ദീപാവലി റിലീസുകളായ സിങ്കം എഗെയ്‌നും ഭൂൽ ഭുലയ്യ 3യും ആദ്യ തിങ്കളാഴ്ചത്തെ കളക്ഷനിൽ 50 ശതമാനം ഇടിവ് നേരിട്ടു.
മുംബൈ: വന്‍ ചിത്രങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍. അതിനാല്‍ തന്നെ മൂവി ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ 'മണ്‍ഡേ ടെസ്റ്റ്' എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം 'മണ്‍ഡേ ടെസ്റ്റ്' പാസായെന്ന് പറയാം.
അടുത്തകാലത്തായി കഷ്ടകാലം നേരിടുന്ന ബോളിവുഡ് അതിനാല്‍ 'മണ്‍ഡേ ടെസ്റ്റ്' കളക്ഷന് വലിയ പ്രധാന്യമാണ് നല്‍കുന്നത്. ദീപാവലിക്ക് വലിയ ക്ലാഷാണ് ബോളിവുഡില്‍ നടന്നത്. സിങ്കം എഗെയ്ന്‍, ഭൂൽ ഭുലയ്യ 3 എന്നീ ചിത്രങ്ങളാണ് ബോക്സോഫീസില്‍ ഏറ്റുമുട്ടിയത്. ഇതില്‍ രണ്ട് ചിത്രങ്ങളും മോശമല്ലാത്ത കളക്ഷനാണ് ആദ്യ വാരാന്ത്യത്തില്‍ നേടിയത്. രണ്ട് ചിത്രവും ഇന്ത്യന്‍ ബോക്സോഫീസില്‍ ഇതിനകം 100 കോടി പിന്നിട്ടു കഴിഞ്ഞു.
എന്നാല്‍ പതിവ് പോലെ തിങ്കളാഴ്ചയില്‍ എത്തിയപ്പോള്‍ ഇരുചിത്രത്തിന്‍റെയും കളക്ഷന്‍ പ്രതീക്ഷിച്ച പോലെ 50 ശതമാനത്തിലേറെ ഇടിഞ്ഞു. എന്നാല്‍ ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്ന കളക്ഷന്‍ ചിത്രങ്ങള്‍ നേടിയെന്നാണ് വിവരം.
ഞായറാഴ്ച 35.75 കോടി നേടിയ സിങ്കം എഗെയ്ന്‍ തിങ്കളാഴ്ച ബോക്സോഫീസില്‍ 50 ശതമാനത്തോളം ഇടിവില്‍ 17.50 കോടിയാണ് നേടിയത്. നാല് ദിവസത്തില്‍ രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സില്‍ പെടുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഇന്ത്യയില്‍ 139.25 കോടി നേടിയെന്നാണ് ട്രാക്കറായ സാക്നില്‍ക്.കോം പറയുന്നത്.
അതേ സമയം കാർത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 3 ആദ്യ തിങ്കളാഴ്ച സിങ്കത്തിന്‍റെ കളക്ഷന്‍ തന്നെ നേടി 17.5 കോടി. ഞായറാഴ്ച ചിത്രത്തിന് 33.5 കോടിയായിരുന്നു കളക്ഷന്‍. നാല് ദിവസത്തില്‍ ചിത്രം 123. 5 കോടിയാണ് ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്.
വന്‍ വിജയം നേടിയ ഭൂല്‍ ഭുലയ്യ 2 ന്‍റെ തുടര്‍ച്ച ആയതിനാല്‍ത്തന്നെ ഹിന്ദി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ 3. ആ വിപണിമൂല്യമാണ് പ്രീ റിലീസ് ബിസിനസിലും പ്രതിഫലിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ തീയറ്ററിലും കാണുന്നുവെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
അജയ് ദേഗ്‍ഗണിനൊപ്പം സിങ്കം എഗെയ്‍ൻ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ സല്‍മാൻ ഖാനും എത്തുന്നുണ്ട്. ബജറ്റ് ഏകദേശം 350 കോടിയുമാണ്.