കേരളത്തില്‍ വിജയ്‍യെ മറികടക്കുമോ പൃഥ്വിയും പ്രഭാസും? 'സലാര്‍' അഡ്വാന്‍സ് ബുക്കിം​ഗ് ആദ്യ കണക്കുകള്‍ ഇങ്ങനെ

By Web Team  |  First Published Dec 16, 2023, 10:08 AM IST

പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രം


ചില സിനിമകളുടെ റിലീസ് അടുക്കുന്ന സമയത്ത് തിയറ്റര്‍ ഉടമകളില്‍ ഉണ്ടാവുന്ന ഒരു കാത്തിരുപ്പ് ഉണ്ട്. പ്രീ റിലീസ് ഹൈപ്പില്‍ മുന്നിലെത്തുന്ന ആ ചിത്രങ്ങള്‍ പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം വന്‍ നേട്ടമാവും അവര്‍ക്ക് സമ്മാനിക്കുക. ഭാഷാതീതമായി സിനിമകള്‍ സ്വീകരിക്കപ്പെടുന്ന കാലത്ത് കേരളത്തിലും ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് ആണ്. പലപ്പോഴും മലയാള ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ കളക്ഷന്‍ മറുഭാഷാ ചിത്രങ്ങള്‍ നേടാറുണ്ട്. കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ വലിയ താല്‍പര്യത്തോടെ നോക്കിക്കാണുന്ന ഒരു ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സലാര്‍ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രീ ബുക്കിം​ഗ് ട്രെന്‍ഡ് പുറത്തെത്തിയിരിക്കുകയാണ്.

പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിം​ഗ് ഇന്നലെ വൈകിട്ട് ആണ് ആരംഭിച്ചത്. ഇത് പ്രേക്ഷകരില്‍ സൃഷ്ടിച്ച പ്രതികരണത്തിന്‍റെ ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. വൈകിട്ട് 6.45 ന് ആരംഭിച്ച ബുക്കിം​ഗ് രാത്രി 9 മണി വരെ 8658 ടിക്കറ്റുകളാണ് വിറ്റതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനി അറിയിക്കുന്നു. 235 ഷോകളാണ് അവര്‍ ട്രാക്ക് ചെയ്തിരിക്കുന്നത്. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 12.73 ലക്ഷം രൂപയാണ്. പ്രീ ബുക്കിം​ഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ വന്നിരിക്കുന്ന ഈ പ്രതികരണം പോസിറ്റീവ് ആയാണ് വിലയിരുത്തപ്പെടുന്നത്.

Latest Videos

undefined

റിലീസിന് ഇനി ആറ് ദിവസം കൂടിയുണ്ട് എന്നതിനാല്‍ പ്രീ സെയില്‍സിലൂടെ മാത്രം ചിത്രം കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയേക്കും. റിലീസ് ദിനത്തിലെ ആദ്യദിന പ്രതികരണങ്ങളും പ്രധാനമാണ്. ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം വന്‍ ഓപണിം​ഗ് ആവും ചിത്രത്തിന് ലഭിക്കുക. കേരളത്തില്‍ നിലവിലുള്ള ഓപണിം​ഗ് റെക്കോര്‍ഡ് വിജയ് ചിത്രം ലിയോയുടെ പേരിലാണ്. 12 കോടിയാണ് റിലീസ് ദിനത്തില്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയത്. 655 സ്ക്രീനുകളും 3700 ഷോകളുമൊക്കെയായി വന്‍ റിലീസ് ആണ് ലിയോയ്ക്ക് കേരളത്തില്‍ ലഭിച്ചിരുന്നത്. സലാര്‍ ഇതിനെ മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം. 

ALSO READ : വീണ്ടും ത്രില്ലറുമായി സുരേഷ് ഗോപി; 'എസ്‍ജി 257' ന് കൊച്ചിയില്‍ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!