പ്രമോഷനില്ലാഞ്ഞിട്ടും കേരളത്തില്‍ തങ്കലാൻ നേടിയ കളക്ഷൻ കേട്ട് ഞെട്ടി മലയാളവും തമിഴകവും.
കുറേക്കാലമായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വേഷപ്പകര്‍ച്ചയായിരുന്നു തങ്കലാന്റെ ആകര്‍ഷണം. കേരളത്തിലെ തങ്കലാന്റെ പ്രമോഷൻ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. പ്രമോഷൻ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ ഒരു കോടി രൂപയില്‍ അധികം റിലീസിന് തങ്കലാൻ കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ പ്രമോഷന് നീക്കിവെച്ച തുക വയനാടിന് നല്‍കുകയായിരുന്നു വിക്രമിന്റെ തങ്കലാന്റെ പ്രവര്‍ത്തകര്‍. കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഗോകുലം മൂവീസാണ്. എന്തായാലും കേരളത്തിലെ കുതിപ്പ് തങ്കലാൻ സിനിമയ്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ചിയാൻ വിക്രമിന്റ മികച്ച എല്ലാ കഥാപാത്രങ്ങളും ഏറ്റെടുത്ത നാടുമാണ് കേരളമെന്ന പ്രത്യേകതയുമുണ്ടെന്നതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകളുമുണ്ട്.
- Kerala Opening Day Box Office Collection - 1Cr+ pic.twitter.com/L9eQhTTbGr
— Shelby (@Kingtwitsz)
വിസ്‍മയിപ്പിക്കുന്ന പ്രകടനമാണ് വിക്രം തങ്കലാൻ സിനിമയിലും നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തങ്കലാനായി വിക്രം നടത്തിയ കഠിനാദ്ധ്വാനം ചിത്രത്തില്‍ പ്രകടമാണ്. രൂപംകൊണ്ട് മാത്രമല്ല ഭാവപ്പകര്‍ച്ചയിലും ഞെട്ടിക്കുകയാണ് ചിത്രത്തില്‍ വിക്രമെന്നാണ് തങ്കലാൻ കണ്ടവരുടെ പ്രതികരണങ്ങള്‍. ചിയാൻ വിക്രം കുറച്ച് കാലത്തിനു ശേഷം അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ തങ്കലാൻ സിനിമ കൂറ്റൻ ഹിറ്റിലേക്ക് കുതിക്കും എന്നാണ് കളക്ഷൻ സൂചനകള്‍
മലയാളിയായ മാളവിക മോഹനന്റെ പ്രകടനവും ചിത്രത്തില്‍ എടുത്ത് പരാമര്‍ശിക്കേണ്ടതാണ് എന്നാണ് അഭിപ്രായങ്ങള്‍. പാര്‍വതി തിരുവോത്ത് വീണ്ടും തിളങ്ങിയിരിക്കുന്നുവെന്നതും ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. അക്ഷരാര്‍ഥത്തില്‍ തങ്കലാൻ മികച്ച ഒരു സിനിമയായി മാറിയിരിക്കുന്നുവെന്നാണ് മിക്കവരുടെയും അഭിപ്രായങ്ങള്‍ തെളിയിക്കുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.
Read More: ഇനി കങ്കണ റണൗട്ടിന്റെ എമര്‍ജൻസി, ഒടിടിയില്‍ എവിടെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക