ഭോപ്പാല്‍: നാല്‍പ്പത്തിആറുകാരനായ സഞ്ജീവ് ശ്രീവാസ്തവയാണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ താരമായത്. ഗോവിന്ദയുടെ ഖുദ്ഗര്‍സ് എന്ന 1987 ലെ ചിത്രത്തിലെ ആപ് കെ ആ ചാനെ സേ എന്ന ഗാനത്തിനാണ് സഞ്ജീവ് ഒരു വിവാഹ ചടങ്ങിനിടെ ചുവടുവച്ചത്.
വീഡിയോ ബോളിവുഡ് താരങ്ങള്‍ പോലും ഷെയര്‍ ചെയ്തതോടെ പ്രതികരണവുമായി നടന് ഗോവിന്ദയും രംഗത്തെത്തി. സഞ്ജീവിനെ പ്രശംസിക്കുകയായിരുന്നു ഗോവിന്ദ. അദ്ദേഹത്തിന്റെ ചുവടുകള്‍ തനിക്ക് വളരെ ഇഷ്ടമായെന്നും ഡാന്‍സ് ഗംഭീരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഞ്ജീവില്നിന്ന് ഭാവിയില്‍ കൂടുതല്‍ ഡാന്‍സ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
undefined
മധ്യപ്രദേശിലെ ഒരു സ്വകാര്യ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറാണ് നാല്‍പ്പത്താറുകാരനായ സഞ്ജീവ് ശ്രീവാസ്തവ. ബോളിവുഡ് നടനായ ഗോവിന്ദയുടെ കടുത്ത ആരാധകനാണ് സഞ്ജീവ് ശ്രീവാസ്തവ. എന്നാല്‍ പെട്ടന്നുണ്ടായ ഈ പ്രശസ്തി അപ്രതീക്ഷിതമാണ്. ഇത്രയും ആളുകള്‍ക്ക് തന്റെ നൃത്തം ഇഷ്ടപ്പെട്ടുവെന്നത് സന്തോഷിപ്പിക്കുന്ന കാര്യമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് വരെ അഭിനന്ദിച്ച പ്രകടനമായിരുന്നു സഞ്ജീവ് ഒരു വിവാഹചടങ്ങിനിടെ നടത്തിയത്. ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജീവ് ഡാന്‍സിങ് അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു. ഒപ്പം മധ്യപ്രദേശിലെ വിദിഷ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയാണ് ഡാന്‍സ് അങ്കിളിനെ തേടിയെത്തിയത്.