സൂപ്പര്‍സ്റ്റാര്‍ ആവണ്ട, നല്ല നടനായാല്‍ മതിയെന്ന് ബാലു വര്‍ഗ്ഗീസ്

By സി. വി സിനിയ  |  First Published Aug 11, 2017, 9:33 AM IST

ഹണി ബിയിലെ അംബ്രോസിനെ അത്രപെട്ടെന്ന് ആരും മറക്കില്ല.   മദ്യക്കുപ്പി കാണുന്നിടത്തെല്ലാം ചുറ്റിപ്പറ്റി നില്‍ക്കുകയും അവസാനം  മദ്യക്കുപ്പിയുടെ നടുവിലായി  കിടന്നുറങ്ങുകയും ചെയ്ത അംബ്രോസ് പെരേര  പ്രേക്ഷകരെ അത്രയേറെ ചിരിപ്പിച്ച കഥാപാത്മ്രാണ്.  അതുപോലെ  കിംഗ് ലയറിലെ പെരും നുണയനായ  നായകന്റെ ശിങ്കിടിയേയും.  വളര്‍ന്നു വരുന്ന ഈ യുവനായകന്‍ ഒരേ ദിവസം രണ്ടു സിനിമകള്‍ റിലീസായതിന്റെയും ആളുകള്‍ സിനിമ ഏറ്റെടുത്തതിന്റെയും ത്രില്ലില്ലാണ്.  തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ബാലു വര്‍ഗ്ഗീസ് സംസാരിക്കുന്നു. സി വി സിനിയ നടത്തിയ അഭിമുഖം

Latest Videos

undefined

ചങ്ക്‌സും സര്‍വോപരി പാലാക്കാരനും

അടുത്തിടെ  പുറത്തിറങ്ങിയ ചങ്ക്‌സ്, സര്‍വോപരി പാലാക്കാരന്‍ എന്നീ രണ്ടു സിനിമയ്ക്കും നല്ല പ്രതികരണമാണ് വരുന്നത്. പ്രത്യേ കിച്ച് ചങ്ക്‌സിന് ഗംഭീര പ്രതികരണമാണ്. ഒരു സ്റ്റാര്‍ വാല്യു ഒന്നും ഇല്ലാത്ത ഒരു സിനിമയ്ക്ക് ആളുകളുടെ നല്ല പ്രതികരണം കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.  ഒമര്‍ ലുലു എന്ന സംവിധായകന്‍  ഈ ചിത്രം എന്നെ പോലെയുള്ള ആള്‍ക്കാരെ വച്ച്  ചെയ്തു.  അതുകൊണ്ടു തന്നെ, ഗംഭീര കളക്ഷന്‍ കിട്ടുക എന്നതൊക്കെ  സന്തോഷമുള്ള കാര്യമാണ്. പുതിയ ആര്‍ട്ടിസ്റ്റുകള്‍ വരും, ഡയറക്ടേസ് വരും, ആശയം വരും അങ്ങനെയൊക്കെ വരുന്ന സന്ദര്‍ഭത്തില്‍  ജനങ്ങള്‍  ഞങ്ങളുടെ സിനിമ ഏറ്റെടുത്തു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

വേണു ഗോപന്‍  സംവിധാനം ചെയ്ത സര്‍വോപരി പാലാക്കാരാനും  നല്ല എക്‌സ്പീരിയന്‍സാണ്. അലന്‍സിയര്‍ ചേട്ടന്റെ കൂടെയാണ് ഷൂട്ട്.  ആനുകാലിക സംഭവങ്ങളിലൂടെയാണ് ആ കഥ പോകുന്നത്.  ഇത് നമ്മളെ ചിന്തിപ്പിക്കുന്ന ഒരു സിനിമ കൂടിയാണ്. രണ്ട് ടൈപ്പ് പടങ്ങളുടെ ഭാഗമാകാന്‍ പറ്റി.  സിനിമ കണ്ടതിന് ശേഷം കുറേ പേര്‍ വിളിച്ചിരുന്നു.  എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരു ദിവസം രണ്ട് സിനിമകള്‍ റിലീസാകുന്നത്.  ഏത് ചിത്രം  കാണണം എന്നൊക്കെയുള്ള ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ചിത്രം കാണാന്‍ പോകുമ്പോള്‍  ചങ്ക്സിന്റെ ടീമൊക്കെ പല സഥ്‌ലങ്ങളിലായിരുന്നു. ഞാനും ഗണപതിയുമാണ് സിനിമ കാണാന്‍ പോയത്. ഞങ്ങളുടെ ഫാമിലിയും ഉണ്ടായിരുന്നു. ആളുകള്‍ക്കൊക്കെ സിനിമ ഇഷ്‍ടപ്പെട്ടു.

നായകനായപ്പോള്‍

ഇത്രയും നാള്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല,  ഒമര്‍ ലുലു വന്നു കഥ പറഞ്ഞപ്പോള്‍ ആ വണ്‍ലൈനില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നു.  ചെയ്യാന്‍ കഴിയും  എന്നൊക്കെ സംവിധായകന്‍ പറഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടി. ഇത്രയും നാള്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന്  നായകനിലേക്ക് വന്നപ്പോള്‍  കുറച്ചു കൂടി  ഉത്തരവാദിത്വം കൂടി എന്നൊരു വ്യത്യാസം മാത്രമേ തോന്നിയുള്ളു.

ഹണി റോസുമായുള്ള അഭിനയം

കഥയൊക്കെ പറഞ്ഞതിന് ശേഷം സംവിധായകന്‍  വിളിച്ചു പറഞ്ഞു, നായികയായിട്ട്  ഹണിറോസാണ് ഇപ്പോള്‍ തന്റെ മനസ്സില്‍ ഉള്ളതെന്ന്. അപ്പോ ഞാനൊന്നു ഞെട്ടി, ഹണി റോസോ? ഹണി റോസായിട്ടൊക്കെ ചേരുമോയെന്നു ചോദിച്ചു. എഴുതി വന്നപ്പോള്‍  അങ്ങനെയുള്ള ഒരു കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തിന് ഹണി റോസിനെ പോലെ ഒരാളെയായിരുന്നു ആവശ്യം.   ഹണിയെന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എഴുതുമ്പോള്‍ എന്നെ തന്നെയായിരുന്നു മനസ്സില്‍ എന്നൊക്കെ പറഞ്ഞപ്പോഴാണ് ആത്മവിശ്വാസം ഉണ്ടായത്. പിന്നെ ചെയ്തു നോക്കുമ്പോള്‍ ഹണി തന്നെ ചെയ്താലേ  ആ രംഗങ്ങളൊക്കം ശരിയാവൂ എന്നു തോന്നി. ഹണി നല്ല ഫ്രീയായിട്ടാണ്  അഭിനയിച്ചതൊക്കെ. അതുകൊണ്ടു തന്നെ  ടെന്‍ഷന്‍സൊക്കെ മാറി.  ലൊക്കേഷന്‍സിലൊക്കെ നല്ല രസമായിരുന്നു. എല്ലാവരും ഫ്രീയായിരുന്നു.


 സിനിമയിലെ കോളേജ് ലൈഫ്

ആദിശങ്കര കോളേജിലായിരുന്നു ഷൂട്ട്. സിനിമയില്‍ കൂടെ പഠിക്കുന്നത് നല്ല തമാശക്കാരായ ആളുകള്‍ തന്നെയായിരുന്നു. ഗണപതിയും, ധര്‍മ്മജനും.. ആരായാലും നല്ല രസകരമായിട്ടാണ് ഷൂട്ട് ചെയ്തത്.  അതുകൊണ്ടു തന്നെ  നമുക്ക് ഒരു കോളേജ് ലൈഫ് പോലെ തന്നയാണ് തോന്നിയത്.  എന്റെ കോളേജ് ലൈഫും ഇതില്‍ നിന്നും വ്യത്യസ്തമല്ല. എല്ലാവരും കോളേജ് കൂട്ടുകാരെ പോലെ തന്നെയായിരുന്നു. അത് സംവിധായകനായാലും അങ്ങനെ ഒരു ഫ്രീയായിട്ടാണ് നമ്മളോട് പെരുമാറിയത്. സിനിമയില്‍ എന്റെ കോളേജ് ലൈഫില്‍ നിന്ന് കുറച്ചു വ്യത്യാസമേയുള്ളു.  ഈ കോളേജില്‍ യൂനിഫോം ഉണ്ട്.
 
തിലകന്‍ സാറിനെപ്പോലെയാകണം

ഒരു വിജയിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.  അതുപോലെ ഒരു കൊമേഷ്യല്‍ പടത്തിന്റെ  ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.  ഇപ്പോള്‍ 26 വയസ്സായതേയുള്ളു. ഇനിയും   അഭിനയ സാധ്യതയും സമയമുണ്ടല്ലോ. കുറച്ചു കാലം കഴിഞ്ഞിട്ട് തിലകന്‍ സാറിനെ പോലെയൊക്കെ ആയി മാറാനൊക്കെ ഒരു ആഗ്രഹമുണ്ട്.

 


 
കോമഡി തന്ന ആത്മവിശ്വാസം

ഹണിബിയിലെ  അംബ്രോസ്  പെരേര എന്ന കഥാപാത്രത്തിലൂടെയാണ് കോമഡി എന്ന തലത്തിലേക്ക് വരുന്നത്.  ആ കഥാപാത്രത്തെ ആളുകള്‍ ഏറ്റെടുത്തു. പിന്നെ എല്ലാം ദൈവത്തിന്റെ കൈയിലല്ലേ.   ഈ ചിത്രത്തിന് മുന്‍പ് ഒരു ഹ്യൂമര്‍ ചെയ്തിട്ടില്ലായിരുന്നു. ഇതിലായിരുന്നു ഒരു വ്യത്യസ്‍തമായി അഭിനിയിക്കാന്‍ കഴിഞ്ഞത്.  പിന്നെ കിംഗ് ലയറിലും മറ്റു സിനിമകളിലും കോമഡി കഥാപാത്രമാകാന്‍ സാധിച്ചു. ആളുകള്‍  അത് എന്‍ജോയ് ചെയ്തു.  അങ്ങനെയാണ് ഒരു ആത്മവിശ്വാസം വന്നത്.


സിനിമയിലേക്കുള്ള എന്‍ട്രി

ഞാന്‍ ഒരു ഷൈ ആയിട്ടുള്ള പയ്യനായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി  സിനിമയില്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിക്കാന്‍ നുണക്കുഴിയുള്ള ഒരു  പയ്യനെയായിരുന്നു ആവശ്യം. അങ്ങനെ അമ്മയുടെ സഹോദരനായ ലാല്‍ അങ്കിളാണ് സിനിമയിലേക്ക് നിര്‍ദേശിച്ചത്.  

ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത്.  ഞാന്‍ എത്തി ഒന്നാം ദിവസമൊന്നും ഷൂട്ട് നടന്നില്ല.  അഭിനയിക്കാന്‍  പറ്റില്ല എന്നൊക്കെ  എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. നാലാം ദിവസമായപ്പോഴേക്കും എങ്ങനെയെങ്കിലും തിരികെ പോയാല്‍ മതിയെന്നായിരുന്നു. അന്നാണ്  അഭിനയിച്ചത്.  ലാല്‍ ജോസിന്  അത് ഇഷ്ടപ്പെട്ടു.   പിന്നെ അറബിക്കഥ , തലപ്പാവ്, എന്നിവങ്ങനെ ചെയ്തു.  തലപ്പാവിലെ അഭിനയം കണ്ടശേഷം പൃഥിരാജാണ് മാണിക്കല്ല്,  അര്‍ജുന്‍സാക്ഷി എന്ന സിനിമയിലൊക്കെ വിളിക്കുന്നത്. ഇപ്പോള്‍ ഏകദേശം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നടന്‍ എന്ന നിലയിലേക്ക് എത്തുന്നത് തികച്ചും യാദൃശ്ചികമാണ്.

സിനിമയോടുള്ള ആഗ്രഹം

ചെറുപ്പം മുതല്‍ക്കേ ലാല്‍ അങ്കിളിനെയൊക്കെ കണ്ടു വളര്‍ന്നതാണ്. സിനിമയുമായി ബന്ധമുള്ള ഒരു കുടുംബം തന്നെയാണ് എന്റേത്.  അതുകൊണ്ടുതന്നെ സിനിമയില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  അഭിനയിക്കാന്‍ പറ്റുമോയെന്നൊരു ആത്മവിശ്വാസത്തിന്റെ ഒരു പ്രശ്‌നമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം

ഇന്നതേ ചെയ്യൂ എന്നൊന്നുമില്ല. എനിക്ക് യോജിച്ച കഥാപാത്രങ്ങള്‍ ചെയ്യും. ഞാന്‍ സൂപ്പര്‍സ്റ്റാര്‍ കളിക്കാന്‍ വന്നയാളല്ല. നല്ല നടനായാല്‍ മതി. കഥാപാത്രം വച്ച്  എന്തെങ്കിലും  ചെയ്യാനുണ്ടെങകില്‍ അത് നല്ലതാണെങ്കില്‍ ഒരു ഡയലോഗിലായാല്‍ പോലും ചെയ്യാന്‍ തായാറാണ്. എനിക്ക് എപ്പോഴും  നല്ല നടനായാല്‍ മതി.

നല്ല സിനിമയുടെ ഭാഗമാകുക. ആളുകളെകൊണ്ട് നല്ലത് പറയിപ്പിക്കുക.  ആളുകള്‍ അംഗീകരിക്കുന്ന തരത്തിലുള്ള നല്ല നടനാവുയെന്നതു തന്നെയാണ് സ്വപ്‌നം. ജീവിതത്തില്‍ മോഹന്‍ലാല്‍  അങ്കിളിനെയാണ് ഇഷ്ടം.  കുട്ടിക്കാലം  മുതല്‍ക്കേ കാണുന്നതാണ്. നല്ല ഫാമിലി മാന്‍ ആണ്. അതുപോലെ ആകണമെന്നാണ് ആഗ്രഹം

വിവാഹം

ചെറുതായി നോക്കി തുടങ്ങിയിട്ടുണ്ട്.   സിനിമാ മേഖലയില്‍ ഒക്കെയാണ് ഞാന്‍ അതുകൊണ്ടു തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നാണ് ആഗ്രഹം.  വിവാഹം എന്നത് ചെറുപ്പം തൊട്ടേ നമ്മളൊക്കെ ആലോചിക്കുന്ന കാര്യമാണല്ലോ. ..

സിനിമയിലെ മാറ്റങ്ങള്‍
 
സിനിമ എല്ലാ ദിവസവും മാറികൊണ്ടിരിക്കുകായാണ്.  ചെമ്മീന്‍ കഴിഞ്ഞ് ഹരിഹര്‍ നഗറിലേക്ക് എത്തിയപ്പോള്‍ മാറിയില്ലേ. അതുപോലെ മാറ്റം എല്ലാ ഘട്ടത്തിലും നടക്കുന്നു. മാറ്റത്തിന്റെ കൂടെ നമ്മളും സഞ്ചരിക്കണം. അതുപോലെ എന്നും ന്യൂജനറേഷന്‍ ഉണ്ടായിരുന്നു.  ഓരോ മാറ്റത്തിന് അനുസരിച്ച് പോകാന്‍ കഴിയണം. ആളുകള്‍ക്ക് ഇഷ്‍ടപ്പെടാന്‍  കഴിയുന്ന മാറ്റത്തിലേക്ക് മാറാന്‍ നമുക്കും കഴിയണം.


പുതിയ പ്രൊജക്റ്റുകള്‍

തരംഗം, ലഡു എന്നി ചിത്രങ്ങളാണ് ഇനി വരാനുള്ളത്.  ഉടന്‍ തന്നെ റിലീസാകും. തരംഗത്തില്‍ ടൊവിനോയും ഞാനുമാണ് അഭിനയിച്ചിരിക്കുന്നത്. ധനുഷാണ് ലഡുവിന്റെ  നിര്‍മ്മാതാവ്.


കുടുംബത്തിന്റെ  സപ്പോര്‍ട്ട്

വീട്ടില്‍ നല്ല സപ്പോര്‍ട്ടാണ്.  അച്ഛന്‍ വര്‍ഗീസ് ലാല്‍ ക്രിയേഷന്‍സില്‍ ഫിലിം കമ്പനിയുടെ  മാനേജറായിരുന്നു. അമ്മ നീനയുടെ  സഹോദരാണ് നടനും സംവിധായകനുമായ ലാല്‍.  അതുകൊണ്ടു തന്നെ  കുട്ടിക്കാലം മുതല്‍ക്കു തന്നെ സിനിമയുമായി ബന്ധമുണ്ട്. ഓര്‍മ്മ വച്ച നാളു തൊട്ട്  അച്ഛന്‍ എല്ലാ വെള്ളിയാഴ്ച്ചയും  സിനിമയ്ക്ക് കൊണ്ടുപോകാറുണ്ട്. അമ്മയും അതുപോലെ നല്ല പിന്തുണയാണ്.  സഹോദരന്‍ അരുണ്‍ .പിന്നെ  അമ്മൂമ്മയുമുണ്ട്.

click me!