"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

By Prashobh Prasannan  |  First Published Dec 16, 2018, 6:33 PM IST

"എന്നും വരും വഴി വക്കില്‍ അവള്‍ എന്നോടൊന്ന് മിണ്ടാന്‍.." ഈ പാട്ടെഴുതി, ഈണമിട്ടു പാടിയ ആള്‍ പാട്ടിറങ്ങുന്നതിനു തൊട്ടുമുമ്പ് ആത്മഹ്യ ചെയ്‍തെന്നാണ് നിലവിലുള്ള കഥകള്‍. എന്നാല്‍ ഗാനപ്രേമികള്‍ വിഷം കൊടുത്തും കെട്ടിത്തൂക്കിയുമൊക്കെ കൊന്നുകളഞ്ഞ ഈ ഗാനശില്‍പ്പികള്‍ ഇവിടെയൊരിടത്ത് ജീവിച്ചിരിപ്പുണ്ട്. പെയിന്‍റിംഗ് തൊഴിലെടുത്ത് ജീവിതത്തെ നിറംപിടിപ്പിക്കുന്ന രണ്ട് കലാകാരന്മാര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു


എന്നും വരും വഴി വക്കില്‍ അവള്‍ എന്നോടൊന്ന് മിണ്ടാന്‍
പൊന്നേ പോയി മറഞ്ഞോ ഇനി എന്നും വഴിയോരം 
കണ്ണും നട്ടിരുപ്പൂ ഇനി എന്നില്‍ വരുകില്ലേ..

ട്ടൊമ്പത് വര്‍ഷം മുമ്പൊരു ഓട്ടോയില്‍ വച്ചാണെന്നു  തോന്നുന്നു ഈ പാട്ട് ആദ്യമായി കേള്‍ക്കുന്നത്. ഒറ്റ വാക്കില്‍ തന്നെയത് ഉള്ളില്‍ കൊളുത്തി. ഗിമ്മിക്കുകളൊട്ടുമില്ലാത്ത ലളിതമായ വാക്കുകള്‍. ശോകവും പ്രണയവുമൊക്കെ തുളുമ്പുന്ന, ഒരു പ്രത്യേകതരം ശബ്ദം. തകര്‍ന്നു പോയൊരു കാമുകന്‍റെ ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നൊമ്പരം നിറഞ്ഞൊരു പെണ്‍കുട്ടിയുടെ ശബ്ദമാണെന്ന് പിന്നെ തോന്നി. എന്തായാലും യാത്രയുടെ താളത്തിനൊത്ത് പാട്ട് മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതറിഞ്ഞു. ഒടുവില്‍ സങ്കടമെന്നോ സന്തോഷമെന്നോ പ്രണയമെന്നോ വിരഹമെന്നോ തിരിച്ചറിയാനാവാത്തത്ര വികാരങ്ങള്‍ നെഞ്ചില്‍ അവശേഷിപ്പിച്ച് പാട്ട് പതിയെ പാടി തീര്‍ന്നു. ആ യാത്രയ്ക്കു ശേഷം പിന്നീട് എത്രയെത്ര തവണ വീണ്ടുമത് കേട്ടെന്ന് എണ്ണിയിട്ടില്ല. ബസിലും ഓട്ടോ സ്റ്റാന്‍ഡുകളിലും ലോട്ടറി സ്റ്റാളുകളിലും ചായക്കടകളിലുമൊക്കെ പതിവായി ഈ പാട്ട് മുഴങ്ങിയ കാലം. അപ്പോഴൊക്കെ ശില്‍പ്പികളാരെന്ന ചോദ്യം ഉള്ളില്‍ അവശഷിച്ചു. പിന്നെ പതിവുപോലെ പതിയെപ്പതിയെ ഈ പാട്ടും ഓര്‍മ്മകളിലേക്ക് കടന്നു.

Latest Videos

ഏറെക്കാലത്തിനു ശേഷം അടുത്തിടെയൊരു ദിവസമാണ് ഇതൊന്നു കേള്‍ക്കണമെന്ന് പെട്ടെന്നൊരു മോഹമുദിക്കുന്നത്. ആദ്യ വാക്ക് ടൈപ്പ് ചെയ്യുമ്പോഴേക്കും പാട്ടിന്‍റെ നിരവധി യൂ ട്യൂബ് ലിങ്കുകള്‍ ഗൂഗിള്‍ മുന്നിലേക്ക് ചൊരിഞ്ഞിട്ടു. ഓരോന്നിനും ലക്ഷക്കണക്കിന് കാഴ്ചക്കാരും ആയിരക്കണക്കിനു കമന്‍റുകളും. ലിങ്കിലൊന്നില്‍ ക്ലിക്കിയപ്പോള്‍ വീണ്ടുമൊരു കൌമാരക്കാരനായി. കേള്‍വിക്കിടെ വെറുതെ ആ കമന്‍റുകളില്‍ ചിലത് വായിച്ചപ്പോഴാണ് ഞെട്ടിയത്. 

ഈ പാട്ടെഴുതി, ഈണമിട്ടു പാടിയത് ഒരു വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പാട്ടിറങ്ങുന്നതിനു തൊട്ടുമുമ്പ് അയാള്‍ ആത്മഹ്യ ചെയ്‍തെന്നുമായിരുന്നു മുഖ്യകമന്‍റുകള്‍. പ്രണയ നൈരാശ്യമാണ് പലരും പറയുന്ന കാരണം. എന്നാല്‍ അയാളുടെ സ്വദേശം കണ്ണൂരെന്നും പൊയിലൂരെന്നും പമ്പയെന്നും പത്തനംതിട്ടയെന്നുമൊക്കെയുള്ള പലപല വാദങ്ങള്‍ കേട്ടപ്പോള്‍ എന്തോ പൊരുത്തക്കേടുകള്‍ തോന്നി. ചില ഗാനാസ്വാദകരോട് ഇതേക്കുറിച്ച് നേരിട്ട് സംസാരിച്ചപ്പോഴും സമാനമായ കഥകള്‍ തന്നെയായിരുന്നു കേട്ടത്.  ഇതൊരു ഓണംകളി പാട്ടാണെന്ന ചിലരുടെ കമന്‍റുകള്‍ കൂടി കണ്ടതോടെ പാട്ടിന്‍റെ കഥ തേടിയിറങ്ങണമെന്ന് ഉറപ്പിച്ചു. ആ അന്വേഷണം ചെന്നവസാനിച്ചത് തൃശൂരിലെ ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലുമാണ്. ഗാനപ്രേമികള്‍ വിഷം കൊടുത്തും കെട്ടിത്തൂക്കിയുമൊക്കെ കൊന്നുകളഞ്ഞ ഈ മനോഹര ഗാനത്തിന്‍റെ ശില്‍പ്പികള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. പെയിന്‍റിംഗ് തൊഴിലെടുത്ത് ജീവിതത്തെ നിറംപിടിപ്പിക്കുന്ന രണ്ട് കലാകാരന്മാര്‍, അനി ഇരിങ്ങാലക്കുടയും സജീഷ് നിസരിയും. ഈ പാട്ടെഴുതിയത് അനിയാണ്. ഈണമിട്ട് പാടിയത് സജീഷും. പാട്ടു പിറന്ന കഥ ഇനി അവര്‍ തന്നെ പറയും.

 

ലക്ഷംവീട് കോളനിയിലെ കമ്പോസിംഗ്
 

"ഒമ്പതോ പത്തോ വര്‍ഷം മുമ്പാണ്. നാട്ടിലെ ഓണക്കളിപ്പാട്ടിന് കുറച്ച് പാട്ടുകള്‍ വേണം. കുറേയെണ്ണം ഉണ്ടാക്കി. ഒരു പാട്ടു കൂടിയുണ്ടെങ്കിലേ കളിക്കു മുമ്പ് കാസറ്റിറക്കാന്‍ സാധിക്കൂ. അതിനായൊരു പാട്ട് ചെയ്യാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇതൊന്നു കേള്‍ക്കാമോ ചേട്ടാ എന്നും ചോദിച്ച് ഒരു പാട്ടും കൊണ്ട് അനിയുടെ വരവ്..."

ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശിയായ സജീഷ് ആ കഥ പറഞ്ഞു തുടങ്ങി. 

ഫോട്ടോ: സജീഷ് നിസരി

തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ ചില ഭാഗങ്ങളില്‍ ഓണക്കാലത്ത് നടന്നു വരുന്ന കലാപരൂപമാണ് ഓണക്കളിപ്പാട്ട്. പലപ്പോഴും ഇതൊരു മത്സരമായിട്ടാണ് നടത്തുക. പുരുഷന്മാര്‍ ഉള്‍പ്പെടുന്ന ടീമുകളാണ് ഈ പാട്ടു മത്സരത്തിലെ പങ്കാളികള്‍. ഇവിടങ്ങളില്‍ നിരവധി ഓണക്കളിപ്പാട്ട് ടീമുകളുണ്ട്. ഓണക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളുമൊക്കെ മത്സരം സംഘടിപ്പിക്കും. കൂടാതെ അയ്യങ്കാളി ദിനം, പൂജ വയ്പ്പ് തുടങ്ങിയ വിശേഷ ദിവസങ്ങളോട് അനുബന്ധിച്ചും മത്സരം നടക്കാറുണ്ട്. ഒരു വര്‍ഷം ഓരോ ടീമിനും രണ്ടോ മൂന്നോ പാട്ടുകള്‍ പുതിയതായി കാണും. ജൂണ്‍ മുതല്‍ ടീമുകള്‍ പ്രാക്ടീസ് തുടങ്ങും. പാട്ടുകളെഴുതി ചിട്ടപ്പെടുത്തി പാടിപ്പഠിക്കുന്ന  സമയത്തു തന്നെ ഈ പാട്ടുകളുടെ റെക്കോര്‍ഡിംഗും നടക്കും. എന്നിട്ട് മത്സര സ്ഥലത്ത് ഇവ വില്‍ക്കും. കളിയുടെ ഇടവേളകളില്‍ കൊണ്ടുനടന്നു വില്‍ക്കുകയാണ് പതിവ്. അത്തരമൊരു സിഡി കാസറ്റിനായി പാട്ടുണ്ടാക്കുമ്പോള്‍  ഈ ഹിറ്റ് പാട്ട് പിറന്ന കഥയാണ് സജീഷ് പറഞ്ഞു വരുന്നത്. 

എന്നും വരും വഴിവക്കില്‍ എന്നോടൊന്ന് മിണ്ടാന്‍.. 
ഇല്ലാ കഴിയില്ലാ.. 

ഇതായിരുന്നു അനി കൊണ്ടു വന്ന വരികള്‍. ഇത് പണ്ടുമുതലേ നാട്ടില്‍ പാടിവരുന്ന ഒരു ഓണക്കളിപ്പാട്ടിന്‍റെ ആദ്യത്തെ വരികളാണ്. എന്നാല്‍ ഇതു കൂടാതെ മറ്റുചില വരികള്‍ കൂടി അനി എഴുതിയിരുന്നു. അത് സജീഷ് പാടി പഴയൊരു നോക്കിയ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. കേട്ടു നോക്കിയപ്പോള്‍ സംഗതി കൊള്ളാമെന്നു തോന്നി. ട്യൂണിട്ടു തന്നാല്‍ ബാക്കി കൂടി എഴുതാമെന്നായി അനി. ഉടനൊരു ട്യൂണുണ്ടാക്കി അനിക്ക് കൊടുത്തു. നടവരമ്പിലെ ലക്ഷം വീടു കോളനിയില്‍ ചെറിയൊരു സ്റ്റേജുണ്ട്. കോളനിക്കാര്‍ക്ക് ടീവി കാണാനുള്ള സ്ഥലമാണത്. അവിടെയിരുന്നായിരുന്നു ഞങ്ങളുടെ പാട്ട് ചര്‍ച്ചയും ട്യൂണുണ്ടാക്കലുമൊക്ക.  മഹാഭാരതവും രാമായണവുമൊക്കെയാണ് ഓണക്കളിപ്പാട്ടുകളില്‍ ഭൂരിഭാഗവും. ഇതൊന്നുമല്ലാത്ത ഒരു പ്രണയ ഗാനമെന്നു മാത്രമേ ഇതു ചെയ്യുമ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. സജീഷ് പറയുന്നു.

കൊടകരയിലെ സൗണ്ട് ഓഫ് ആര്‍ട്സ് സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്.  കീ ബോര്‍ഡ്, റിഥം പാഡ്, തബല, ലൈവ് ഫ്ലൂട്ട് എന്നീ ഇന്‍സ്ട്രുമെന്‍റുകളാണ് ഈ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. പാതാളം സ്വദേശിയായ ഒരു സാംസണ്‍ എന്നയാളായിരുന്നു കീ ബോര്‍ഡിസ്റ്റ് എന്നാണ് ഓര്‍മ്മ. മറ്റുള്ള ആര്‍ടിസ്റ്റുകളെ ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. ശ്രീരാമരാജ്യം എന്നായിരുന്നു കാസറ്റിന്‍റെ പേര്. കാസറ്റിലെ അവസാനത്തെ പാട്ടായിരുന്നു ഇത്.

ഒരിക്കലും പറയാത്ത പ്രണയം
അവളെ കാണാനായി മാത്രം കാത്തിരുന്ന നാളുകള്‍. സാക്ഷിയായി ആ വഴിയോരം. ഒരു നിമിഷം മാത്രം ആയുസുള്ള പതിവു കാഴ്ചകള്‍. അവനാദ്യം മിണ്ടുമെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ അവള്‍ സംസാരിച്ചു തുടങ്ങുമെന്നായിരുന്നു അവന്‍റെ പ്രതീക്ഷ. പക്ഷേ അവര്‍ തമ്മില്‍ ഒരിക്കലും ഒന്നും സംസാരിച്ചില്ല. ഒരുവാക്കു പോലും പരസ്പരം പറയാതെ അവര്‍ ഇരുവഴിക്കു പിരിഞ്ഞു. ഒടുവില്‍ ആ വഴി മാത്രം അവിടെ ബാക്കിയായി. തുറന്നു പറയാനാവാത്ത ഇത്തരമൊരു പ്രണയ സങ്കല്‍പ്പത്തെയായിരുന്നു ഇരിങ്ങാലക്കുട ഊളക്കാട് സ്വദേശിയായ അനി എന്ന ചെറുപ്പക്കാരന്‍ പത്തു വര്‍ഷം മുമ്പ് കുത്തിക്കുറിച്ചത്.  രമണനെയും മദനനെയും ചന്ദ്രികയെയുമൊക്കെ സങ്കല്‍പ്പിച്ച് ഈ പാട്ടെഴുതുമ്പോള്‍ അനിക്ക് വെറും 20 വയസാണ് പ്രായം. ഓണക്കളിപ്പാട്ടുകളുടെ ഭാണ്ഡവും പേറി നടക്കുന്ന ടി കെ മുരളീധരന്‍  എന്ന മുരളിയാശാന്‍റെ  പാട്ടുകള്‍ കുട്ടിക്കാലം മുതലേ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അനി പറയുന്നു. അദ്ദേഹത്തിന്‍റെ പാട്ടുകളില്‍ ഒരെണ്ണമെടുത്ത് അല്‍പ്പമൊന്ന് മാറ്റിയെഴുതുക മാത്രമാണ് താന്‍ ചെയ്തതെന്ന് പറഞ്ഞ് ഈ യുവാവ് വിനയാന്വിതനാകുന്നു.

ഫോട്ടോ: അനി ഇരിങ്ങാലക്കുട

ഓണക്കളി ടീമുകളിലൊന്നായ നിസരിയില്‍ കളിക്കു വന്നപ്പോഴാണ് അനി സജീഷിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഈ പാട്ടിലേക്കെത്തുന്നത്. ഹിറ്റാവുമെന്നൊന്നും ഒരിക്കലും വിചാരിച്ചില്ല. പലരും ഈ പാട്ട് റിംഗ് ട്യൂണാക്കി മാറ്റിയതോടെയാണ് ആദ്യം വൈറലായത്.  പിന്നീട് ബസുകാരും ഓട്ടോക്കാരും ടാക്സി ഡ്രൈവര്‍മാരുമൊക്കെയാണ് പാട്ടിനെ ഇങ്ങനെ ജനഹൃദയങ്ങളിലേക്കെത്തിച്ചതെന്നു വിശ്വസിക്കുന്ന അനി പാട്ടിന്‍റെ ഈ ജനപ്രിയതയ്ക്ക് കാരണം സജീഷിന്‍റെ ഈണവും വേറിട്ട ആലാപന ശൈലിമാണെന്ന് ഉറപ്പിച്ചു പറയുന്നു. 

മരിച്ച ചേട്ടന്മാരുടെ പാട്ട്..!
പാട്ടെഴുതിയ ആളും പാടിയ ആളുമൊക്കെ മരിച്ചു പോയെന്ന കഥകള്‍ ഒരുപാടു തവണ ഇവരും കേട്ടിട്ടുണ്ട്. മറ്റു ജില്ലകളിലൊക്കെ പണിക്കു പോകുമ്പോള്‍ ഈ പാട്ട് രസകരമായ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ടെന്നു സജീഷ്. പാട്ടിറങ്ങി കുറേക്കാലം കഴിഞ്ഞാണ്, കോട്ടയത്തൊരു ഫ്ളാറ്റിന്‍റെ പെയിന്‍റിംഗിനു പോയി. അവിടെ താമസിച്ചായിരുന്നു പണി. മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്ന സഹപണിക്കാരോടു കൂട്ടുകാര്‍ പറഞ്ഞു, എന്നും വരും വഴി വക്കില്‍ എന്ന പാട്ടുപാടിയ ആളാണിതെന്ന്. അപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. അയാള്‍ മരിച്ചു പോയല്ലോ, വെറുതെ കള്ളം പറയരുതെന്ന് അവര്‍. ഒടുവില്‍ പാട്ടു പാടി കേള്‍പ്പിച്ചതിനു ശേഷമാണ് അവര്‍ വിശ്വസിച്ചത്. നിരവധി സ്ഥലങ്ങളില്‍ വച്ച് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കള്‍ പറയുമ്പോള്‍ പാട്ടിനെക്കുറിച്ച് കേട്ടിട്ടുള്ളവരൊക്കെ പറയും അങ്ങേരൊക്കെ മരിച്ചു പോയല്ലോ എന്ന്. സജീഷ് തന്നെ പാടിക്കേള്‍പ്പിച്ചു കഴിയുമ്പോള്‍ ആരാണീ നുണകളൊക്കെ പറഞ്ഞുണ്ടാക്കുന്നതെന്ന് ചോദിച്ച് അവര്‍ അമ്പരക്കും. ചിലയിടങ്ങളില്‍ വീടുകളിലൊക്കെ പണിക്കു പോകുമ്പോള്‍ ആളുകള്‍ കേട്ടറിഞ്ഞ് കാണാനെത്തുമായിരുന്നു. 

കായംകുളത്ത് ഒരു പരിപാടിയില്‍ ഗസ്റ്റായി പാടാന്‍ പോയപ്പോഴും രസകരമായ ഒരനുഭവമുണ്ടായി സജീഷിന്. നാടന്‍ പാട്ടായിരുന്നു അവിടുത്തെ പ്രധാനപരിപാടി. ടിക്കറ്റ് വച്ചുള്ള പരിപാടിയാണ്. പരിപാടി പൊളിഞ്ഞെന്ന് പ്രേക്ഷരുടെ പ്രതികരണം കണ്ടപ്പോഴേ തോന്നി. ഗസ്റ്റായി ഒപ്പം വന്ന മറ്റൊരു ഗായകന്‍ അദ്ദേഹത്തിന്‍റെ ഹിറ്റ് മാപ്പിളപ്പാട്ടും പാടി സ്ഥലം കാലിയാക്കി. ജനം ബഹളം വച്ചു തുടങ്ങി. ഒടുവില്‍ അറ്റകൈക്ക് അടുത്തതായി എന്നും വരും വഴി വക്കില്‍ മരിച്ചു പോയ ഗായകന്‍ പാടുന്നു എന്ന് സംഘാടകര്‍ അനൗണ്‍സ് ചെയ്തു.  സ്റ്റേജിലെത്തിയ സജീഷ് പാടിത്തുടങ്ങിയപ്പോള്‍ ദേ മരിച്ചുപോയ ചേട്ടന്‍ പാടുന്നൂവെന്ന് പറഞ്ഞ് ജനം കയ്യടിച്ചു. പക്ഷേ പ്രശ്നം അവിടെ തീര്‍ന്നില്ല. മരിച്ചു പോയ ചേട്ടന്‍ ഇനീം പാടണം, എന്നാലേ ഞങ്ങടെ കാശുമൊതലാവൂ എന്നായി ആസ്വാദകര്‍. അങ്ങനെ മൂന്നോ നാലോ തവണ ഇതേ പാട്ടുപാടിയാണ് വേദി വിട്ടത്. അന്ന് ഒരുപാടു പേര്‍ കാണാന്‍ സ്റ്റേജിലെത്തിയ കാര്യം സജീഷ് ഓര്‍ക്കുന്നു. 

ഈ മരണക്കഥകള്‍ എങ്ങനെ ഉണ്ടായെന്ന് സജീഷിനോ അനിക്കോ അറിയില്ല. 'എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്താണെന്നൊക്കെ' പറഞ്ഞ് വളരെ വിശ്വസനീയമായ രീതിയിലാണ് പലരും ഈ കഥകള്‍ അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതും വിവിധ ജില്ലകളിലുള്ളവര്‍. ഒരുപക്ഷേ പാട്ടുപാടിയതിന്‍റെ പ്രത്യേകത കൊണ്ടാവും ഗായകനായ എഴുത്തുകാരന്‍ മരിച്ചെന്ന് ആളുകള്‍ വിശ്വസിക്കുന്നത്.  ഈ പാട്ടിനു വേണ്ടി ബോധപൂര്‍വ്വം ഈ ശൈലിയില്‍ പാടിയതാണെന്നു സജീഷ് പറയുന്നു. ആസ്വാദകര്‍ അവരവര്‍ക്ക് തോന്നുന്ന കഥകള്‍ അടിച്ചു വിടുകയാണെന്ന് അനി പറയുന്നു. ഇത്തരം കമന്‍റുകളൊക്കെ കാണുമ്പോള്‍ ആദ്യമൊക്കെ കൗതുകമായിരുന്നു. ഇപ്പോഴതൊന്നും ശ്രദ്ധിക്കാറില്ലെന്നും അനി.

കാശുമില്ല, നല്ല വാക്കും
ഇപ്പോഴത്തെ പുത്തന്‍ നാടന്‍ പാട്ടുകള്‍ക്ക് കിട്ടുന്ന പ്രോത്സാഹനമൊന്നും അന്ന് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ഈ കലാകാരന്മാരുടെ പരാതി. അക്കാലത്ത് യൂടൂബും സോഷ്യല്‍ മീഡിയയുമൊന്നും ഇന്നുള്ളതു പോലെ സജീവമല്ലായിരുന്നു എന്നതാവാം പ്രാധാന കാരണം. ശ്രീരാമരാജ്യം എന്ന ആല്‍ബത്തിന് അക്ഷരാര്‍ത്ഥത്തില്‍ രണ്ട് നിര്‍മ്മാതാക്കളുണ്ട്. വീടിന്‍റെ ആധാരമോ മറ്റോ പണയപ്പെടുത്തിയാണ് ആദ്യത്തെ പ്രൊഡ്യൂസര്‍ ആല്‍ബത്തിനു മുതല്‍മുടക്കിയത്.  പിന്നെ അദ്ദേഹം മറ്റൊരാള്‍ക്ക് അവകാശം മറിച്ചു വിറ്റ്  കടം തീര്‍ത്തു. പ്രതിഫലമൊന്നും കിട്ടിയില്ലേ എന്ന ചോദ്യത്തിന് പാട്ടിനു വേണ്ടി രണ്ടാഴ്ച സ്റ്റുഡിയോയില്‍ കിടന്നത് മാത്രമാണ് മിച്ചമെന്ന് ചിരിച്ചുകൊണ്ടുള്ള സജീഷിന്‍റെ മറുപടി. 

എന്നാല്‍ പേരിനെങ്കിലും പ്രതിഫലം ലഭിച്ചതില്‍ സന്തോഷവാനാണ് അനി. ഈ പാട്ടെഴുതിയതിന്‍റെ കൂലിയായി 500 രൂപയാണ് അനിക്ക് കിട്ടിയിത്. ആത്മാര്‍ത്ഥമായി ആരും സഹായിച്ചില്ലെന്നു പറയുമ്പോള്‍ അനിയുടെ ശബ്ദത്തില്‍ പാട്ടിലെ അതേ വിഷാദം വന്നു നിറഞ്ഞു. ഇക്കാലത്തിനിടെ എഴുതിയ പാട്ടുകളുടെ കൃത്യമായ എണ്ണമൊന്നും അനി ഓര്‍ക്കുന്നില്ല. ഏകദേശം 500 ഓളം കാണുമെന്ന് വെറും പത്താം ക്ലാസുകാരനായ ഈ യുവാവ് പറഞ്ഞപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് പണ്ട് ഈ പാട്ട് ആദ്യം കേട്ടപ്പോഴുണ്ടായ അതേ അമ്പരപ്പാണ്.  കുടുംബമൊക്കെയായതോടെ കാസറ്റ്, സിഡി രംഗത്ത് അത്ര സജീവമല്ല അനി. പെയിന്‍റിംഗ് ജോലിക്കിടെ ഇപ്പോള്‍ ഓണക്കളിപ്പാട്ടുകളും ചിന്തുപാട്ടുകളും മാത്രമേ മനസിലുള്ളൂവെന്ന് രണ്ടു കുട്ടികളുടെ പിതാവു കൂടിയായ അനി പറയുന്നു.

പണിത്തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് പാടുന്നതെന്ന് സജീഷ് പറയുന്നു. കരോക്കെ ഗാനമേളകള്‍ക്കൊക്കെ പോകാറുണ്ട്. ചെറിയ പരിപാടികള്‍ കിട്ടുന്നതിനാല്‍ സൈഡായി ചെറിയ വരുമാനമുണ്ട്. അടുത്ത പാട്ടേതാണെന്ന് പലരും ചോദിക്കുമെങ്കിലും പൈസയാണ് വലിയ പ്രശ്നമെന്ന് സജീഷ് പറയുന്നു. ഒരുപാട്ടിന് കീ ബോഡ് ചെയ്യാന്‍ അന്ന് 1000 രൂപയായിരുന്നെങ്കില്‍ ഇന്നത് 8000 രൂപയോളമാവും. എന്നാലും പാട്ടുകള്‍ ചെയ്യുന്നുണ്ട്. പാട്ടുകളുണ്ടാക്കി വെറുതെ യൂട്യൂബിലും ഫേസ് ബുക്കിലുമൊക്കെ അപ് ലോഡ് ചെയ്തിടും. ഒന്നു വിരലോടിച്ചാല്‍ യൂടൂബില്‍ നിറയെ സജീഷിന്‍റെ പാട്ടുകള്‍ കാണാം. സാമ്പത്തികമായി ഒന്നും പ്രതീക്ഷിച്ചട്ടല്ലെന്നും നല്ല പാട്ടുകള്‍ ഉണ്ടാവണമെന്നു മാത്രമാണ് ആഗ്രഹമെന്നും സജീഷ് പറയുന്നു. ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച സജീഷ് ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പാടിയ പാട്ടുകളില്‍ ഭൂരിഭാഗത്തിനും സംഗീതം കൊടുത്തതും 15 വര്‍ഷമായി ഈ രംഗത്തുള്ള  സജീഷ് തന്നെയാണെങ്കിലും താനുണ്ടാക്കിയതും പാടിയതുമായ പാട്ടുകളുടെ എണ്ണമൊന്നും ഒരു കുട്ടിയുടെ പിതാവു കൂടിയായ ഈ മുപ്പത്തഞ്ചുകാരനും ഓര്‍ത്തു വച്ചിട്ടില്ല. 

click me!