'വെജിറ്റേറിയനായ പിഷാരടി മീന്‍ വില്‍പ്പനയ്ക്ക് ഒപ്പം നില്‍ക്കാനുള്ള കാരണം'; ധര്‍മ്മജന്‍ പറയുന്നു

By NANA DESK  |  First Published Oct 3, 2018, 7:54 PM IST

"തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയും കോട്ടയത്ത് വിജയരാഘവനുമാണ് ഷോപ്പുകളുടെ മേല്‍നോട്ടം. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നുതന്നെയായിരിക്കും പേര്. അവിടെയും വിഷമില്ലാത്ത നല്ല മത്സ്യം എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം."


അപ്രതീക്ഷിതമായെത്തിയ പ്രളയം ജീവിതത്തിനും പ്രിയപ്പെട്ടവര്‍ക്കും വലിയ പരിക്കുകളേല്‍പ്പിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ധര്‍മ്മജന്‍ ബോല്‍ഗാട്ടി. ഒരു സെറ്റില്‍ നിന്ന് മറ്റൊന്നിലേക്ക്, ധര്‍മ്മജന്‍ സിനിമാ തിരക്കുകളില്‍ മുഴുകിക്കഴിയുന്നതിനിടയ്ക്കാണ് പ്രളയം എത്തിയത്. തിരക്കുകള്‍ക്കിടയിലും ആ ദിനങ്ങളില്‍ വരാപ്പുഴയിലെ വീട്ടില്‍ വേണ്ടപ്പെട്ടവര്‍ക്ക് താങ്ങായി നില്‍ക്കാനായതിന്റെ ആശ്വാസമുണ്ട് അദ്ദേഹത്തിന്.

വരാപ്പുഴയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് 4 വര്‍ഷങ്ങള്‍. ഒപ്പം അമ്മയും ഭാര്യയും രണ്ട് മക്കളും. മുന്‍കൊല്ലങ്ങളിലൊന്നും വെള്ളപ്പൊക്കത്താല്‍ ദുരിതമുണ്ടായ അനുഭവങ്ങളില്ല. അതുകൊണ്ടുതന്നെ പ്രളയകാലത്തെ സംഭവങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഒറ്റ രാത്രികൊണ്ടാണ് ധര്‍മ്മജന്റെ വീടിനുള്ളില്‍ വെള്ളം കയറിയത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. ചില ഗൃഹോപകരണങ്ങളും നാശമായി. പക്ഷേ, ഇതൊന്നും വലിയ നഷ്ടങ്ങളായി ധര്‍മ്മജന്‍ കണക്കാക്കുന്നില്ല. കാരണം പ്രിയപ്പെട്ടവരെയെല്ലാം പരിക്കുകളേല്‍ക്കാതെ തിരിച്ചുകിട്ടിയല്ലോ. പ്രളയകാലത്ത് ധര്‍മ്മജന്റെ ഒരു വോയ്‌സ് മെസേജ് വൈറലായിരുന്നു. അങ്ങനെയാണ് ധര്‍മ്മജനും കുടുംബവും പ്രളയഭീതി അനുഭവിച്ച കാര്യം ആളുകള്‍ അറിയുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'സകലകലാശാല' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ധര്‍മ്മജന്‍ സംസാരിക്കുന്നു.

Latest Videos

undefined

സകലകലാശാലയില്‍ പിന്നണി പാടുന്നുണ്ടല്ലോ?

ഞാന്‍ ഒരു പാട്ടുകാരനൊന്നുമല്ല. ഈ ചിത്രത്തില്‍ കോളേജ് കാമ്പസില്‍ ഒരു നല്ല മൂഡുണ്ടാക്കുന്ന പാട്ടുസീനുണ്ട്. നാലുവരി പാടണമെന്നാവശ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ആശങ്കയിലായി. സിനിമയില്‍ പിന്നണി പാടുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ വീണ്ടും ആലോചിച്ചു. ഞാന്‍ തന്നെ പാടണോയെന്ന് ചോദിച്ചപ്പോള്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളും ഒക്കെക്കൂടി എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ നാലുവരി പാടി.

റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഇനിയും പാടണമെന്ന ആഗ്രഹം തോന്നിയോ?

മിമിക്രി കാലത്ത് പാട്ടും കച്ചേരിയുമൊക്കെ തമാശയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. സ്വരം നന്നായിരിക്കുമ്പോഴല്ലേ പാട്ടുപാടാന്‍ പറ്റൂ? സകലകലാശാലയില്‍ പാടി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, എന്തുകൊണ്ട് ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പാടിക്കൂടാ? അങ്ങനെ നിത്യഹരിത നായകന്‍ എന്ന സിനിമയ്ക്കുവേണ്ടി ഒരു ടൈറ്റില്‍ സോംഗ് കൂടി ഞാന്‍ പാടുന്നുണ്ട്. ഞാന്‍ മാത്രമല്ല, നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂടി ആ പാട്ടില്‍ പങ്കാളിയായിരിക്കും.

'ധര്‍മ്മൂസ് ഫിഷ് ഹബ്ബ്' എന്ന പേരില്‍ മത്സ്യവ്യാപാരം തുടങ്ങിയിരുന്നല്ലോ? അതേക്കുറിച്ചൊന്ന് പറയാമോ? എങ്ങനെയാണ് അത്തരമൊരു ആശയം ഉടലെടുത്തത്?

ബോല്‍ഗാട്ടിയില്‍ താമസിക്കുമ്പോള്‍ ചുറ്റും കായലല്ലേ? മീന്‍പിടുത്തം മിക്കപ്പോഴുമുണ്ടായിരുന്നു. പലതരം വലകള്‍ എനിക്ക് സ്വന്തമായുണ്ട്. എറണാകുളം ജില്ലയില്‍ ഒരു സ്ഥലത്ത് വിഷമില്ലാത്ത നല്ല മീന്‍ കൊടുക്കണമെന്ന് ഒരാഗ്രഹം തോന്നിയപ്പോള്‍ ഞാനും എന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഷോപ്പ് തുടങ്ങുന്ന കാര്യം ആലോചിക്കുകയായിരുന്നു. ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവിലാണ് ആദ്യത്തെ ഷോപ്പ് തുടങ്ങിയത്. അടുത്തുതന്നെ കാക്കനാട് ഭാഗത്തും ഒരു ഷോപ്പ് തുറക്കും. കൂടാതെ തൃപ്പൂണിത്തുറയിലും കോട്ടയത്തും ഫ്രാഞ്ചൈസി കൊടുത്തിരിക്കുകയാണിപ്പോള്‍. തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയും കോട്ടയത്ത് വിജയരാഘവനുമാണ് ഷോപ്പുകളുടെ മേല്‍നോട്ടം. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നുതന്നെയായിരിക്കും പേര്. അവിടെയും വിഷമില്ലാത്ത നല്ല മത്സ്യം എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം. കാത്സ്യം കൂടുതലുള്ള ചെറിയ മീനുകളും ധാരാളമുണ്ട്. മീനുകളെല്ലാം ഹാര്‍ബറില്‍ നിന്നും നേരിട്ട് എടുക്കുകയാണ്. വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും പരീക്ഷിക്കുകയും ചെയ്ത്, നന്നായി ക്ലീന്‍ ചെയ്തതിനും ശേഷമാണ് ഷോപ്പിലെത്തിക്കുന്നത്.

വിജയരാഘവനും പിഷാരടിയുമൊക്കെ ഇതില്‍ തല്‍പ്പരരായി മുന്നോട്ടുവന്നതെങ്ങനെയാണ്?

വിജയരാഘവന്‍ ചേട്ടന്റെ സഹപാഠിയായിരുന്ന ഒരു ചേച്ചി എന്റെ ഷോപ്പില്‍ നിന്നും മീന്‍വാങ്ങി കൊണ്ടുപോയി കഴിച്ചു. ഇത്രയും നല്ല മീന്‍ ജീവിതത്തില്‍ ഇതുവരെ കഴിച്ചിട്ടില്ലെന്നും ഇനി ധര്‍മ്മജനെ കാണുമ്പോള്‍ അതിന്റെ നന്ദി ഒന്ന് പറയണമെന്നും വിജയരാഘവന്‍ ചേട്ടനെ അവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴാണ് വിജയരാഘവന്‍ ചേട്ടന്‍ ഫ്രാഞ്ചൈസി എടുക്കുന്ന കാര്യത്തെക്കുറിച്ച് താല്‍പര്യത്തോടെ സംസാരിച്ചത്. അങ്ങനെയാണ് അതിന് ധാരണയായത്. അടുത്തുതന്നെ കോട്ടയത്തും തൃപ്പൂണിത്തുറയിലും ഷോപ്പ് തുറക്കും. പക്കാ വെജിറ്റേറിയനായ പിഷാരടി ഒരു മീന്‍ഷോപ്പ് തുടങ്ങാന്‍ കാണിച്ച താല്‍പ്പര്യം അവന്റെ നല്ല മനസ്സുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഇനി മുതല്‍ തൃപ്പൂണിത്തുറക്കാര്‍ക്കും കോട്ടയംകാര്‍ക്കും വിഷമില്ലാത്ത നല്ല മീന്‍ കഴിച്ചുതുടങ്ങാം.

(തയ്യാറാക്കിയത്: ജി. കൃഷ്ണന്‍)

click me!