പനാജി: വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നയാളാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെന്ന് ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജിദി. തന്റെ ആദ്യ ഇന്ത്യന്‍ ചിത്രമായ ബിയോണ്ട് ദ ക്ലൌഡ്സില്‍ എ ആര്‍ റഹ്‍മാനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ചിത്രം ആദ്യമായി പ്രചരിപ്പിച്ച ഗോവയിലെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കുവയ്‍ക്കുകയായിരുന്നു മാജിദ് മജിദി.
റഹ്മാന്‍ എനിക്ക് വളരെ പ്രത്യേകത ഉള്ള ആളാണ്. പ്രതിഭകൊണ്ടുതന്നെയാണ് അദ്ദേഹം പ്രശസ്‍തനായത്. ഇടപെടാന്‍ ഏറ്റവും എളുപ്പമുള്ള ആളാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
undefined
ചിലപ്പോള്‍ സംഗീതം പൂര്‍ണമായി മാറ്റണമെന്ന് ഞാന്‍ പറഞ്ഞാല്‍ പോലും അദ്ദേഹം അതുചെയ്യും. നമ്മള്‍ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം അത് അംഗീകരിക്കുക എന്ന് പറയുന്നത് വളരെ അപൂര്‍വമായ കാര്യമാണ്. റഹ്‍മാന്‍ അങ്ങനെയുള്ള ആളാണ്- മാജിദ് മജീദി പറയുന്നു. എ ആര്‍ റഹ്‍മാന്‍റെ ഒപ്പം ജോലി ചെയ്യുമ്പോഴുളള ഏക പ്രശ്‌നം എന്നു പറയുന്നത് രാത്രിയിലും ജോലി ചെയ്യണം എന്നതാണ്- മാജിദ് മജീദി തമാശരൂപേണ റഹ്‍മാന്‍റെ കഠിനാദ്ധ്വാനം സൂചിപ്പിക്കുന്നു.
രാത്രി ജോലി തുടങ്ങിയാല്‍ പുലര്‍ച്ചെ വരെ അത് തുടരും. എന്നെ സംബന്ധിച്ച് അത് വെല്ലുവിളിയാണ്. ഞാന്‍ ഉറങ്ങുമ്പോഴായിരിക്കും സംഗീതം കേള്‍ക്കാന്‍ റഹ്‍മാന്‍ എന്നെ വിളിച്ച് എഴുന്നേല്‍പ്പിക്കുക. എന്താണ് വേണ്ടത് എന്നുവച്ചാല്‍ അത് എ ആര്‍ റഹ്‍മാന്‍ ചെയ്തിരിക്കും- മാജിദ് മജീദി പറഞ്ഞു.
ബിയോണ്ട് ദ ക്ലൌഡ് എന്ന സിനിമ ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ്. അവര്‍ ദുരിതജീവിതം നയിക്കുമ്പോള്‍ തന്നെ നല്ലൊരു ജീവിതം കരുപിടിപ്പിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ്. കുടുംബം എന്ന യാഥാര്‍ഥ്യം അതിന്റേതായ അര്‍ഥത്തില്‍ നായകന്‍ മനസ്സിലാക്കുന്നത് മറ്റുള്ളവരിലൂടെയാണ്. അവരാകട്ടെ നായകന്‍റെ ശത്രുക്കളുമാണ്.
നായികാകഥാപാത്രമായ താരയ്‍ക്ക് അമിറിനെ അനുജനെന്ന രീതിയില്‍ വളര്‍ത്താന്‍ കഴിഞ്ഞില്ല. ആ വിഷമം അവള്‍ തീര്‍ക്കുന്നത് ചോട്ടുവിലൂടെയാണ്. ഇങ്ങനെയുള്ള വളരെ സങ്കീര്‍ണ്ണമായ കുടുംബബന്ധത്തെയാണ് ഞാന്‍ സിനിമയിലൂടെ മുന്നോട്ടുവയ്‍ക്കാന്‍ ശ്രമിച്ചത്- മാജിദ് മജീദി പറഞ്ഞു.
ഇന്ത്യയില്‍ യുവാക്കള്‍ക്ക് സിനിമയില്‍ സാധ്യതകള്‍ വളരെ കുറവാണ്. കാരണം ഇന്ത്യയില്‍ സിനിമ ഒരു വ്യവസായമാണ്. ഇന്ത്യയില്‍ വളരെയധികം കഴിവുള്ള യുവതി യുവാക്കളുണ്ട്. പുതിയ ആള്‍ക്കാര്‍, അവര്‍ക്ക് അവസരമുണ്ടാക്കുക എന്നത് നമ്മുടെ കടമയാണ്. എന്‍റെ മിക്ക സിനിമകളിലും ഞാന്‍ ശ്രമിച്ചതും അതുതന്നെയാണ്.
സിനിമയിലൂടെ സാമൂഹ്യപ്രശ്നങ്ങള്‍ മുന്നോട്ടുകൊണ്ടുവരാനായിരുന്നു എന്‍റെ എല്ലായ്‍പ്പോഴത്തേയും ശ്രമം. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ബോളിവുഡ് വ്യവസായത്തോട് എനിക്ക് എതിര്‍പ്പുണ്ട് എന്നതല്ല. അത് അതിന്‍റെതായ അര്‍ഥത്തില്‍ തുടര്‍ന്നുപോയ്‍ക്കോണ്ടിരിക്കും- മാജിദ് മജീദി പറയുന്നു.