ദുല്‍ഖറിന്റെയും അമല്‍ നീരദിന്റെയും  സിഐ.എ: ഫസ്റ്റ് റിവ്യൂ

By ഹണി ആര്‍.കെ  |  First Published May 4, 2017, 3:45 AM IST

രാഷ്ട്രീയം, പ്രണയം, യാത്ര. ഈ മൂന്ന് ചേരുവകള്‍ കൊണ്ട് എങ്ങനെ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു സിനിമ എടുക്കാം? ഈ കുഴക്കുന്ന ചോദ്യത്തിന് മലയാള സിനിമ നല്‍കിയ കിടിലന്‍ ഉത്തരമാണ് 'സിഐ.എ (കോമ്രേഡ് ഇന്‍ അമേരിക്ക)' എന്ന അമല്‍ നീരദ് ചിത്രം. സ്‌റ്റൈലൈസ്ഡ് സിനിമകളുടെ മലയാളത്തിലെ തലതൊട്ടപ്പനായ അമല്‍ നീരദിന്റെ പുതിയ സിനിമ ഈ സവിശേഷതകളുടെ ഉല്‍സവാഘോഷമാണ്. ഗംഭീര പ്രകടനത്തിലൂടെ മലയാള സിനിമയില്‍ സ്വന്തം നായക ഇടം അരക്കിട്ടുറപ്പിക്കുകയാണ് ദുല്‍ഖര്‍.

Latest Videos

undefined

തികച്ചും വ്യത്യസ്തമായ രണ്ടു പകുതികളിലൂടെയാണ് അമല്‍ നീരദ് സിനിമയെ ചേര്‍ത്തുകെട്ടുന്നത്. കോമഡിക്കും 'അമല്‍ നീരദ് സ്‌പെഷ്യല്‍' സ്‌റ്റൈലൈസേഷനുമാണ് ആദ്യ പകുതിയില്‍ പ്രാധാന്യം. രണ്ടാം പകുതി കിടിലന്‍ ത്രില്ലറില്‍ കടഞ്ഞെടുത്ത യാത്രയുടേതാണ്. സാങ്കേതികത്തികവും ഛായാഗ്രഹണത്തിന്റെ ഉശിരന്‍ ഇടപെടലുമാണ് രണ്ടാം പകുതിയെ ഗംഭീരമാക്കുന്നത്.

മാസ് എന്‍ട്രി

കേരള കോണ്‍ഗ്രസ് നേതാവ് കോര സാറിന്റെ അടുത്ത അനുയായിയായ മാത്യുവിന്റെ (സിദ്ദിഖ്) മകനായ സഖാവ് അജി മാത്യൂസ് ആയാണ് ദുല്‍ഖര്‍ വേഷമിടുന്നത്. അപ്പന്‍ കേരള കോണ്‍ഗ്രസിലെങ്കിലും മകന്‍ എതിര്‍ പക്ഷത്താണ്. ഉശിരന്‍ കമ്യൂണിസ്റ്റ് ചെറുപ്പക്കാരന്‍. കാള്‍ മാര്‍ക്‌സും ലെനിനും ചെ ഗുവേരയുമെല്ലാമായി മാനസികമായ അടുപ്പം നിലനിര്‍ത്തുന്ന, തനിക്കു ചുറ്റുമുള്ള അസമത്വങ്ങളോടും അനീതികളോടും കടുത്ത അമര്‍ഷം പുലര്‍ത്തുന്ന ചെറുപ്പക്കാരന്‍. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന സഖാവ് ജോ മോന്‍ ആണ് അജിയുടെ വലം കൈ.  സൗബിന്‍ സ്റ്റൈല്‍ മാനറിസങ്ങള്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വേഷത്തിലും മികവ് കാട്ടുന്നു

2015 ലെ വിവാദമായ നിയമസഭാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. കെ എം മാണിയെ അനുസ്മരിപ്പിക്കുന്ന കോര സാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടതുപക്ഷ സംഘടനകളുടെ മാര്‍ച്ചാണ് തുടക്കം. ആ മാര്‍ച്ചില്‍ തന്നെയുള്ള ദുല്‍ഖറിന്റെ മാസ് എന്‍ട്രിയാണ് തുടക്കത്തിലേ കാണിയെ ത്രസിപ്പിക്കുന്നത്. ദുല്‍ഖറിലെ നടനെയും താരത്തെയും സമര്‍ത്ഥമായും ഗംഭീരമായും ഉപയോഗിക്കുകയാണ് അമല്‍ നീരദ്.

അമേരിക്കയിലേക്ക്

ആദ്യപകുതി കേരളത്തിലും രണ്ടാം പകുതി അമേരിക്കയിലേക്കുള്ള  യാത്രയിലൂടെയുമാണ് പുരോഗമിക്കുന്നത്. തമാശകളും രാഷ്ട്രീയവുമാണ് ആദ്യ പകുതിയുടെ മൂഡ് നിലനിര്‍ത്തുന്നത്. കേരളത്തില്‍ പഠിച്ച, അമേരിക്കക്കാരിയായ കാമുകിയെ, സ്വന്തമാക്കാന്‍ ദുല്‍ഖറിന്റെ കഥാപാത്രം അമേരിക്കയിലേക്ക് നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയില്‍.

കാള്‍ മാര്‍ക്‌സും എംഗല്‍സും ചെ ഗുവേരയുമെല്ലാം കടന്നു വരുന്ന സ്വപ്‌നമാണ് ആദ്യപകുതിയെ സവിശേഷമാക്കുന്നത്. പ്രണയിനിയെ സ്വന്തമാക്കാന്‍ അമേരിക്കയിലേക്ക് തിരിക്കുന്ന സഖാവ് അജി മാര്‍ക്‌സിനോടും എംഗല്‍സും ചെ ഗുവേരേയാടുമെല്ലാം യാത്ര പറയുന്ന രംഗം ഗംഭീരമാണ്. മാര്‍ക്‌സിനോട് അജി പറയുന്നു: 'നിങ്ങളോടൊക്കെ എങ്ങനെയാണ് പ്രണയത്തിന്റ കാര്യം പറയുക എന്ന് എനിക്കറിയില്ല. ഒന്നു ചിരിക്കുക പോലും ചെയ്യുന്നില്ലല്ലോ നിങ്ങള്‍!'. മാര്‍ക്സ് ജെന്നിക്കെഴുതിയ കത്തുകളെല്ലാം ഇവിടെ പാട്ടാണെന്നും അജി പറയുമ്പോള്‍ മാര്‍ക്സിന്റെ മുഖത്ത് ചിരി വിടരുകയും ചെയ്യുന്നു. ആ ചിരി നിലനിര്‍ത്താനാണ് അജി പറയുന്നത്. അതുപോലെ ഇംഎസിന്റെയും എകെജിയുടെയും സഖാവിന്റെയും ഫോട്ടോയ്ക്കു മുന്നില്‍ നിലവിളക്കു കൊളുത്തിവെച്ചുള്ള ദൃശ്യവും പോലുള്ളവയും കാട്ടുന്നുണ്ട്. ആക്ഷേപഹാസ്യമായും പരിഹാസമായും ചിലപ്പോള്‍ രാഷ്‍ട്രീയ ശരിയായും ഒക്കെ മലയാളിയുടെ രാഷ്‍ട്രീയത്തെയും ഇടതുബോധത്തെയും സിനിമയില്‍ പരമാര്‍ശിക്കുകയോ ദൃശ്യവത്ക്കരിക്കുകയോ ചെയ്യുന്നുണ്ട്.

ത്രസിപ്പിക്കുന്ന യാത്ര


യാത്രയുടെ ത്രസിക്കുന്ന നിമിഷങ്ങളിലൂടെയാണ് രണ്ടാം പകുതി ഉഗ്രന്‍ അനുഭവമാവുന്നത്. പ്രണയിനിയുടെ വിവാഹം നടത്താന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, അജി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ നടത്തുന്ന ശ്രമങ്ങളാണിത്. വിപ്ലവ പരിവേഷമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ മുതലാളിത്തത്തിന്റെ സ്വര്‍ഗത്തിലേക്ക് നുഴഞ്ഞു കയറുന്ന കമ്യൂണിസ്റ്റ് പോരാളിയുടെ ത്രസിപ്പിക്കുന്ന ഭാവങ്ങള്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെയാണ് അമല്‍ നീരദ് ഈ കടന്നുകയറ്റം പകര്‍ത്തുന്നത്. അമലിന്റെ അസിറ്റന്റായിരുന്ന രണദിവേയുടെ ക്യാമറ രണ്ടാം പകുതിയെ ഉജ്വലമായ അനുഭവമാക്കി മാറ്റുന്നു. ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കളര്‍ടോണുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

അഭയാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന സിനിമ രണ്ടാം പകുതിയില്‍ അത് അടിവരയിട്ട് പറയുന്നുമുണ്ട്. ശ്രീലങ്കക്കാരനും പാലസ്തീന്‍ കുടുംബവും ചൈനക്കാരനും പാക്കിസ്ഥാന്‍കാരനുമൊക്കെയാണ് ദുല്‍ഖറിനൊപ്പം അമേരിക്കയിലേക്കുള്ള യാത്രയിലേക്കുള്ളത്. അഭയാര്‍ഥിത്വത്തിന്റെ ഓരോ കഥ അവര്‍ക്കെല്ലാവര്‍ക്കും പറയാനുമുണ്ട്.

പൃഥ്വിരാജ് ചിത്രമായ 'പാവാട'യുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥ സിനിമയ്ക്ക് ശക്തമായ അടിത്തറ പണിയുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ദുല്‍ഖറിന്റെ മറ്റൊരു ഭാവമാണീ സിനിമ. മലയാള സിനിമയിലെ കരുത്തുള്ള നായക സ്ഥാനത്തേക്കാണ് സി.ഐ.എയിലൂടെ ദുല്‍ഖര്‍  നടന്നു കയറുന്നത്. കേരള കോണ്‍ഗ്രസ് നേതാവായി സിദ്ദിഖും സഖാവ് ജോ മോനായി സൗബിനും ലോക്കല്‍ സെക്രട്ടറിയായി ദിലീഷ് പോത്തനും കസറുന്നുണ്ട്. ശ്രീലങ്കക്കാരനെ അവതരിപ്പിച്ച തമിഴ് നടന്‍ ജോണ്‍ വിജയ്‍യുടെ പ്രകടനവും കയ്യടി അര്‍ഹിക്കുന്നതാണ്. നായികയായി അഭിനയിച്ച കാര്‍ത്തിക പക്ഷേ സിനിമയുടെ മൊത്തം പ്രകടനങ്ങള്‍ക്ക് ഒത്ത് ഉയര്‍ന്നിട്ടില്ല. ഉറപ്പാണ്, ചേരുവകള്‍ ഇത്ര സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ വ്യത്യസ്ത അഭിരുചികളെ ഒരു പോലെ തൃപ്തിപ്പെടുത്തും.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്.

click me!