പുഷ്പ: ദി റൂൾ - ഭാഗം 2 രണ്ടാം ദിനവും കുതിപ്പ് തുടരുന്നു, 40 ശതമാനത്തോളം കളക്ഷന്‍ ഇടിഞ്ഞു. പക്ഷെ റെക്കോഡുകള്‍ സെയ്ഫാക്കി അല്ലു ചിത്രം
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ: ദി റൂൾ - ഭാഗം 2 ഗംഭീരമായ തുടക്കമാണ് ബോക്‌സ് ഓഫീസിൽ ലഭിച്ചത്. ആദ്യ ദിനം തന്നെ എല്ലാ ഭാഷകളിലുമായി 174.9 കോടി രൂപയുടെ മികച്ച കളക്ഷനോടെയാണ് ചിത്രം ഒപ്പണിംഗ് ഇന്ത്യന്‍ ബോക്സോഫീസില്‍ നടത്തിയത്. രണ്ടാം ദിനത്തില്‍ ഈ തുകയില്‍ നിന്നും വലിയ 40 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചെങ്കിലും വിസ്മയിപ്പിക്കുന്ന നമ്പര്‍ തന്നെയാണ് വര്‍ക്കിംഗ് ഡേയില്‍ ഉണ്ടാക്കിയത്.
90.10 കോടി രൂപയാണ് രണ്ടാം ദിനം പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ഇതോടെ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കളക്ഷന്‍ ഇന്ത്യയിൽ 265 കോടി രൂപയിലെത്തിയെന്ന് ട്രാക്കറായ സാക്നിൽക് പറയുന്നത്. അതേ സമയം 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിരിക്കുന്നു. അതായത് ചിത്രം രണ്ടാം ദിനത്തില്‍ തന്നെ 400 കോടി കളക്ഷന്‍ പിന്നിടും എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ട് ചെയ്തത്. 55 കോടിയാണ് ഹിന്ദി പതിപ്പ് ഉണ്ടാക്കിയത്. രണ്ടാം സ്ഥാനത്ത് തെലുങ്കാണ് 27.1 കോടി. മൂന്നാം സ്ഥാനത്ത് തമിഴാണ് 5.5 കോടി, നാലാം സ്ഥാനത്ത് മലയാളം 1.9 കോടി, അവസാനം കന്നടയാണ് 0.6 കോടി രൂപ. 53 ശതമാനമാണ് സിനിമയുടെ മൊത്തം തീയറ്റര്‍ ഒക്യുപെന്‍സി.
ഇതോടെ പുഷ്പ 1 ന്‍റെ ലൈഫ് ടൈം കളക്ഷന്‍ രണ്ടാം ദിനത്തില്‍ തന്നെ പുഷ്പ 2 മറികടക്കും എന്ന് വ്യക്തമാണ്. ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ലഭിക്കുന്ന വന്‍ സ്വീകരണം ചിത്രത്തിന് വാണിജ്യപരമായ വന്‍ ഗുണമാണ് ചെയ്യുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്നാല്‍ വീക്കെന്‍റ് ഡേയ്സില്‍ വീണ്ടും കളക്ഷന്‍ ഉയരും എന്ന് തന്നെയാണ് പ്രതീക്ഷ.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തിയപ്പോള്‍ തീയറ്റര്‍ അടക്കിവാഴുന്ന ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.