ആരാവും 'മധുരരാജ'യുടെ പിന്‍​ഗാമി? മത്സരം ഇഞ്ചോടിഞ്ച്, ബോക്സ് ഓഫീസില്‍ ആവേശപ്പോര്

By Web Team  |  First Published Apr 13, 2024, 10:56 AM IST

തിയറ്ററുകള്‍ സജീവമായ വിഷു അഞ്ച് വര്‍ഷത്തിനിപ്പുറം


മലയാള സിനിമയുടെ പ്രധാന സീസണുകളില്‍ ഒന്നായ വിഷു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളില്‍ സജീവമാകുന്നത്. കൃത്യമായി പറഞ്ഞാല്‍ കൊവിഡ് കാലത്തിനിപ്പുറം കേരളത്തിലെ തിയറ്ററുകളില്‍ ആഘോഷിക്കപ്പെടുന്ന വിഷുക്കാലമാണ് ഇത്തവണത്തേത്. 2019 ലെ വിഷു റിലീസ് ആയെത്തി മികച്ച വിജയം നേടിയ മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ശേഷം ഒരു വിഷു വിന്നര്‍ മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല.

കൊവിഡ് കാലത്ത് തിയറ്റര്‍ അടച്ചിട്ടിരുന്ന 2020 വിഷുക്കാലത്ത് അതിനാല്‍ത്തന്നെ വിഷു റിലീസുകളും ഉണ്ടായിരുന്നില്ല. 2021 ലും തിയറ്ററുകളില്‍ വിഷു റിലീസുകള്‍ ഉണ്ടായിരുന്നില്ല. പകരം ഒടിടിയില്‍ രണ്ട് പുതിയ ചിത്രങ്ങള്‍ എത്തി. സുരേഷ് ​ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത അത്ഭുതവും രജിഷ വിജയനെ നായികയാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖോ ഖോയും. 2022 ലെ വിഷുവിനും മലയാളത്തില്‍ നിന്ന് ശ്രദ്ധേയ ചിത്രങ്ങളൊന്നും വിഷുവിന് എത്തിയില്ല. മൈസെല്‍ഫ് ക്ലെമെന്‍റ്, അവസ്ഥാന്തരങ്ങള്‍, പ്രേമരോ​ഗി, സ്വര്‍​ഗവാതില്‍ പക്ഷികള്‍ എന്നിവയാണ് വിഷു വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ വിഷുവിന് കേരളത്തിലെ തിയറ്ററുകള്‍ അക്ഷരാര്‍ഥത്തില്‍ ജനസാ​ഗരങ്ങളായിരുന്നു. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ആയിരുന്നു കാരണം. ഏപ്രില്‍ 14 നാണ് കെജിഎഫ് 2 എത്തിയത്. കഴിഞ്ഞ വര്‍ഷം ആറ് ചിത്രങ്ങള്‍ വിഷുവിന് എത്തി. അടി, താരം തീര്‍ത്ത കൂടാരം, ഉപ്പുമാവ്, ഉസ്കൂള്‍, മദനോത്സവം, മേഡ് ഇന്‍ കാരവാന്‍ എന്നിവയായിരുന്നു അത്. എന്നാല്‍ ഇതില്‍ ഒരു ചിത്രം പോലും സാമ്പത്തികവിജയം നേടിയില്ല.

Latest Videos

undefined

അഞ്ച് വര്‍ഷത്തിനിപ്പുറമുള്ള വിഷുക്കാലത്ത് മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ അഭിനയിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം, ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം, ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ​ഗണേഷ് എന്നിവയാണ് ഇത്തവണത്തെ വിഷു റിലീസുകള്‍. ഇവയ്ക്കൊപ്പം രണ്ടാഴ്ച മുന്‍പ് തിയറ്ററുകളിലെത്തിയ ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതവും തിയറ്ററുകളില്‍ ആളെക്കൂട്ടുന്നുണ്ട്. വിഷു റിലീസുകളില്‍ ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും തമ്മിലാണ് ഏറ്റവും വലിയ മത്സരം. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇരു ചിത്രങ്ങളും ആദ്യ ദിനം നേടിയത് 10 കോടി വീതമാണ്. ഈ വാരാന്ത്യത്തില്‍ രണ്ട് ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. ഇക്കൂട്ടത്തില്‍ വിഷു വിന്നര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

ALSO READ : 'നേര്' മാത്രമല്ല, മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രവും വിഷുവിന് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!