ആരാകും 2018, പുലിമുരുകൻ, ലൂസിഫർ എന്നിവയുടെ കളക്ഷനെ മറികടക്കുക.
മലയാള സിനിമ ഇന്ന് ലോക സിനിമാ മേഖലയ്ക്ക് മുന്നിൽ തന്നെ തല ഉയർത്തി നിൽക്കുകയാണ്. ഭാഷാഭേദമെന്യെ ഓരോരുത്തരും മലയാള സിനിമയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് സമീപകാലത്തും നടന്നു കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് കോടി ക്ലബ്ബുകൾ എന്നത് മലയാളത്തിന് സ്വപ്നതുല്യമായ നേട്ടം ആയിരുന്നു. അൻപത് കോടി ഒരു സിനിമ നേടിയെന്നൊക്കെ പറഞ്ഞാൽ അത് ചരിത്രമാണ്. ഇന്ന് അക്കഥ മാറി. 50, 100, 150 കോടി ക്ലബ്ബുകൾ മലയാള സിനിമയുടെ പോക്കറ്റിലും ഭദ്രമായി തന്നെ നിലനിൽക്കുന്നു.
നിലവിൽ മൂന്ന് സിനിമകളാണ് ആഗോള കളക്ഷനിൽ മുന്നിലുള്ള മലയാള സിനിമകൾ. 2018, പുലിമുരുകന്, ലൂസിഫർ എന്നിവയാണ് ആ ചിത്രങ്ങൾ. ഒന്ന് മുൻനിര യുവതാരങ്ങൾ ഒന്നിച്ചെത്തിയ ചിത്രവും മറ്റ് രണ്ടെണ്ണം മോഹൻലാലിന്റെ സിനിമകളുമാണ്. 176കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷൻ. പുലിമുരുകന്റെ 144- 152 കോടി വരെ നേടിയപ്പോൾ, ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ 127- 129 കോടിയാണെന്നാണ് കണക്ക്. ഈ മൂന്ന് ചിത്രങ്ങളെയും ആര് മറികടക്കും എന്നറിയാനാണ് മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്നത്.
undefined
നിലവിൽ തിയറ്ററിൽ ഓടുന്ന സിനിമകളിൽ ഈ നേട്ടം സ്വന്തമാക്കാൻ സാധ്യതയേറെ ഉള്ള ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' ആണ്. റിലീസ് ചെയ്ത് 12 ദിവസത്തിൽ കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രം തമിഴ്നാട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ഈ കണക്ക് അനുസരിച്ച് വൈകാതെ മോഹൻലാൽ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിനെ മഞ്ഞുമ്മൽ ബോയ്സ് മറികടക്കാൻ സാധ്യത ഏറെയാണ്. പിന്നെ ഉള്ളത് പ്രേമലു ആണ്. നിലവിൽ 100 കോടിയിലേക്ക് കുതിക്കുന്ന ചിത്രം ഇവരെ മറികടക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ഒരു കൂട്ടം സിനിമകൾ ഇനി വരാനിരിക്കുന്നുണ്ട്. മോഹൻലാലിന്റെ 'ബറോസ്', പൃഥ്വിരാജിന്റെ 'ആടുജീവിതം', ജയസൂര്യയുടെ 'കത്തനാർ', ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' തുടങ്ങിയവയാണ് അവയില്‍ വലിയ സിനിമകൾ. ഇവയിൽ നിലവിൽ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള സിനിമകളും ഉണ്ട്. ഇവ എല്ലാം ഒത്തുവന്ന് കളക്ഷനിൽ കുതിക്കുകയാണെങ്കിൽ പല കളക്ഷനുകളും താഴെ വീഴും. അനൗദ്യോഗിക റിപ്പോർട്ട് പ്രകാരം എമ്പുരാൻ ഈ വർഷം ചിലപ്പോൾ തിയറ്റിൽ എത്തും. അങ്ങനെയെങ്കിൽ എമ്പുരാനും പുത്തൻ റെക്കോർഡ് ഇടാൻ സാധ്യതയേറെ ആണ്. എന്തായാലും ആരാകും 2018, പുലിമുരുകൻ, ലൂസിഫർ എന്നിവയുടെ കളക്ഷനെ മറി കടക്കുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..