മുന്നില്‍ ആര്? റിലീസ് ദിന കളക്ഷനില്‍ ഈ വര്‍ഷം ഞെട്ടിച്ച 6 ഇന്ത്യന്‍ സിനിമകള്‍

By Web Team  |  First Published Nov 13, 2023, 8:20 PM IST

ഞായറാഴ്ച തിയറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 യും ലിസ്റ്റില്‍


ഇന്ത്യന്‍ മുഖ്യധാരാ സിനിമയെന്നാല്‍ വിദേശികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ഒരുകാലത്ത് ബോളിവുഡ് മാത്രമായിരുന്നു. സിനിമകളുടെ വലിപ്പവും അവ നേടുന്ന കളക്ഷനും നോക്കുമ്പോള്‍ അത് ശരിയായിരുന്നുതാനും. എന്നാല്‍ അതൊക്കെ പഴയ കഥ. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച ബോക്സ് ഓഫീസ് ഞെട്ടിക്കല്‍ തെന്നിന്ത്യന്‍ സിനിമ തുടരുകയാണ് ഇപ്പോള്‍. കൊവിഡ് കാലത്ത് ബോളിവുഡ് വലിയ തകര്‍ച്ചയ്ക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ തെന്നിന്ത്യയില്‍ നിന്ന് ഒരുനിര ചിത്രങ്ങള്‍ വലിയ വിജയം നേടിയിരുന്നു. പിന്നീട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാനും ജവാനുമാണ് ബോളിവുഡിനെ പഴയ തിളക്കമുള്ള വിജയങ്ങളിലേക്ക് തിരിച്ചെത്തിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസ്‍ദിന കളക്ഷനില്‍ ഞെട്ടിച്ച ആറ് സിനിമകളാണ് ചുവടെ, അവ നേടിയ കളക്ഷനും.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിം​ഗ് വന്നത് ഹിന്ദിയില്‍ നിന്നോ തെലുങ്കില്‍ നിന്നോ അല്ല, മറിച്ച് തമിഴ് സിനിമയില്‍ നിന്നാണ്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 141.70 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ആറ്റ്ലി ചിത്രം ജവാന്‍ ആണ്. 129.10 കോടി ആയിരുന്നു ജവാന്‍റെ ആ​ഗോള ഓപണിം​ഗ്. മൂന്നാം സ്ഥാനത്ത് പ്രഭാസ് നായകനായ ബോളിവുഡ് ചിത്രം ആദിപുരുഷ്. 127.50 കോടിയാണ് ആദിപുരുഷിന്‍റെ ഓപണിം​ഗ്. നാലാമത് ഷാരൂഖിന്‍റെയും ബോളിവുഡിന്‍റെതന്നെയും തിരിച്ചുവരവ് ചിത്രമായി മാറിയ പഠാന്‍. 104.80 കോടിയാണ് ആദ്യദിവസം പഠാന്‍ നേടിയത്. അഞ്ചാം സ്ഥാനത്ത് മറ്റൊരു തമിഴ് ചിത്രമാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ജയിലര്‍ ആണ് ചിത്രം. 96.60 കോടിയായിരുന്നു ജയിലറിന്‍റെ ഓപണിംഗ്. ദീപാവലി റിലീസ് ആയി ഞായറാഴ്ച തിയറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 ആണ് ലിസ്റ്റില്‍ ആറാം സ്ഥാനത്ത്. 94 കോടിയാണ് ചിത്രം ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. 

Latest Videos

ALSO READ : കാര്‍ത്തിക്ക് കാലിടറിയോ? 'ജി​ഗര്‍തണ്ടാ ഡബിള്‍ എക്സോ' 'ജപ്പാനോ'? ആദ്യ മൂന്ന് ​ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!