ഛായാഗ്രാഹകന്റെ ഡയറി അഥവാ ഷോട്ടുകള്‍ കൊണ്ടൊരു ആകാശഗോവണി

By Arun Kumar  |  First Published Mar 7, 2017, 8:58 PM IST

ഗിരീഷ് ഗംഗാധരന്‍ ഷോട്ടുകള്‍ കൊണ്ട് ഗോവണി തീര്‍ക്കുന്നയാളാണ്. അതുപക്ഷേ, നമ്മള്‍ സാധാരണകാണുന്ന പോലൊരു 'സിനിമട്ടോഗ്രാഫിക് സര്‍ക്കസോ' കണ്‍കെട്ടോ അല്ല. അയാള്‍ തീര്‍ക്കുന്ന ഷോട്ടുകളുടെ ഗോവണി കയറി കാണികള്‍ കാഴ്ചാനുഭവത്തിന്റെ തുഞ്ചത്തെത്തുന്നു. അത് സിനിമയുടെ ആകാശങ്ങളിലേക്കുള്ളൊരു ഗോവണിയാകുന്നു- അങ്കമാലി ഡയറീസിന്റെ ചിത്രീകരണ അനുഭവങ്ങള്‍.

Latest Videos

ഹാന്‍ഡ്‌ ഹെല്‍ഡ് ഷോട്ടുകളുടെ വിസ്മയം

'അമ്മ അറിയാന്‍ ' ചിത്രീകരിക്കുന്ന സമയത്ത് അന്നത്തെ ഭാരമേറിയ ഫിലിംകാമറ തോളിലേറ്റി നിരവധി ഹാന്‍ഡ്‌ഹെല്‍ഡ് ഷോട്ടുകള്‍ പകര്‍ത്തിയ കഥ ഛായാഗ്രാഹകനായിരുന്ന വേണു പറഞ്ഞ് ഏവര്‍ക്കുമറിയാവുന്നതാണ്. ഒരേസമയം കായികവും കലാപരവുമായ ആ അധ്വാനത്തിന്റെ കേന്ദ്രസ്ഥാനത്താണ് അപ്പോള്‍ ഛായാഗ്രാഹകന്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സംവിധായകനൊപ്പം, ദൃശ്യപരമായി സിനിമയുടെ സഹരചയിതാവ് ആയിരിക്കുന്നത് കൊണ്ട് തന്നെ ആ ഉത്തരവാദിത്വത്തില്‍ നിന്ന് അയാള്‍ക്ക് ഒഴിയാനാവില്ല. സിനിമയും റിയലിസവും ചേര്‍ത്തു കെട്ടി കാഴ്ചയുടെ ഏതൊക്കെയോ ആഴങ്ങളിലേക്ക് എടുത്തുചാടിയ ജോണിനും വേണുവിനും ശേഷം ആ ബഞ്ചീജംപിംഗ്  നമ്മള്‍ അതേ സത്യസന്ധതയോടെ വീണ്ടും കാണുന്നത് അങ്കമാലി ഡയറീസിലാണ്. അത്യാവശ്യം വേഗം വേണ്ട മൂവിംഗ് ഷോട്ടുകള്‍ ഒഴിച്ചു കഴിഞ്ഞാല്‍ സിനിമ മുഴുവനായും ഹാന്‍ഡ്‌ ഹെല്‍ഡ് ഷോട്ടുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്! മികച്ച ചിത്രസന്നിവേശത്തിന്റെയും അഭിനയപ്രകടനത്തിന്റെയും കൂട്ടപ്പൊരിച്ചിലില്‍ നാമത് പലപ്പോഴും അറിയുന്നില്ലെന്നേയുള്ളൂ. അവസാനത്തെ സിംഗിള്‍ ടേക്ക് ക്‌ളൈമാക്‌സിനെപ്പറ്റി മാത്രം നാം കണ്ണുമിഴിക്കുമ്പോള്‍ ന്യൂജനറേഷന്‍ സ്‌റ്റൈലില്‍ ' ഇതല്ലേ, ശരിക്കും ഹീറോയിസം' എന്നൊക്കെ വേണമെങ്കില്‍ ചോദിക്കാവുന്നതാണ്.

ശരിക്കും ആലോചിച്ചാല്‍ നീളമുള്ള ഒറ്റഷോട്ട് എന്നത് അത്ര അപൂര്‍വമോ, അസാധ്യമോ ആയ കാര്യമൊന്നുമല്ല. റഷ്യന്‍ ആര്‍ക്ക് പോലെ ആള്‍ക്കുട്ടത്തെ ഫ്രയിമില്‍ നിറച്ച് ഒറ്റഷോട്ടില്‍ ചിത്രീകരിച്ച ചിത്രങ്ങളും, കാമറ എവിടെയാണ് എന്നത് അസാധ്യമായൊരു 'വഴി കണ്ടെത്തല്‍ കളി ' പോലെയാവുന്ന 'ബിഫോര്‍ ട്രയോളജി ' യുമൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍ സിനിമയെ ഒരു സമഗ്രാനുഭവമാക്കി കാഴ്ചക്കാരനിലേക്ക് എത്തിക്കുന്ന തരത്തില്‍ ശരിയായൊരു വിഷ്വല്‍ പാറ്റേണ്‍ രൂപപ്പെടുത്തുകയും അതിന്റെ താളം അവസാനം വരെ നിലനിര്‍ത്തുകയുമാണ് ശ്രമകരം എന്ന് മനസ്സിലാവും. അങ്കമാലി ഡയറീസിന്റെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ഗിരീഷ് ഗംഗാധരന്‍ കയ്യടി നേടുന്നത് ഇവിടെയാണ്.

കൊല്ലത്തുകാരനാണ് ഗിരീഷ്. സിനിമയ്ക്കുവേണ്ടി കൊച്ചിക്കാരനുമായി. എന്നാല്‍ അങ്കമാലി ഡയറീസിന് മുമ്പ് വിഖ്യാതമായ അങ്കമാലി എന്ന ഭൂമികയുമായി അടുത്തിടപഴകിയിട്ടുമില്ല. ചെമ്പന്‍ വിനോദാണ് അങ്കമാലി ഡയറീസുമായി ബന്ധപ്പെട്ട് ആദ്യം ഗിരീഷുമായി സംസാരിക്കുന്നത്. ചെമ്പനൊരു വണ്‍ലൈന്‍ പറഞ്ഞു. അതിനു ശേഷമാണ് ഗിരീഷ് ലിജോയെ കാണാന്‍ പോകുന്നത്. പിന്നീട്, ചിത്രത്തിന്റെ ഛായാഗ്രാഹകനെന്ന നിലയില്‍ അങ്കമാലിയിലെ തന്നെ ഒരപ്പാര്‍ട്ട്‌മെന്റില്‍ കുടിയേറി ഗിരീഷ്. പിന്നെ തിരിച്ച് കൊച്ചിക്കാരനാവുന്നത്, ഒരാരവത്തിന്റെ പശ്ചാത്തലത്തിലാണ്, അങ്കമാലിയുടെ വിജയാരവം.

എങ്ങനെ ചിത്രീകരിക്കണം എന്ന ചര്‍ച്ച വന്നപ്പോള്‍ സ്വാഭാവികമായി ഹാന്‍ഡ് ഹെല്‍ഡ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നൂവെന്നാണ് ഗിരീഷ് പറയുന്നത്. 'സ്റ്റെഡി ഷോട്ടുകള്‍ ഇല്ലാത്ത രീതിയിലാണ് നമ്മള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉറച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഇല്ല. എല്ലാവരും ഉറച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള പാച്ചിലിലാണ്. അതാണവര്‍ ചെയ്യുന്നത് എന്ന് പോലും അവരില്‍ പലര്‍ക്കുമറിയില്ലെന്ന ദു:ഖം വേറെയുമുണ്ട്. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മൂന്നേ മൂന്ന് ഷോട്ടുകള്‍, അതൊഴിച്ചാല്‍ സിനിമ മുഴുവനായും കാമറ കൈയ്യില്‍ പിടിച്ചും തോളിലേറ്റിയുമാണ് ചിത്രീകരിച്ചിരിക്കുന്നത് '- ഗിരീഷ് പറയുന്നു.

യൂണിറ്റ് ലൈറ്റുകള്‍ ഒന്നും വേണ്ട!

അങ്കമാലി ഡയറീസിന്റെ ചിത്രീകരണത്തിന് യൂണിറ്റോ ലൈറ്റുകളോ, മറ്റ് അനുബന്ധ ചിത്രീകരണോ സാമഗ്രികളോ ഒന്നും ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഒഴിച്ചുകൂടാനാവാത്തത് എന്ന് മലയാളസിനിമാലോകം പൊതുവേ കരുതുന്ന സംഗതികളെയാണ് ഫ്രയിമിന്റെ പുറത്താക്കി ലിജോയും ഗിരീഷും പിണ്ഡം വച്ചിരിക്കുന്നത്.

' അങ്ങേയറ്റം റിയലിസ്റ്റിക്കായി ചിത്രീകരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം' ഗിരീഷ് വിശദീകരിക്കുന്നു: ' റിയലിസ്റ്റിക്കായ ലൊക്കേഷനുകളില്‍, ടൈമില്‍, റിയാക്ഷനുകളില്‍ ഒക്കെ  സിനിമ ചിത്രീകരിക്കുമ്പോള്‍ സാങ്കേതികതയെ വളരെ അടിസ്ഥാനതലത്തില്‍ പരിചരിക്കാനായിരുന്നു ശ്രമം. അതില്‍ വിജയിച്ചു എന്നാണിപ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തിയിരിക്കുന്നത്. അവസാനത്തെ പള്ളിപ്പെരുന്നാള്‍ രംഗത്തിലും പിന്നെ ചില അകദൃശ്യങ്ങളിലും (interior) ആവശ്യം വേണ്ട ലൈറ്റുകള്‍ മാത്രം ഉപയോഗിച്ചു'.

റെഡ് ഡ്രാഗണ്‍ കാമറയിലാണ് അങ്കമാലിഡയറീസ് ചിത്രീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രൈം ലൈന്‍സുകള്‍ ആണ് പ്രധാനമായും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. തിരക്കഥയോടുള്ള ലിജോയുടെ സമീപനം എപ്പോഴും വ്യത്യസ്തമാണ് എന്നാണ് ഗിരീഷിന്റെ വിലയിരുത്തല്‍. നമ്മള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന സിനിമയാവില്ല, ചിത്രീകരിക്കപ്പെടുന്നത്. പ്രൊഡക്ഷന്റെ ഓരോ ഘട്ടത്തില്‍ ഇതിന് തിളക്കം കൂടിക്കൂടി വരും. ഫസ്റ്റ് കോപ്പി കാണുമ്പോള്‍ സഹപ്രവര്‍ത്തകര്‍ തന്നെ അന്തം വിടും.

' എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ലിജോയ്ക്കുള്ള ധാരണ വളരെ ശക്തമാണ്. എടുക്കാന്‍ പോകുന്ന ഷോട്ട് കുറച്ച് നീളമുള്ളതാണെങ്കില്‍ അതിനുള്ളില്‍ വരുന്ന ശബ്ദങ്ങളെപ്പറ്റിയും ചിലപ്പോഴൊക്കെ സംഗീതത്തിന്റെ സ്വഭാവത്തെപ്പറ്റിയുമൊക്കെ പറയാന്‍ കഴിയുന്ന സംവിധായകനാണ് ലിജോ. പിന്നെ നമുക്ക് എന്തെങ്കിലും സംശയം വന്നാല്‍ അത് മുഴുവനായും ദൂരീകരിച്ചിട്ട് മാത്രമാണ് അദ്ദേഹം ഷോട്ടിലേക്ക് പോവുക. സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നേരത്തേ ഷോട്ടുകള്‍ വിഭജിച്ചിട്ട് ചിത്രീകരിക്കുക എന്നൊരു സംഗതി അങ്കമാലി ഡയറീസിന് ഉണ്ടായിരുന്നില്ല. ലൊക്കേഷനിലെത്തി, അവിടത്തെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി, അപ്പപ്പോള്‍ ചിത്രീകരിക്കുകയായിരുന്നു. എന്നിട്ടും കൃത്യമായ ദൃശ്യതാളം സിനിമയിലുണ്ടെങ്കില്‍, അതിന്റെ കാരണം ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനാണ് ' - ഗിരീഷ് വിശദീകരിക്കുന്നു.

ഒട്ടും സിനിമാറ്റിക്  അല്ലാതെ ഫൈറ്റ് സ്വീക്വന്‍സുകള്‍

ഫൈറ്റ് സീക്വന്‍സുകള്‍ ഇന്നേവരെ നമ്മുടെ സിനിമയില്‍ പ്രത്യക്ഷപ്പെടാത്ത രീതിയില്‍ ചിത്രീകരിക്കാനായിരുന്നു സംവിധായകന്റെ ശ്രമം. അത് വളരെ ലൈവായി ചിത്രീകരിക്കണമെന്നായിരുന്നു ഗിരീഷിനോട് ലിജോ പറഞ്ഞത്. ' ഒട്ടും സിനിമാറ്റിക്  അല്ലാതെ' എന്നതായിരുന്നു അതിനകത്തെ കീവേഡ്. അതങ്ങനെ തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു. ഒപ്പം, അതിന്റെ ശബ്ദപഥം പ്രേക്ഷകരെയപ്പാടെ അമ്പരപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് ഇടവേളയ്ക്കു മുന്നിലുള്ള ആ ഓട്ടം, റബര്‍ തോട്ടത്തിലൂടെയുള്ളത്, അതിന്റെ എഡിറ്റിംഗും ടേക്കിംഗ്‌സും, എക്സ്പക്ഷനും സൗണ്ടും മ്യൂസിക്കുമെല്ലാം വളരെ അസംസ്‌കൃതമായ ചില അടിസ്ഥാനങ്ങളെ പിന്‍പറ്റുന്നുണ്ട്. പക്ഷെ, ഇതെല്ലാം ചേര്‍ന്ന് ഉണ്ടാക്കുന്ന ദൃശ്യാനുഭവത്തെ അനുപമം എന്ന് തന്നെ വിളിക്കേണ്ടി വരും.

വലിയ ആള്‍ക്കൂട്ടത്തെ ഒറ്റ ഷോട്ടില്‍ ഒതുക്കിയപ്പോള്‍

അവസാനത്തെ ഒറ്റഷോട്ടിലെ വലിയ വെല്ലുവിളി ആളുകളുടെ നിയന്ത്രണം ആയിരുന്നൂവെന്നാണ് ഗിരീഷ് പറയുന്നത്. ഏതാണ്ട് ആയിരത്തോളം വരുന്ന ആളുകള്‍ക്കിടയിലൂടെയാണ് ഷൂട്ട് ചെയ്ത് നടക്കേണ്ടത്. നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ കൃത്യമായ ഒരു മനസ്സിലാക്കല്‍ പലപ്പോഴും ഇതിനകത്ത് വരുന്ന മുഴുവന്‍ ആളുകളിലേക്കും എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. താരതമ്യേന അസാധ്യവുമാണ്. ബ്യൂട്ടിഫിക്കേഷന്‍, അതായത് ഒരു തരത്തിലുമുള്ള ചമയങ്ങളും ഈ സിനിമയ്ക്കാവശ്യമില്ല എന്നതായിരുന്നു സംവിധായകന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും നിര്‍ണായകമായതും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരുന്നതും.

ക്ലൈമാക്‌സിലെ ഒറ്റഷോട്ടല്ല, തിയേറ്ററില്‍ തന്നെ ത്രില്ലടിപ്പിച്ചത് ഇടവേളയ്ക്ക് മുന്നിലുള്ള ആ ഓട്ടവും സംഘട്ടനവുമാണെന്ന് ഗിരീഷ് പറയുന്നു. അതിനെ അങ്ങനെ ആക്കിത്തീര്‍ത്തിരിക്കുന്നത് അതിന്റെ പശ്ചാത്തലശബ്ദങ്ങളും സംഗീതവുമാണെന്നും ഗിരീഷ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ചന്തയിലും പന്നി ഫാമുകളിലുമായി കാമറയും തൂക്കി കയറിയിറങ്ങി

പ്രമേയവുമായും പശ്ചാത്തലവുമായും ബന്ധപ്പെട്ടതാണെങ്കിലും മലയാളസിനിമ ഇന്നേ വരെ കാണാത്ത ചില ഇമേജുകള്‍ അങ്കമാലി ഡയറീസില്‍ ഉണ്ട്. പന്നികള്‍ ആണത്. സിനിമയുടെ ടൈറ്റിലില്‍ തുടങ്ങി ടെയില്‍ എന്‍ഡിലേക്ക് വരെ നീളുന്ന ഒന്നാണിത്.  കഥാപാത്രങ്ങളുടെ ജീവിതവുമായി ഒരന്തര്‍ധാര പന്നികള്‍ സ്ഥാപിക്കുന്നുണ്ടെങ്കില്‍ കൂടി, ചില രാഷ്ട്രീയവായനകള്‍ക്കു കൂടി ഇതിടം നല്‍കുന്നുണ്ട്.

ചന്തയിലും പന്നി ഫാമുകളിലുമായി കാമറയും തൂക്കി കയറിയിറങ്ങുകയായിരുന്നു ലിജോയും ഗിരീഷും. ഒരു ഫാമിലെത്തിയപ്പോള്‍ പന്നി പ്രസവിക്കുകയാണ്. അതു പകര്‍ത്തി. സിനിമയില്‍ അത് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍, അതൊരധികമാനം നല്‍കുന്ന കാഴ്ചയായി മാറുകയും ചെയ്തു. ഇത്തരത്തിലുള്ള അസാധാരണമായൊരു യാത്രയാണ് അങ്കമാലിഡയറീസിന് വേണ്ടി ഛായാഗ്രാഹകന്‍ നടത്തിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

റിയലിസ്റ്റിക് ട്രീറ്റ്‌മെന്റിന്റെ പ്രാഥമികപാഠങ്ങള്‍

എന്താണ് റിയലിസ്റ്റിക് ട്രീറ്റ്‌മെന്റിന്റെ പ്രാഥമികപാഠങ്ങള്‍ എന്ന് ചോദിക്കുമ്പോള്‍ ഗിരീഷിന്റെ മറുപടി വൈകുന്നില്ല. പ്രകാശവിന്യാസമാണ് ഇതിന്റെ ഏറ്റവും ആദ്യത്തെ ഘടകമെന്നാണ് ഗിരീഷ് പറയുന്നത്.' സാധാരണസിനിമയില്‍ ലൈറ്റിംഗിന്റെ സാന്നിധ്യം അറിയാന്‍ പറ്റും. ഇതില്‍ അതില്ല. പ്രകാശം കൃത്രിമമായി നല്‍കിയിട്ടില്ല. ഇരുളും നിഴലുമൊന്നും മായിച്ചു കളയാന്‍ ശ്രമിച്ചിട്ടില്ല. നേര്‍ക്കാഴ്ചയില്‍ എന്താണോ അത് തന്നെയാണ് കാമറക്കാഴ്ചയിലും'

അങ്കമാലി ഡയറീസ് നല്ല സിനിമയുണ്ടാക്കാന്‍ വേണ്ട പരിശ്രമങ്ങളുടെ തെളിമയുള്ള ഡയറിക്കുറിപ്പുളെന്ന നിലയില്‍ തന്നെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ സൂക്ഷിച്ചു വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാഴ്ചകളത്രയും അമ്പരപ്പും ആകാംക്ഷയും ആഘോഷവുമാവുമ്പോള്‍ നമ്മള്‍ ഗിരീഷ് ഗംഗാധരനോട് അങ്കമാലിയിലേക്ക് തിരിച്ചുനടക്കാനും പിന്നെയുമൊന്നു വട്ടം ചുറ്റി വരാനും പറയുന്നു. അത് കഴിയുമ്പോള്‍ ബാക്കിയാവുന്ന ഇമേജെന്തെന്ന് ചോദിക്കുന്നു.

ഉത്തരമിങ്ങനെ: ' പോര്‍ക്കിറച്ചി, പല തരത്തില്‍ പണി തീര്‍ത്തത് ! '

ലൈറ്റും യൂണിറ്റും ജിബ്ബുമെല്ലാം പുറത്തുപോയെങ്കിലും, ഉപ്പും മുളകും, കൂര്‍ക്കയും കായയുമെല്ലാം അകത്തു തന്നെയാണ്. വേണ്ട ചേരുവകള്‍, അതത്രയും കൃത്യമായി ചേര്‍ത്തിട്ടുണ്ട് എന്നര്‍ത്ഥം.

click me!