17 വര്‍ഷം മുന്‍പ് തിയറ്ററുകളില്‍ 200 ദിവസം, നേടിയത് 75 കോടി! ആ വിജയ് ചിത്രത്തിന് വീണ്ടും ആ​ഗോള റിലീസ്

By Web Team  |  First Published Jun 4, 2024, 9:35 AM IST

ഗില്ലിക്ക് പിന്നാലെ റീ റിലീസില്‍ വന്‍ വിജയം നേടുമോ ചിത്രം?


റീ റിലീസിം​ഗ് പല ഭാഷാ സിനിമകളിലും ഇന്ന് സംഭവിക്കാറുണ്ടെങ്കിലും അത് ട്രെന്‍ഡ് ആയിരിക്കുന്നത് തമിഴ് സിനിമയിലാണ്. പുതിയ ചിത്രങ്ങള്‍ കാര്യമായി വിജയങ്ങള്‍ നല്‍കാതിരുന്ന ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായത്തിന് ആശ്വാസം പകര്‍ന്നത് പഴയ ചിത്രങ്ങളുടെ റീ റിലീസ് ആയിരുന്നു. അതില്‍ത്തന്നെ വിജയ് ചിത്രം ​ഗില്ലി നേടിയത് റെക്കോര്‍ഡ് വിജയമായിരുന്നു. 30 കോടിക്ക് മുകളിലാണ് ആ​ഗോള തലത്തില്‍ റീ റിലീസിം​ഗിലൂടെ ചിത്രം നേടിയത്. ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്ത എത്തുകയാണ്. വിജയ്‍യുടെ പഴയ ഒരു ശ്രദ്ധേയ ചിത്രം കൂടി റീ റിലീസിന് എത്തുകയാണ് എന്നതാണ് അത്.

പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ പോക്കിരി എന്ന ചിത്രമാണ് 4കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട് പ്രേക്ഷകരെ തേടി തിയറ്ററുകളിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുന്നത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് ആ​ഗോള തലത്തിലാണ് ചിത്രത്തിന്‍റെ റിലീസ്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും.

Latest Videos

ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു വിജയ്‍യുടെ പോക്കിരി. ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായി എത്തിയ ചിത്രം 2007 ജനുവരി 12 നാണ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. റീ റിലീസില്‍ ​ഗില്ലി പോലെ പണം വാരുമോ ചിത്രം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.

ALSO READ : 'പ്രേമലു' എഫക്റ്റ്; ചെന്നൈയിലെ മാളില്‍ മമിത ബൈജുവിനെ പൊതിഞ്ഞ് ജനക്കൂട്ടം: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!