നെ പലരും സിനിമ കണ്ടു. ടൊറന്റിലും മറ്റ് ഓണ്‍ലൈന്‍ സൈറ്റിലും സിനിമ ഉണ്ടായിരുന്നു. ഹീറോ ടാക്കീസില്‍ ഓണ്‍ലൈനായി ഞങ്ങള്‍ സിനിമ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തതിനു ശേഷം കേരളത്തില്‍ നിന്ന് ഒരുപാട് മെസേജുകള്‍ കിട്ടിയിരുന്നു. ടൊറന്റില്‍ സിനിമ കണ്ടുപോലും ചിലര്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. എന്തായാലും എല്ലാവരിലേക്കും എത്തിയതിനാല്‍ ഇനി റീമേക്ക് ചെയ്യുന്നതില്‍ കാര്യമില്ല എന്നാണ് തോന്നുന്നത്.

അങ്ങനെയെങ്കില്‍ കൗതുകത്തിന് ഒരു സാങ്കല്‍പ്പിക ചോദ്യം. മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമായിരുന്നുവെങ്കില്‍ നായകന്‍ ആരായിരിക്കും?

ഞാന്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ നായകന്‍ റഹ്മാന്‍ സാര്‍ ആയിരിക്കും. ദീപക്കിന്റെ റോള്‍ അദ്ദേഹത്തിന് അല്ലാതെ ആള്‍ക്ക് ചെയ്യാന്‍ പറ്റില്ല.  റഹ്മാന്‍ സാറിന്റെ ക്യാരക്ടറിന് വ്യത്യസ്തമായ ഷേയ്ഡ് ആണ്. സാധാരണ നടന്മാര്‍ കാക്കി ഇട്ടാല്‍ വലിയ ഡയലോഗ് പറയും. ബോഡി ലാംഗേജ് മാറും. പക്ഷേ ഇതില്‍ റഹ്മാന്‍ സാര്‍ ഒച്ച വയ്ക്കുന്നുപോലുമില്ല. അഡര്‍ പ്ലേ ആക്ടിംഗ് ആണ്. അദ്ദേഹം ഇതുപോലെ വേറെ മലയാള സിനിമകള്‍ ചെയ്തിട്ടുണ്ട്.

ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങള്‍ എന്താണ്. മലയാളത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചോ?

തമിഴ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള പ്രതികരണം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. എനിക്ക് കാണാനും സംസാരിക്കാനും താല്‍പര്യം ഉണ്ടായിരുന്ന ഒരുപാട് സെലിബ്രിറ്റികള്‍ വിളിക്കുകയും ചെയ്തു. മലയാളത്തില്‍ നിന്നും വിളിച്ചു. മമ്മൂട്ടി സര്‍ സിനിമ കണ്ടു എന്നാണ് കേട്ടത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ഇതിന്റെ റീമേക്ക് ആലോചിക്കുന്നുവെന്നും കേട്ടു. ശരിയാണോ എന്ന് അറിയില്ല.

കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്കു ലഭിച്ച് സ്വീകാര്യതയെ കുറിച്ച് അറിഞ്ഞിരുന്നോ?

തീര്‍ച്ചയായും. കേരളത്തില്‍ നിന്ന് ഒരു പാട് പ്രതികരണങ്ങള്‍ കിട്ടി. അത് നല്ല സിനിമയോടുള്ള കേരള പ്രേക്ഷകരുടെ സമീപനം ആണ്. കേരളത്തിലെ പ്രേക്ഷകരോടു ഞാന്‍ മാപ്പ് ചോദിക്കുകയാണ്. വളരെ നേരത്തെ തന്നെ കേരളത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. പക്ഷേ സാധിച്ചില്ല. എന്തായാലും ഇപ്പോള്‍ സന്തോഷമുണ്ട്. നാളെ റിലീസ് ആണ്.

അടുത്ത പ്രൊജക്റ്റിനെ കുറിച്ചും കേള്‍ക്കുന്നു. നരകാസുരന്‍?

എനിക്ക് ഒരു ത്രില്ലര്‍ ട്രിലോളജി ചെയ്യണമെന്നുണ്ട്.. അതിന്റെ ആദ്യ പടിയായിരുന്നു ധ്രുവങ്കള്‍ 16. രണ്ടാമത്തേത് ആണ് നരകാസുരന്‍. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ഇതും.  പക്ഷേ രണ്ടാം ഭാഗമല്ല.  പൊതുസ്വഭാവത്തെ കുറിച്ചുമാത്രമാണ് പറഞ്ഞത്. ഗൗതം വാസുദേവ് മേനോന്‍ സാറാണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴില്‍ തന്നെയാണ് ഇത് ചെയ്യുന്നത്.  

മലയാള സിനിമകള്‍ കാണാറുണ്ടോ?

ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. ആഷിക് അബുവിന്റെ എല്ലാ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ദൃശ്യം ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. മുംബൈ പൊലീസും ഇഷ്ടമാണ്.അതുകൊണ്ടാണ് റഹ്മാന്‍ സാറിനെ കാസ്റ്റ് ചെയ്തതും.  ആഷിഖ് അബുവും ജീത്തു ജോസഫും എന്നെ സിനിമാ സംവിധായകനെന്ന നിലയില്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്.

ഓണ്‍ലൈനില്‍ പലരും ഇതിനകംതന്നെ സിനിമ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. ഇപ്പോള്‍ റിലീസ് ചെയ്യുമ്പോള്‍ അത് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലേ?

നിയമവിധേയമല്ലാത്ത രീതിയില്‍ ഓണ്‍ലൈനില്‍ സിനിമ കാണുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. ഫിലിം ഇന്‍ഡസ്ട്രീസിലേക്ക് ഇറങ്ങിച്ചെല്ലുമ്പാഴാണ് മനസ്സിലാകുക, ഒരുപാട് പേരുടെ ആള്‍ക്കാരുടെ പ്രയത്‌നത്തെ കുറിച്ച്. നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്തു കാണുന്നതുപോലെയാണ് ടൊറന്റിലും മറ്റും സിനിമ കാണുന്നത്. ആരോഗ്യകരമായ പ്രവണത അല്ല അത്. ഇന്ന് പൈസ കൊടുത്തുതന്നെ ഓണ്‍ലൈനില്‍ സിനിമ കാണാമല്ലോ.

പഠനകാലത്ത് തന്നെ ഇത്രയും പെര്‍ഫക്റ്റ് ആയ ത്രില്ലര്‍ എടുക്കാനുള്ള പരിശീലനം എങ്ങനെ കിട്ടി?

എല്ലാം ഓണ്‍ലൈനില്‍ തന്നെ ആയിരുന്നു. ഏറ്റവും നല്ല ടീച്ചര്‍ ആണ് ഓണ്‍ലൈന്‍. ഒരു മൌസ് ക്ലിക്ക് കൊണ്ട് പലതും അറിയാനാകും. ഞാന്‍ സിനിമ പഠിച്ചതും അങ്ങനെയാണ്.

 

 

click me!