ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കിയ ചിത്രമാണ് അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍. സിനിമയുടെ വ്യത്യസ്‍തമായ പ്രമേയവും മേയ്‍ക്കിംഗും ആസിഫ് അലിയുടെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ തീയേറ്ററില്‍ ആള്‍ക്കാര്‍ എത്തിയിരുന്നില്ല. തീയേറ്ററില്‍ നിന്ന് പുറത്താകുന്ന അവസ്ഥയിലായി സിനിമ. ഇക്കാര്യം സംവിധായകന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്നായിരുന്നു രോഹിത്തിന്റെ പോസ്റ്റ്. തുടര്‍ന്ന് ആസിഫ് അലിയും സിനിമയെ പിന്തുണയ്‍ക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലെത്തി. തന്റെ മുൻകാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കിൽ തന്നെ മറന്ന് ഈ സിനിമ കാണണമെന്ന് വൈകാരികമായും ആസിഫ് അലി പ്രതികരിച്ചു. പ്രേക്ഷകര്‍ സിനിമയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വൈകാരികമായ പ്രതികരണത്തെ കുറിച്ചും അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും ആസിഫ് അലി asianetnews.tvയോട് സംസാരിക്കുന്നു. വീഡിയോ കാണാം
ആസിഫ് അലിയുമായി ഹണി ആര്‍ കെ നടത്തിയ അഭിമുഖത്തില്‍ നിന്ന്
undefined
ഫേസ്ബുക്ക് പോസ്റ്റ് ഗുണം ചെയ്തോ?
സംവിധായകന്റെ പോസ്റ്റ് കണ്ടിട്ടു മാത്രമല്ല അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ആ പോസ്റ്റിട്ടപ്പോഴുണ്ടായ വൈകാരികമായ പിന്തുണയല്ല അത്. ആ സിനിമ അര്‍ഹിക്കുന്ന പിന്തുണ തന്നെയാണ്. സിനിമ കണ്ടവര്‍ തന്നെയാണ് ആ സിനിമയ്‍ക്കു വേണ്ടി കൂടുതല്‍ സംസാരിക്കുന്നതും. പുതിയ രീതിയിലുള്ള സിനിമ ചെയ്യാനുള്ള ധൈര്യമാണ് ഇങ്ങനെയൊരു സിനിമ ഓടുന്നത്. കാരണം നമ്മള്‍ ആഘോഷിക്കുന്ന വലിയ ഹിറ്റായിട്ടുള്ള പല സിനിമകളും പത്തും ഇരുപതും പ്രാവശ്യം പല രീതിയിലും കണ്ട സിനിമകളാണ്. അതില്‍ നിന്ന് മാറി ഒരു പുതിയ സിനിമ എടുക്കാന്‍ ധൈര്യമായിരിക്കും ഇങ്ങനെയുള്ള സംഭവങ്ങള്‍.
ആസിഫ് അലി ചിത്രമായി വിലയിരുത്തേണ്ട എന്നു പറഞ്ഞതിന് പിന്നില്‍?
അത് ഒരു ഘടകമല്ലേ. ഞാനും സ്റ്റാറിന് പ്രാധാന്യം കൊടുക്കാറുണ്ട്. ലാലേട്ടന്റേയും മമ്മൂക്കയുടേയും സിനിമ ആണെങ്കില്‍ ആരാണ് സംവിധായകന്‍ എന്നു പോലും ആലോചിക്കാതെ നമ്മള്‍ കാണും. അപ്പോള്‍ അങ്ങനെ ഒരു ഘടകം ഉണ്ടെന്നു തോന്നി. ഓമനക്കുട്ടന്‍ പോലുള്ള ഇത്രയും അഭിപ്രായം നേടിയ സിനിമയ്‍ക്ക് എന്താണ് പറ്റിയത് എന്ന് എല്ലാവരും ചോദിക്കുമ്പോള്‍ എനിക്ക് അതില്‍ നിന്ന് തോന്നിയ കാര്യം അതായിരുന്നു. ഞാന്‍ മുമ്പ് ചെയ്‍ത സിനിമകള്‍ കാരണമായിരിക്കാം ആള്‍ക്കാര്‍ തീയേറ്ററിലേക്ക് വരാത്തത്. അല്ലെങ്കില്‍ അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ തൃപ്‍തിപ്പെടുത്താത്ത ആള്‍ക്കാരാകാം തീയേറ്ററില്‍ വരാത്തത് എന്ന്. മാത്രമല്ല പ്രൊമോഷന്റെ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പിന്നെ സിനിമ വിജയിക്കണമെന്നുള്ളത് എന്റെ ഒരു പ്രാര്‍ഥന ആയിരുന്നു.
പുതിയ ആള്‍ക്കാരുടെ കൂടെയാണല്ലോ കൂടുതല്‍ സിനിമകളും?
പുതിയ ആള്‍ക്കാര്‍ അവരുടെ ഏറ്റവും മികച്ചത് പുറത്തെടുക്കും എന്ന് കരുതിയാണ് അവരോട് സഹകരിച്ചിട്ടുള്ളത്. അങ്ങനെ ഒരു ഗുണമുണ്ട്. പക്ഷേ അത് നെഗറ്റീവ് ആയി ബാധിച്ചിട്ടുമുണ്ട്. സിനിമയുടെ ടെക്സ്റ്റ് ബുക്ക് ആണ് നമ്മള്‍ ആദ്യം കാണുന്നത്. സംവിധാനം എങ്ങനെയായിരിക്കും എന്ന് പിന്നീടാണ് അറിയുക. അങ്ങനെ എനിക്ക് പ്രശ്നമുണ്ടായിട്ടുമുണ്ട്. പക്ഷേ അതിന് ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല.
നിരാശ തോന്നിയിട്ടുണ്ടോ?
പിന്നേ, ഒരുപാട് പ്രാവശ്യം. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലും ആലോചിച്ചതാണ്. പിന്നെ ഒരു സേഫ് സോണ്‍ തന്നത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ വിജയമാണ്.
ടൊറന്റ് സൂപ്പര്‍സ്റ്റാര്‍ എന്ന ട്രോള്‍?
ടൊറന്റ് സൂപ്പര്‍സ്റ്റാര്‍ എന്ന ട്രോള്‍ ആശ്വാസകരമായിരുന്നു. കാരണം ഞാന്‍ ചെയ്യുന്നത് മോശം സിനിമകളല്ല എന്ന് എനിക്ക് ഒരു വിശ്വാസം കിട്ടി. പക്ഷേ നമുക്ക് നിര്‍മ്മാതാവിനോടും പ്രേക്ഷകനോടുമാണ് ഉത്തരവാദിത്തം.
ഫോണ്‍ എടുക്കാത്ത നടന്‍ എന്ന വിമര്‍ശനം?
ഫോണ്‍ എടുക്കാത്തതാണ് കരിയറിനെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഹിറ്റായ സിനിമകളില്‍ ആദ്യം പരിഗണിച്ചത് എന്നായിരുന്നു എന്ന് ഞാന്‍ പിന്നീട് അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എവിടെയാണ് എന്നുപോലും അറിയാത്തതിനാല്‍ അവര്‍ ഇവനെ വേണ്ട എന്നുവച്ചിട്ടുണ്ട് എന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.