പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇതരഭാഷാ ചിത്രങ്ങള്‍
ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ റിലീസുകളുടെ കാലത്ത് സിനിമകളുടെ സ്വീകാര്യതയ്ക്ക് ഭാഷാപരമായ ഒരു തടസ്സം ഇല്ല. ഇതരഭാഷാ ചിത്രങ്ങള്‍ക്ക് മുന്‍പും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വീകാര്യത ഉണ്ടായിരുന്നെങ്കിലും ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന ഒരു വിപണി വളര്‍ച്ചയുണ്ട്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ സ്വീകാര്യതയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ കുതിപ്പ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്‍റെ കാര്യം പറഞ്ഞാല്‍ പേരെടുക്കുന്ന ഇതരഭാഷാ ചിത്രങ്ങളൊക്കെ ഇവിടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. മലയാള ചിത്രങ്ങള്‍ക്ക് ആളില്ലെന്ന പരിവേദനം ഉയരുമ്പോള്‍പ്പോലും ഇതരഭാഷകളിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ ഇവിടെ കാര്യമായി കളക്റ്റ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം കേരളത്തില്‍ റിലീസ് ദിന കളക്ഷനില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ. അവ നേടിയ കളക്ഷനും.
പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇതരഭാഷാ ചിത്രങ്ങളാണ് എന്നത് കേരളത്തില്‍ അത്തരം ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി എത്രയെന്ന് പറയുന്നുണ്ട്. വിജയ് ചിത്രം വാരിസ് ആണ് ആദ്യ സ്ഥാനത്ത്. 4.35 കോടിയാണ് ആദ്യ ദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം ചിത്രവും തമിഴില്‍ നിന്ന് തന്നെ. മണി രത്നത്തിന്‍റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ചിത്രം. 2.82 കോടിയാണ് ചിത്രം ഇവിടെനിന്ന് ആദ്യദിനം നേടിയത്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം പഠാന്‍ ആണ്. 1.95 കോടിയാണ് നേട്ടം.
നാല്, അഞ്ച് സ്ഥാനങ്ങളിലാണ് മലയാള ചിത്രങ്ങള്‍ ഉള്ളത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് തിയറ്ററുകള്‍ നിറച്ച ഈ വാരാന്ത്യത്തിലെ റിലീസ് 2018 ആണ് നാലാം സ്ഥാനത്ത്. 1.85 കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. ബി ഉണ്ണികൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് അഞ്ചാം സ്ഥാനത്ത്. 1.70 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഓപണിംഗ്. പ്രമുഖ ട്രാക്കര്‍മാരായ സ്നേഹസല്ലാപമാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.