ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം: സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രസ്താവനക്കുറിപ്പ് പുറത്തിറക്കിയ ഡബ്ല്യൂസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യർ. 'അനിവാര്യമായ വിശദീകരണം' എന്ന് കുറിച്ചാണ് മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു.
ഡബ്ല്യുസിസിയുടെ പ്രസ്താവന
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ഹൈലൈറ്റുകളിൽ "ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിൻ്റേത്" എന്ന് പറയുന്ന മൊഴികൾക്ക് പിറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി.
അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.
കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.