അമീര്‍ഖാന്റെ പുത്തന്‍ ഗുസ്തി ചിത്രം ദംഗല്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ദംഗല്‍ എന്നാല്‍ റസ്‍ലിംഗ്. ഇന്ത്യന്‍ ഗുസ്തി ഇതിഹാസം മഹാവീര്‍ സിംഗ് ഫോഗാട്ടിന്റെ ജീവിതം വരയുന്ന ചിത്രം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗലിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ചിത്രം ഈ മാസം 23ന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
Latest Videos
undefined
എന്നാല്‍ ദംഗല്‍ എന്ന പേരില്‍ ഒരു സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമല്ല. 40 വര്‍ഷം മുമ്പ് ഇതേ പേരില്‍ മറ്റൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. ഉത്തരേന്ത്യന്‍ പ്രാദേശിക ഭാഷയായ ഭോജ്പുരിയിലായിരുന്നു അത് . ബോളീവുഡിലെ വരേണ്യവര്‍ഗ്ഗം അരികുകളിലേക്കു മാറ്റിനിര്‍ത്തിയിരുന്ന ഭോജ്പുരി സിനിമകളെക്കുറിച്ച് മുഖ്യധാരാ പൊതുബോധം അധികമങ്ങനെ അറിയാനിടയില്ല.
എന്നാല്‍ ദംഗല്‍ എന്ന നാല്‍പ്പതു വര്‍ഷം പഴക്കമുള്ള ആ ഭോജ്പുരി സിനിമ ഇന്ത്യന്‍ സിനിമാസംഗീത ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നാണ്. കാരണം ഒരുകാലത്ത് ബോളീവുഡ് സംഗീത ലോകത്തെ അടക്കിഭരിച്ചിരുന്ന രണ്ട് സംഗീത സംവിധായകരുടെ ആദ്യചിത്രമായിരുന്നു അത്. മെലഡികള്‍ കൊണ്ട് തൊണ്ണൂറുകളെ ആദ്രമാക്കിയ നദീംശ്രാവണിന്റെ അരങ്ങേറ്റ ചിത്രം.
ഹിന്ദുസ്ഥാനി, ഗസല്‍, ഖവാലി സമന്വയവും ഭാംസുരി, സിത്താര്‍, ഷെഹനായി, അര്‍ജന്റീനിയന്‍, ആഫ്രോ ക്യൂബന്‍ പ്രെകഷന്‍ വാദ്യോപകരണങ്ങളുടെ പശ്ചാത്തലവും നിറഞ്ഞ നദീം ശ്രാവണ്‍ ഈണങ്ങളെ ആയിരങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനു തൊട്ടുമുമ്പു വരെയുള്ള വടക്കേയിന്ത്യന്‍ ഗ്രാമീണ നാടോടി ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും ഗതകാല സ്മരണകളിരമ്പുന്ന പാക്കിസ്ഥാനി ഈണങ്ങളുടെ സ്വാധീനവും ഇവരുടെ പല ഗാനങ്ങളെയും സമ്പന്നമാക്കുന്നു.
തെരുവുകച്ചവടക്കാരും റിക്ഷ വലിക്കുന്നവനും ബസ് തൊഴിലാളികളും ഗോതമ്പുപാടങ്ങളിലും കടുകുപാടങ്ങളിലും ഖനികളിലുമൊക്കെ വിയര്‍പ്പൊഴുക്കുന്നവനും ടാക്‌സി ഡ്രൈവര്‍മാരുമൊക്കെയടങ്ങുന്ന അരികുചേര്‍ക്കപ്പെട്ട ജനത ഒരുകാലത്ത് നെഞ്ചിലേറ്റിയ ഗാനങ്ങള്‍. ആ നദീംശ്രാവണ്‍ യുഗത്തിന്റെ അരങ്ങേറ്റ വേദിയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഭോജ്‍പുരി ദംഗല്‍.
1990ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ട് ചിത്രം ആഷിഖിയുടെ പേരിലാവും പലരും നദീംശ്രാവണ്‍ കൂട്ടുകെട്ടിനെ അറിയുന്നതും ഓര്‍ക്കുന്നതും. എന്നാല്‍ ആഷിഖി എന്ന മെഗാമ്യൂസിക്കല്‍ ഹിറ്റിനും രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങുന്നു നദീം സൈഫിയുടെയും ശ്രാവണ്‍ റത്തോഡിന്റെയും സംഗീത ജീവിതം. 1977 മെയ് 11നാണ് ബച്ചുഭായ് ഷാ നിര്‍മ്മിച്ച ദംഗല്‍ തിയേറ്ററുകളിലെത്തന്നത്. മുംബൈ സെന്‍ട്രല്‍ സ്വദേശിയായ നദീം സൈഫിയും ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ പണ്ഡിറ്റ് ചതുര്‍ഭുജ് റാത്തോഡിന്റെ മകന്‍ ശ്രാവണ്‍ റാത്തോഡും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അതിനും അഞ്ച് വര്‍ഷം മുമ്പാണ്. 1972ല്‍.
പരിചയപ്പെടുത്തുന്നത് ഹരീഷ് ബൊപ്പയ്യ എന്ന പൊതുസുഹൃത്ത്. മുംബൈ സെന്റ് അന്നാസ് സ്‌കൂളിലെ ഒരു സംഗീത മത്സരപരിപാടിയില്‍ കുട്ടിക്കള്‍ക്ക് മാര്‍ക്കിടാനെത്തിയ ആ കൗമാരക്കാര്‍ തങ്ങളുടെ സംഗീതാഭിരുചികള്‍ സമാനമാണെന്നു തിരിച്ചറിയുന്നു. അങ്ങനെ തങ്ങള്‍ക്കു പ്രിയപ്പെട്ട ശങ്കര്‍ജയകിഷന്മാരുടെ മാതൃകയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു. അഞ്ച് വര്‍ഷത്തെ അലച്ചില്‍. ഒടുവില്‍ ദംഗലില്‍ ഗാനങ്ങളൊരുക്കാന്‍ അവസരം. രതികുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം ഭോജ്പുരിയിലെ അക്കാലത്തെ സൂപ്പര്‍ താരം സുജിത് കുമാര്‍ നായകന്‍. പ്രേമ നാരായണ നായികയും.
കുല്‍വന്ത് ജാനി വരികളെഴുതിയ ആറു ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. മുഹമ്മദ് റാഫിയും ആശാ ഭോസ്ലയും മന്നാഡെയുമൊക്കെ ഗായകര്‍. റാഫിയെന്ന ഇതിഹാസത്തെക്കൊണ്ടു പാട്ടുപാടിക്കുമ്പോള്‍ നദീമിനും ശ്രാവണിനും പ്രായം ഇരുപത്തയഞ്ച് തികയില്ല. റാഫിയും ആശാഭോസ്ലെയും ചേര്‍ന്നുപാടിയ ഫൂട്ട് ഗലിയെ കിസ്മത്തിയ ഉള്‍പ്പെടെയുള്ള ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ബാഡാ പരേഷാന്‍, മൊരെ ഹോത് വസെ നതുനിയാ (ആശ), ഗരി ഗരി (ലത), കാഷ് ഹിലെ പട്‌നാ (മന്നാഡേ) തുടങ്ങിയ പാട്ടുകളിലെല്ലാം പില്‍ക്കാലത്തെ നദീംശ്രാവണ്‍ ഹിറ്റുകളുടെ തൂവല്‍ സ്പര്‍ശമുണ്ട്.
ദംഗലിനു ശേഷം ഏതാനും ഭോജ്പുരി ചിത്രങ്ങള്‍ക്കു കൂടി ഈണമൊരുക്കിയ ഇരുവരും 1982ല്‍ 'മേനെ ജീനാ സീഖ് ലിയാ'യിലൂടെ ഹിന്ദിയിലും പ്രവേശിച്ചു. പിന്നെ കുറേ ബി ഗ്രേഡ് സിനിമകള്‍. പിന്നെയും കാത്തിരിക്കേണ്ടിയിരുന്നു ഒരു മെഗാഹിറ്റിന്‍റെ പിറവിക്ക്. ആവര്‍ത്തിച്ചുള്ള ഡിസ്‌കോ നമ്പറുകളാല്‍ ബോളീവുഡ് സംഗീതം അരോചകമായിരുന്ന എണ്‍പതുകളുടെ ഒടുവിലാണ് ഇരുവരും ടി സീരിസ് ഉടമ ഗുല്‍ഷന്‍ കുമാറിനെ പരിചയപ്പെടുന്നത്. അതായിരുന്നു വഴിത്തിരിവ്.
ആഷിഖി എന്ന പേരില്‍ ആല്‍ബം ചെയ്യാന്‍ ആദ്യധാരണ. അങ്ങനെ പാട്ടുകളൊരുക്കി. പക്ഷേ ഒരു സിനിമാക്കഥയുമായി മഹേഷ് ഭട്ട് വന്നതോടെ ആല്‍ബം സിനിമയ്ക്കു വഴിമാറി. കുമാര്‍ സാനു, അനുരാധാ പഡ്വാള്‍, ഉദിത് നാരായണന്‍, നിതിന്‍ മുകേഷ് എന്നിവര്‍ പാടിയ ഒമ്പത് ഗാനങ്ങളുമായി 1990 ആഗസ്ത് 17ന് റിലീസ് ചെയ്ത ആഷിഖി ബോളീവുഡിനെ അമ്പരപ്പിച്ചു.
അതുവരെ കേട്ടിട്ടില്ലാത്ത ഓര്‍ക്കസ്ട്രയും ബീജിയെമ്മും ചേര്‍ത്തുവച്ച മെലഡികള്‍. നസര്‍ കെ സാമ്‌നെ, ശ്വാസോം കീ സരൂരത്ത്, തൂ മെരി സിന്ദഗീ ഹേ, മെം ദുനിയാ ബുലാദൂംഗാ, ധീരേ ധീരേ, ജാനേജിഗര്‍, അബ്‌തേരേബിന്‍, ദില്‍കാ ആലം, മേരാ ദില്‍ തേരേലിയേ തുടങ്ങിയ ഗാനങ്ങളെല്ലാം ജനം നെഞ്ചേറ്റി.
ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ 'ആഷിഖി'യുടെ പിന്നാലെ സംഗീത സാന്ദ്രമായ സിനിമകളുടെ ഘോഷയാത്രയായിരുന്നു. ദില്‍ഹേ കി മാന്‍താ നഹീന്‍, സാഥി, ഫൂല്‍ ഔര്‍ കാണ്ഡെ, കല്‍കി ആവാസ്, ദീവാന, ദില്‍വാലെ, സലാമി, ജുഡായി, പര്‍ദേശ്, ദട്കന്‍, ദില്‍ ആഷിഖാന, റാസ് തുടങ്ങി നൂറുകണക്കിനു മെഗാ മ്യൂസിക്കല്‍ഹിറ്റുകള്‍.
കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റിരുന്ന കാലം. നദീം ശ്രാവണെന്ന ടൈറ്റിലൊട്ടിച്ച കാസറ്റ് വില്‍പ്പനയിലൂടെ മാത്രം സിനിമയുടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച നിര്‍മ്മാതാക്കള്‍. കുമാര്‍ സാനുവും അല്‍ക്കാ യാഗ്‌നിക്കും ഉദിത്‌നാരായണനും അനുരാധ പട്‍വാളുമൊക്കെ നദീംശ്രാവണ്‍ ഈണങ്ങളിലൂടെ പാടിക്കയറി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 113 ഓളം പുരസ്‌കാരങ്ങള്‍. 18 ഭാഷകളിലേക്ക് ഈണങ്ങളുടെ മൊഴിമാറ്റം.
രണ്ടായിരമാണ്ടിന്റെ ആദ്യപാദങ്ങളിലാണ് നദീം ശ്രാവണ്‍ കാലഘട്ടം അവസാനിക്കുന്നത്. ഇക്കാലത്ത് ബോളീവുഡില്‍ അരങ്ങേറ്റം നടത്തിയ പ്രിതം ചക്രബര്‍ത്തിയാണ് ആമിര്‍ നായകനാകുന്ന പുത്തന്‍ ദംഗലിന് ഈണമൊരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ അമിതപ്രയോഗവും പാശ്ചാത്യ സംഗീതത്തിന്റെ അന്ധമായ അനുകരണവും ഈണങ്ങളുടെ കോപ്പിയടിയും അനാവശ്യ ബഹളങ്ങളും നിമിത്തം അരോചകമായിരുന്നു ഇതുവരെയുള്ള ഭൂരിഭാഗം പ്രിതം ഗാനങ്ങളും. എന്നാല്‍ അമിതാഭ് ഭട്ടാചാര്യ എഴുതിയ ദംഗലിലെ ഗാനങ്ങള്‍ പ്രിതത്തിന്റെ കരിയറിലെ വേറിട്ട കാഴ്ചയാണ്.
നാടോടി ഈണങ്ങളും ന്യൂജന്‍ സംഗീതവും തമ്മില്‍ സമന്വയിപ്പിക്കുന്നതില്‍ ദംഗലിലെത്തുമ്പോള്‍ ഒരുപരിധിവരെ പ്രിതം ചക്രബര്‍ത്തി വിജയിച്ചിരിക്കുന്നു. കഥാപരിസരത്തിന്റെ പ്രത്യേകതയാവണം പതിവ് ശൈലി ഉപേക്ഷിക്കാന്‍ പ്രിതത്തെ നിര്‍ബന്ധിതനാക്കിയത്.
എന്തായാലും പുത്തന്‍ ദംഗലിന്‍റെ ഈ ആഘോഷ ഘട്ടത്തില്‍ നദീംശ്രാവണിന്റെ ശുദ്ധസംഗീതത്തെ ഓര്‍ക്കാതെ വയ്യ. കാരണം ഹിന്ദുസ്ഥാനിക്കും ഖവാലികള്‍ക്കും ഗസലുകള്‍ക്കുമൊപ്പം ഇന്ത്യന്‍ ഗ്രാമീണ ജീവിതങ്ങളുടെ അലയൊലികള്‍ സിനിമാ സംഗീതത്തില്‍ സമന്വയിപ്പിച്ച് രാജ്യത്തിന്റെ ആത്മാവുറങ്ങുന്ന ഈണങ്ങള്‍ സൃഷ്ടിച്ച ഒരുതലമുറയിലെ കരുത്തുറ്റ കണ്ണികളായിരുന്നു ഇരുവരും. ഒരുപക്ഷേ അവസാന കണ്ണികളും.