കേരളത്തില്‍ പോര, പക്ഷേ തമിഴ്നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും മുന്നേറ്റം; ധനുഷിന്‍റെ 'വാത്തി' ഇതുവരെ നേടിയത്

By Web Team  |  First Published Feb 21, 2023, 10:53 PM IST

തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 


തമിഴകം ഇന്ന് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. മിനിമം ഗ്യാരന്റിയുള്ള നടനെന്ന് സിനിമാ വ്യവസായം കരുതുന്ന താരങ്ങളില്‍പ്പെട്ട ധനുഷിന്‍റെ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം വലിയ ഹിറ്റിലേക്ക് നീങ്ങാറുമുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ആദ്യ റിലീസ് വാത്തിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സര്‍ എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്ത് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 51 കോടി നേടിയെന്ന് നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് അറിയിക്കുന്നു. ഇന്ത്യയില്‍ നിന്ന് ആകെ 36.5 കോടിയാണ് ചിത്രം നേടിയതെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നത്.. യുഎസ്, യുകെ, ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 

grosses 51 crores in just 3️⃣ days🔥

Best ever opening for our Star 🥳 tops Monday's test results as expected 😎

'D' Rampage continues💥 pic.twitter.com/JxWtVZHujA

— Sithara Entertainments (@SitharaEnts)

Latest Videos

ആദ്യ വാരാന്ത്യ ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം കാര്യമായി കളക്റ്റ് ചെയ്തിട്ടില്ല. 45 ലക്ഷം മാത്രമാണ് നേടാനായത്. എന്നാല്‍ തമിഴ്നാട്ടില്‍ ജനപ്രീതി നേടിയിട്ടുണ്ട് ചിത്രം. 15.5 കോടിയാണ് തമിഴ്നാട്ടിലെ കളക്ഷന്‍. അതിനും അല്‍പം മുകളിലാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത് എന്നതാണ് മറ്റൊരു കൌതുകം. 15.75 കോടിയാണ് ഇവിടെനിന്നുള്ള നേട്ടം.

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം വിദ്യാഭ്യാസ മേഖലയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഒന്നാണ്. ബാല ഗംഗാധര്‍ തിലക് എന്നാണ് തെലുങ്ക് പതിപ്പില്‍ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേരെങ്കില്‍ തമിഴിലെ പേര് ബാലമുരുകന്‍ എന്നാണ്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ അധ്യാപകനാണ് ധനുഷിന്‍റെ കഥാപാത്രം.

ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാര്‍

tags
click me!