കേരളത്തിലെ 'ലിയോ' റെക്കോര്‍ഡ് ഇനി ആര് തകര്‍ക്കും? മോഹന്‍ലാലോ മമ്മൂട്ടിയോ പൃഥ്വിരാജോ? സാധ്യതയുള്ള 6 സിനിമകള്‍

By Web Team  |  First Published Oct 21, 2023, 9:25 AM IST

സലാര്‍ ആണ് അക്കൂട്ടത്തില്‍ ആദ്യമെത്തുക


ഇതരഭാഷാ ചിത്രങ്ങള്‍ക്ക് എക്കാലവും മാര്‍ക്കറ്റ് ഉള്ള ഇടമാണ് കേരളം. മുന്‍പ് തമിഴ് സിനിമയാണ് അത്തരത്തില്‍ വലിയ ഓപണിംഗ് നേടിയിരുന്നതെങ്കില്‍ ബാഹുബലിക്ക് ശേഷമുള്ള പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലത്ത് തെലുങ്ക്, ഹിന്ദി, ബോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ കാര്യമായി കളക്റ്റ് ചെയ്യുന്നുണ്ട്. രജനികാന്തിന്‍റെ ജയിലര്‍ അടുത്തിടെ 50 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് നേടിയിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളാണ്. കെജിഎഫ് 2 നെ പിന്തള്ളി വിജയിയുടെ പുതിയ ചിത്രം ലിയോ ഒന്നാമതെത്തിയതോടെയാണ് ഇത്.

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം 12 കോടിയാണ് ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. ദീര്‍ഘകാലം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കെജിഎഫ് 2 നെ (7.3) വലിയ മാര്‍ജിനില്‍ മറികടന്നാണ് ലിയോയുടെ ഈ നേട്ടം. ഇത് ഏറെക്കാലം നിലനില്‍ക്കാനാണ് സാധ്യത. എന്നാല്‍ എക്കാലവും വളര്‍ന്നുകൊണ്ടിരിക്കുന്ന കേരള ബോക്സ് ഓഫീസില്‍ നിലവിലെ സാഹചര്യം വച്ച് അസാധ്യം എന്നൊന്നില്ല. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിട്ടുള്ള, അതിനാല്‍ത്തന്നെ മികച്ച ഓഫണിംഗ് നേടാന്‍ സാധ്യതയുള്ള ഒരു പിടി ചിത്രങ്ങള്‍ ഉണ്ട്. ലിയോയുടെ റെക്കോര്‍ഡ് അവയില്‍ ഏതെങ്കിലും തകര്‍ക്കുമോയെന്ന് അറിയാന്‍ കാത്തിരിക്കണം. കേരള ഓപണിംഗില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ആറ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

Latest Videos

undefined

 

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം സലാര്‍ ആണ് അതില്‍ ഒന്ന്. ബാഹുബലി താരം പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നതും കേരളത്തില്‍ കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള ഘടകമാണ്. ഡിസംബര്‍ 22 നാണ് ചിത്രത്തിന്‍റെ റിലീസ്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് മറ്റൊരു ചിത്രം. ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്‍റെ ഹൈപ്പ്. പടം വര്‍ക്ക് ആവുന്നപക്ഷം ഒരു ഇന്‍ഡസ്ട്രി ഹിറ്റ് തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി വരുന്നപക്ഷം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് നിലവിലുള്ള പൊട്ടന്‍ഷ്യല്‍ വിലയിരുത്തപ്പെടുന്ന ചിത്രം കൂടിയാവും വാലിബന്‍. 2024 ജനുവരി 25 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. 

 

ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് മറ്റൊരു ചിത്രം. താരതമ്യത്തിന് അതീതമായ ഫ്രഷ്നസ് ഒളിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. മലയാള നോവല്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ പുസ്തകങ്ങളിലൊന്നിന്‍റെ ചലച്ചിത്രരൂപത്തിനായി ബ്ലെസിയുടെ 10 വര്‍ഷത്തെ കഷ്ടപ്പാട് ഉണ്ട്. മലയാളം ഇതുവരെ കാണാത്ത ഫ്രെയിമുകളും കഥാലോകവുമൊക്കെയുള്ള ആടുജീവിതം അന്തര്‍ദേശീയ അപ്പീലുള്ള മലയാളം പ്രോഡക്റ്റ് ആയിരിക്കും. മികച്ച ഓപണിംഗ് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്ന ചിത്രം. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് ഓപണിംഗ് റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള ചിത്രമായി പരിഗണിക്കാവുന്നത്. ലൂസിഫര്‍ എന്ന ജനപ്രിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അതിലും വലിയ സ്കെയിലിലാണ് പൃഥ്വിരാജ് ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. 

 

ലിയോയ്ക്ക് ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രമാണ് മറ്റൊന്ന്. രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ തലൈവര്‍ 171 എന്നാണ്. ജയിലര്‍ എന്ന വമ്പന്‍ വിജയം നല്‍കിയ അത്മവിശ്വാസത്തിലാണ് രജനി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്ന പേരുമായാണ് ലോകേഷ് എത്തുന്നത്. എന്നാല്‍ രജനി ചിത്രം എല്‍സിയുവിന്‍റെ ഭാഗമായിരിക്കില്ലെന്ന് ലോകേഷ് ഇതിനകം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. എന്നിരിക്കിലും ലോകേഷ്- രജനി കോമ്പോ വലിയ പ്രേക്ഷകാവേശം ഉണ്ടാക്കുന്ന ഒന്നാണ്. എപ്പോള്‍ ആരംഭിക്കുമെന്ന് അറിയാത്ത മറ്റൊരു ചിത്രവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ ആണ് അത്. അമല്‍ നീരദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിലാല്‍ കൊവിഡ് സാഹചര്യത്തില്‍ നീങ്ങിപ്പോയ പ്രോജക്റ്റ് ആണ്. മലയാളത്തില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വലുകളിലൊന്ന് ഇതാണ്. കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗുകളില്‍ എട്ടാം സ്ഥാനത്ത് അമല്‍ നീരദ്- മമ്മൂട്ടി ടീമിന്‍റെ ഭീഷ്മപര്‍വ്വമാണ്.

ALSO READ : പ്രതിഫലത്തില്‍ രജനിയെ മറികടന്നോ വിജയ്? 'ലിയോ'യില്‍ അഭിനയിച്ചതിന് 'ദളപതി'യുടെ ശമ്പളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!