കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളെ സൂപ്പര്‍ താരങ്ങളെന്ന് വിളിക്കരുത്.
ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ചൂരറിയുന്ന,
നെറികെട്ട കാലത്തോട് കണക്കുചോദിക്കുന്ന കലാകാരന്‍മാരാണ്
സൂപ്പര്‍ താരങ്ങള്‍.
ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ സൂപ്പറാണ്.
സൂപ്പര്‍ സ്റ്റാറാണ്. അഭിവാദ്യങ്ങള്‍...
ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ എഴുതിയതാണ്. ഇത്തരം നൂറുകണക്കിന് പ്രതികരണങ്ങളാണ് രണ്ട് ദിവസമായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. എല്ലാം അലന്‍സിയറെന്ന നടനെക്കുറിച്ച്. കാസര്‍ക്കോട് ബസ് സ്റ്റാന്റ് പരിസരത്ത് അദ്ദേഹം നടത്തിയ വേറിട്ട പ്രതിഷേധത്തെക്കുറിച്ച്.
undefined
സംവിധായകന്‍ കമലിനോട് രാജ്യംവിടാന്‍ പറഞ്ഞ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശത്തിലുള്ള പ്രതിഷേധമായാണ് അലന്‍സിയര്‍ തെരുവിലിറങ്ങിയത്. 'വരു, നമുക്ക് പോകാം, അമേരിക്കയിലേക്ക് പോകാം... എന്നായിരുന്നു ആ കലാപ്രകടനത്തിന് അലന്‍സിയര്‍ നല്‍കിയ പേര്. പാക്കിസ്താനിലേക്ക് ബസുണ്ടോ എന്നാരാഞ്ഞ്, രൂക്ഷമായ തന്റെ വിമര്‍ശനം രേഖപ്പെടുത്തുകയായിരുന്നു അലന്‍സിയര്‍. ഇതിനെ 'ഒരു കലാകാരന്റെ യഥാര്‍ത്ഥ പ്രതിഷേധം' എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ സമീപിച്ചത്. നാടാകെ തന്നെക്കുറിച്ച് സംസാരിക്കുന്നതിനിടെ, അലന്‍സിയര്‍ തന്റെ നിലപാടുകള്‍ പറയുന്നു. വിപിന്‍ പാണപ്പുഴ നടത്തിയ അഭിമുഖം
ഈ നാടിന് എന്തോ സംഭവിക്കാന്‍ പോകുന്നു
ഒരു നാടകപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്‍പും ചെയ്തിരുന്നു സമാനമായ പ്രതിഷേധങ്ങള്‍. അതിന്റെയൊക്കെ തുടര്‍ച്ചമാത്രമാണ് ഇത്. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് തിരുവനന്തപുരത്ത് നിരോധനാജ്ഞയായിരുന്നു. അന്ന് സെക്രട്ടറിയേറ്റിന് ചുറ്റും ആറ് വട്ടം 'അല്ലാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് വലം വച്ചിട്ടുണ്ട് ഞാന്‍. അതൊരു പ്രതിഷേധമായിരുന്നു. ഒരു നടന്‍ എന്നനിലയില്‍ അതെന്റെ ബാദ്ധ്യതയാണ്. ഈ നാടിന് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ചെയ്യേണ്ടതാണ് അതൊക്കെയെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. ഗുലാം അലിയെ ഇന്ത്യയില്‍ പാടിക്കില്ലെന്ന ചിലരുടെ തിട്ടൂരം വന്നകാലത്തും ഞാന്‍ അതിനെതിരെ കലാപ്രകടനം നടത്തിയിട്ടുണ്ട്. എന്നെ അറിയുന്നവര്‍ക്ക് ഇതൊന്നും പുതുമയല്ല.
സിനിമാക്കാരനായത് പ്രതിഷേധത്തിന്റെ ശക്തികൂട്ടി
സിനിമാക്കാരന്‍ ആയതിനാലാണ് ഈ പ്രതിഷേധം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്ന് നിങ്ങള്‍ പറയുന്നത് ശരിയാണ്. കൂടുതല്‍ ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാന്‍ അത് സഹായിച്ചു. ഈ തിരിച്ചറിവോടെ, ബോധപൂര്‍വ്വമാണ് ഈ നാടകം അവതരിപ്പിച്ചത്. ഇതുപോലൊരു നേരത്ത് നിശബ്ദരായി ഇരിക്കാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ ഒച്ചയുണ്ടാക്കണമെന്നും ഞാന്‍ പറയുമ്പോള്‍ അത് ആളുകളിലെത്തണം. ചര്‍ച്ച ചെയ്യപ്പെടണം. സിനിമ പ്രവര്‍ത്തകന്‍ എന്ന പേര് അതിന് എന്നെ സഹായിക്കും.
മമ്മൂക്ക കൈയടിച്ചുമ്മ തന്നു
കാസര്‍ക്കോട്ട് ഷൂട്ടിംഗ് സെറ്റില്‍നിന്നാണ് ഞാന്‍ പ്രതിഷേധത്തിന് എത്തിയത്. ഇക്കാര്യം സെറ്റില്‍ ആരെയും അറിയിച്ചിരുന്നില്ല. പിന്നീട് ഷൂട്ടിംഗ് സ്ഥലത്തേക്ക് തിരിച്ചുവന്ന ശേഷം ചില പത്രക്കാരും മറ്റും വിളിച്ചു. ഇതുകേട്ട് സൂരാജ് വെഞ്ഞാറമ്മൂട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോഴാണ് സെറ്റില്‍ ഇതറിയുന്നത്. ചേട്ടന്റെ ചങ്കൂറ്റം സമ്മതിച്ചു എന്നാണ് സുരാജ് പറഞ്ഞത്. ഇന്ന് ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ സെറ്റിലെ റിയാക്ഷന്‍ ഒന്നും അറിയില്ല. എങ്കിലും സിനിമാ മേഖലയില്‍ നിന്നും പലരും വിളിച്ചു. ഒരു പരിചയവും ഇല്ലാത്ത ലാല്‍ ജോസ് വിളിച്ച് അഭിനന്ദിച്ചു. നാടകത്തിന്റെ ഒരു ക്ലിപ്പ് വാട്ട്‌സാപ്പ് വഴി മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തു. രണ്ട് കൈയടിയും ഒരുമ്മയും വാട്ട്‌സാപ്പിലൂടെ മമ്മുക്ക തിരിച്ചയച്ചു.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല
എന്റെ പ്രതിഷേധം കണ്ട്, മറ്റുള്ളവര്‍ നിശബ്ദരാണ് എന്ന് പറഞ്ഞ് താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. ന്നെ പറയാന്‍ സാധിക്കൂ. ചിലര്‍ക്ക് ചിലരുടെ പ്രതികരണ രീതി ഉണ്ടാകും. ഞാന്‍ എനിക്ക് പരിചയമുള്ള രീതിയില്‍ പ്രതിഷേധിക്കുന്നു. നമ്മെ കടിക്കാന്‍ വരുന്ന കൊതുകിനെ അടിച്ചോടിക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അത്ര പന്തിയല്ലാത്ത അവസ്ഥയാണ്. നാം എന്ത് പറയണം, എവിടെ പോകണം എന്നോക്കെ ചിലര്‍ ആജ്ഞാപിക്കുന്നു. ഇതിനെതിരെ ചെറിയ തോതില്‍ എങ്കിലും എന്നിലെ കലാകാരന്‍ ശബ്ദമുണ്ടാക്കും. അതാണ് നിങ്ങള്‍ കണ്ടത്. ചലച്ചിത്ര മേഖലയിലെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ഒന്നും പ്രതികരിക്കരുത് എന്നൊന്നും ഇല്ലല്ലോ, ഞാന്‍ ഒരു നാടകം അവതരിപ്പിച്ചത് വച്ച് മറ്റുള്ളവര്‍ നിശബ്ദരായി ഇരിക്കുന്നു എന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു കലാകാരന്‍ ഒരിക്കലും മറ്റൊരു കലാകാരനെ നാടുകടത്താനോ അധിക്ഷേപിക്കാനോ ഇറങ്ങില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരോരുത്തര്‍ക്കും അവര്‍ പ്രതികരിക്കുന്ന രീതികള്‍ ഉണ്ട്. എന്റെ രീതി ഇതാണ്.
നിശബ്ദത അപകടകരം
കമലിന്റെ ചിത്രത്തില്‍ അവസരം കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നൊക്കെ ചിലര്‍ പറയുന്നു. അവര്‍ക്ക് എന്നെ അറിയില്ല. പിന്നെ രാജ്യസ്‌നേഹത്തിന്റെസര്‍ട്ടിഫിക്കറ്റ് എവിടുന്നും വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ. ഞാന്‍ ജനിച്ച മണ്ണ് ആണ് എന്റെ ദേശീയത. അത് മാറുന്നില്ല. ഒരു കമലിന് വേണ്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും രാധാകൃഷ്ണന്റെ പ്രസ്താവന കേട്ടോ ചെയ്യുന്നതല്ല ഇത്തരം പ്രതിഷേധങ്ങള്‍. അതിനും അപ്പുറം ഇപ്പോഴത്തെ ഭീഷണികളെ ഗൗരവത്തോടെ തന്നെ കാണണം. നിശബ്ദരായി ഇരുന്നാല്‍, ചിലര്‍ വന്ന് നാം അറിയാതെ തന്നെ നമ്മുടെ നാവ് മുറിച്ചെടുക്കുന്ന അവസ്ഥ വന്നേക്കാം അത്തരം അവസ്ഥ വരാതിരിക്കണം. അതിനുള്ള ജാഗ്രത പുലര്‍ത്താന്‍ കലാകാരനു മാത്രമല്ല സമൂഹത്തിനാകെ ബാദ്ധ്യതയുണ്ട്.