നടക്കുന്നത് ബോക്സ് ഓഫീസ് അട്ടിമറി? 9 താരങ്ങൾ ഒരുമിച്ച് വന്നിട്ടും വിജയി ഈ യുവതാരം? അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ

By Web Team  |  First Published Oct 30, 2024, 6:03 PM IST

ബോളിവുഡില്‍ ബിഗ് ക്ലാഷ് ആണ് ഇത്തവണ ദീപാവലിക്ക്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രത്തിനൊപ്പം ഭൂല്‍ ഭുലയ്യ 3


ബോളിവുഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട റിലീസ് സീസണുകളില്‍ ഒന്നാണ് ദീപാവലി. ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തുന്ന കാലം. അതിനാല്‍ത്തന്നെ ദീപാവലിക്ക് തങ്ങളുടെ ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ സാധിക്കുക ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് അഭിമാനം പകരുന്ന കാര്യമാണ്. തികച്ചും വൈവിധ്യമുള്ള രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകളാണ് ബോളിവുഡില്‍ നിന്ന് ഇത്തവണ ദീപാവലിക്ക് എത്തുന്നത്.

അജയ് ദേവ്‍ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം സിങ്കം എഗെയ്നും കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 3 ഉും ആണ് ഹിന്ദി സിനിമയില്‍ നിന്നുള്ള ദീപാവലി റിലീസുകള്‍. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രമായ സിങ്കം എഗെയ്നില്‍ സൂപ്പര്‍താരങ്ങളുടെ കുത്തൊഴുക്കാണ്. അജയ് ദേവ്ഗണിനൊപ്പം അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്, ദീപിക പദുകോണ്‍, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ക്കൊപ്പം സല്‍മാന്‍ ഖാനും ചിത്രത്തില്‍ വന്നുപോകുന്നുണ്ട്.

Latest Videos

എന്നാല്‍ ഇത്രയും വലിയ താരനിര ഉണ്ടായിരുന്നിട്ടും കാര്‍ത്തിക് ആര്യന്‍ ചിത്രം ഭൂല്‍ ഭുലയ്യ 3 നോടാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യക്കൂടുതല്‍ ഉള്ളതെന്ന് വെളിവാക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം സിങ്കം എഗെയ്ന്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 2.54 കോടിയാണ്. എന്നാല്‍ ഭൂല്‍ ഭുലയ്യ 3 ഇതുവരെ നേടിയിട്ടുള്ളത് 3.56 കോടിയും! അതേസമയം ആദ്യ ഷോകള്‍ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് വ്യവസായം. രണ്ട് ചിത്രങ്ങളും പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം അതിന് ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.

ALSO READ : കേന്ദ്ര കഥാപാത്രം ഒരു ബൈക്ക്; 'യമഹ' ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!