ചൈനയില്‍ 800 ഐമാക്സ് സ്ക്രീനുകളാണ് ഉള്ളതെങ്കില്‍ ഇന്ത്യയില്‍ 25 സ്ക്രീനുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്
സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്ന പുതിയ തിയറ്റര്‍ അനുഭവമാണ് ഐമാക്സ്. ഹോളിവുഡ് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഐമാക്സ് റിലീസ് ഇല്ലാതെ എത്തുന്ന സിനിമകള്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് വളരെ കുറച്ച് ചിത്രങ്ങളേ ഐമാക്സ് ഫോര്‍മാറ്റില്‍ ഇതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇപ്പോഴിതാ ഇന്ത്യയിലെ ഐമാക്സ് തിയറ്ററുകളില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ചിത്രങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐമാക്സ് കോര്‍പറേഷന്‍ വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍. മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഐമാക്സിന്‍റെ ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയെക്കുറിച്ച് സംസാരിക്കുന്നത്.
ചൈനയില്‍ 800 ഐമാക്സ് സ്ക്രീനുകളാണ് ഉള്ളതെങ്കില്‍ ഇന്ത്യയില്‍ അതിന്‍റെ ഒരു ചെറിയ ശതമാനം, 25 സ്ക്രീനുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 15 എണ്ണം കൂടി വൈകാതെ തുറക്കും. എന്നാല്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഐമാക്സ് പ്രിയത്തിനുള്ള തെളിവാണ് വര്‍ഷാവര്‍ഷം വര്‍ധിച്ചുവരുന്ന കളക്ഷന്‍ കണക്കുകള്‍. 2019 ല്‍ 125 കോടി ആയിരുന്നു ഇന്ത്യയിലെ ഐമാക്സ് തിയറ്ററുകളില്‍ നിന്ന് ലഭിച്ച ആകെ കളക്ഷനെങ്കില്‍ 2022 ല്‍ അത് 157 കോടിയായി വര്‍ധിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 16 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 137 കോടിയും കളക്ഷന്‍ വന്നിട്ടുണ്ടെന്ന് പ്രീതം ഡാനിയല്‍ പറയുന്നു.
എന്നാല്‍ ഇന്ത്യന്‍ സിനിമകളേക്കാള്‍ ഹോളിവുഡ് ചിത്രങ്ങളാണ് ഇന്ത്യന്‍ പ്രേക്ഷകരും ഐമാക്സ് സ്ക്രീനുകളില്‍ കാണാന്‍ ആഗ്രഹിച്ചത്. ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത 10 ചിത്രങ്ങളില്‍ ഒരു ഇന്ത്യന്‍ ചിത്രം മാത്രമാണ് ഉള്ളത്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണ് അത്. എന്നാല്‍ കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് പഠാന്‍. ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ എത്തിയ ഓപ്പണ്‍ഹെയ്‍മര്‍ ആണ് ഇന്ത്യന്‍ ഐമാക്സ് സ്ക്രീനുകളില്‍ ഈ വര്‍ഷത്തെ വിന്നര്‍. 40 കോടിയാണ് ചിത്രം നേടിയത്.
അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ആണ് രണ്ടാം സ്ഥാനത്ത്. നേട്ടം 15 കോടി. മൂന്നാം സ്ഥാനത്തുള്ള പഠാന്‍ കളക്റ്റ് ചെയ്തത് 12 കോടിയുമാണ്.
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ