ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

By Web Team  |  First Published Sep 26, 2023, 9:13 AM IST

ബോക്സ് ഓഫീസില്‍ മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ നേടിയതിന്റെ കണക്കുകള്‍.


ഇന്ത്യൻ ബോക്സ് ഓഫീസ് തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി എന്ന സുവര്‍ണ നേട്ടത്തില്‍ എത്തിയിരിക്കുന്നു. നിരവധി ഹിറ്റുകളാണ് 2013ല്‍. ഇത്തരം ഒരു സാഹചര്യത്തില്‍ മലയാളത്തിന്റെ കളക്ഷൻ കണക്കുകള്‍ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. കേരളത്തില്‍ മുൻനിര നായകൻമാര്‍ക്കൊപ്പം യുവ താരങ്ങള്‍ക്കും ഒരുപാട് ഹിറ്റുകളുണ്ട്. കാലങ്ങളായി മലയാളത്തിന്റെ നെടുംതൂണുകളായ മോഹൻലാലും മമ്മൂട്ടിയുടെയും ക്രഡിറ്റിലാണ് കൂടുതല്‍ ഹിറ്റുകള്‍. കേരളത്തില്‍ 2000 തൊട്ടിങ്ങോട്ട് ഏതൊക്കെ ചിത്രങ്ങളാണ് ഒന്നാമത് എത്തിയത് എന്നാണ് ഓരോ വര്‍ഷത്തെയും മലയാളത്തിലെ ഗ്രോസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധിക്കുന്നത്.

രണ്ടായിരത്തില്‍ മോഹൻലാല്‍ നായകനായ നരസിംഹമാണ് കളക്ഷനില്‍ ഗ്രോസ് അടിസ്ഥാനത്തില്‍ മുന്നിലെത്തിയ മലയാള സിനിമ. നരസിംഹം നേടിയത് 21 കോടിയാണ്. 2001ലും മോഹൻലായിരുന്നു മുന്നില്‍. മോഹൻലാലിന്റെ രാവണപ്രഭു 17 കോടിയുമായി കളക്ഷനില്‍ ഒന്നാമത് എത്തി. ദിലീപ് നായകനായ മീശമാധവൻ എന്ന ചിത്രം മൂന്നാം സ്ഥാനത്ത് 2003ല്‍ എത്തിയപ്പോള്‍ കളക്ഷൻ 19 കോടി രൂപയായിരുന്നു. 2003ലും മോഹൻലാല്‍ ഒന്നാമത് എത്തി. ബാലേട്ടൻ നേടിയത് 14 കോടിയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മമ്മൂട്ടി കളക്ഷനില്‍ ആദ്യമായി ഒന്നാമത് എത്തുന്നത് 2004ല്‍ ആണ്. സേതു രാമയ്യര്‍ 14 കോടി കളക്ഷൻ നേടിയപ്പോഴാണ് മമ്മൂട്ടി ഒന്നാമത് എത്തിയത്. തൊട്ടുപിന്നാലെ മമ്മൂട്ടി 2005ലും ഒന്നാമതെത്തി. മമ്മൂട്ടിയുടെ രാജമാണിക്യം നേടിയത് 25 കോടിയുടെ കളക്ഷൻ എന്നത് അക്കാലത്തെ വൻ റെക്കോര്‍ഡുമായിരുന്നു.

Latest Videos

undefined

ക്ലാസ്‍മേറ്റ്‍സായിരുന്നു 2006ല്‍ മുന്നില്‍ എത്തിയത്. പൃഥ്വിരാജടക്കമുള്ളവര്‍ പ്രധാന വേഷങ്ങളിലെത്തിയപ്പോള്‍ 24 കോടിയാണ് ക്ലാസ്‍മേറ്റ്‍സ് നേടിയത്. 2007ല്‍ മമ്മൂട്ടിയുടെ മായാവി 15 കോടി രൂപ നേടി ഒന്നാമത് എത്തി. മലയാളത്തിലെ ഒട്ടമിക്ക പ്രധാന താരങ്ങളും ഭാഗമായ ട്വന്റി 20 ആയിരുന്നു 2008ല്‍ ഒന്നാമത്. ട്വന്റി 20 33 കോടിയായിരുന്നു കളക്ഷൻ നേടിയത്. 2009ലും 2010ലും മമ്മൂട്ടി തന്നെയായിരുന്നു കളക്ഷനില്‍ മുന്നില്‍. പഴശ്ശിരാജ 2009ല്‍ 15 കോടി കളക്ഷൻ നേടി. മമ്മൂട്ടിയുടെ പോക്കിരിരാജ നേടിയത് 16.5 കോടി രൂപയായിരുന്നു. മോഹൻലാല്‍, സുരേഷ് ഗോപി, ദിലീപ് ചിത്രമായ ക്രിസ്റ്റ്യൻ ബ്രദേഴ്‍സായിരുന്നു 2011ല്‍ ഒന്നാമത്. ക്രിസ്റ്റ്യൻ ബ്രദേഴ്‍സ് 28 കോടിയായിരുന്നു കളക്ഷൻ നേടിയത്. 2012ല്‍ മായമോഹിനിയിലൂടെ ദിലീപായിരുന്നു മുന്നില്‍. മായാമോഹിനി നേടിയത് 22 കോടിയായിരുന്നു.  2013ല്‍ മോഹൻലാല്‍ മറ്റൊരു റെക്കോര്‍ഡുമായി കളക്ഷനില്‍ മുന്നിലെത്തി. മോഹൻലാലിന്റെ ദൃശ്യത്തിന് 75 കോടിയായിരുന്നു. ദുല്‍ഖര്‍ നിവിൻ പോളി, ഫഹദ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‍സാണ് 2014ല്‍ മുന്നിലെത്തിയത്. ബാംഗ്ലൂര്‍ ഡേയ്‍സ് നേടിയത് 45 കോടി രൂപയായിരുന്നു. 2015ല്‍ നിവിൻ പോളിയായിരുന്നു മുന്നില്‍. സര്‍പ്രൈസ് ഹിറ്റായ പ്രേമം 60 കോടി കളക്ഷനാണ് നേടിയത്. പുലിമുരുകനിലൂടെ മലയാളം 100 കോടി ക്ലബില്‍ ആദ്യമായി എത്തിയ 2016ല്‍ മോഹൻലാലാണ് മുന്നില്‍. പുലിമുരുകൻ നേടിയത് 152 കോടിയായിരുന്നു. ദിലീപായിരുന്നു 2017ല്‍ മുന്നില്‍. രാമലീല നേടിയത് 50 കോടി. നിവിൻ പോളി നായകനായി വേഷമിട്ട ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാല്‍ എക്സ്റ്റൻഡഡ് കാമിയോയും എത്തിയപ്പോള്‍ 72 കോടി നേടി ആ വര്‍ഷം ഒന്നാമത് എത്തി. 2019ല്‍ വീണ്ടും മോഹൻലാലിന്റെ 100 കോടി ക്ലബ്. മോഹൻലാലിന്റെ ലൂസിഫര്‍ 127 കോടി കളക്ഷൻ നേടിയാണ് ഒന്നാമത് എത്തിയത്. അഞ്ചാം പാതിരയായിരുന്നു 2022ല്‍ ഒന്നാമത്. അഞ്ചാം പാതിര 50 കോടി കളക്ഷൻ നേടിയപ്പോള്‍ പ്രധാന വേഷത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു. ദുല്‍ഖറിന്റെ കുറുപ്പ് 2021ല്‍ 81 കോടി നേടി ഒന്നാമത് എത്തി. 2023ല്‍ 2018, 200 കോടിയുടെ കളക്ഷനുമായി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു.

വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒന്നാമത് എത്തിയത് മോഹൻലാലിന്റെയും മമ്മൂട്ടിയുടേതുമാണ്. മോഹൻലാല്‍ ഒന്നാമത് എത്തിയത് 2000,2001,2003, 2013, 2016,2019 വര്‍ഷങ്ങളിലാണ്. (കായംകുളം കൊച്ചുണ്ണി 2018ല്‍ മുന്നിലാണെങ്കിലും ചിത്രത്തിലെ നായകൻ നിവിൻ പോളിയാണ്. ട്വിന്റി ട്വന്റി മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്ന നിലയില്‍ മോഹൻലാലിന്റേത് മാത്രമായി പരിഗണിച്ചില്ല. മോഹൻലാലിനൊപ്പം സുരേഷ് ഗോപിയും ദിലീപുമുള്ള ചിത്രമായതിനാല്‍ ക്രിസ്റ്റ്യൻ ബ്രദേഴ്‍സും കണക്കിലെടുത്തിട്ടില്ല). മമ്മൂട്ടി 2004, 2005, 2007, 2009, 2010, 2022 വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയത് (ട്വന്റി 20 പരിഗണിച്ചിട്ടില്ല). മമ്മൂട്ടിയും മോഹൻലാലും ആറ് വീതം വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നു.

Read More: എസ് ജെ സൂര്യ ചോദിച്ചു വാങ്ങിയ വേഷം, മാര്‍ക്ക് ആന്റണിയില്‍ എത്തേണ്ടിയിരുന്നത് ഹിറ്റ് സംവിധായകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!