'ടര്‍ബോ', 'വാലിബന്‍', ​'ഗോട്ട്' ഒക്കെ പിന്നില്‍; കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമായി 'പുഷ്‍പ 2'

By Web Team  |  First Published Dec 6, 2024, 5:05 PM IST

വന്‍ വിജയം നേടിയ പുഷ്‍പ: ദി റൈസിന്‍റെ സീക്വല്‍


സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്‍റെ ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു ലഭിച്ച പ്രീ റിലീസ് ബുക്കിംഗ്. ആദ്യദിനം ജനം ഇരമ്പിയെത്തിയതോടെ ഓപണിംഗ് കളക്ഷനിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നേടിയ ഓപണിംഗ് കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ്.

ചിത്രം 6 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയതായി ട്രാക്കര്‍മാര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിതരണക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ഒഫിഷ്യല്‍ കണക്ക് പ്രകാരം 6.35 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഓപണിംഗ്. ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ഇത്. അതുപോലെ തന്നെ ഈ വര്‍ഷം കേരളത്തിൽ റിലീസായ സിനിമകളിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനുമാണ് ഇത്. ഇതുവരെ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോ (6.15 കോടി), മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ (5.85 കോടി), പൃഥ്വിരാജ് ചിത്രം ആടുജീവിതം (5.83 കോടി), വിജയ് ചിത്രം ഗോട്ട് (5.80 കോടി) എന്നിവയെയൊക്കെ മറികടന്നാണ് പുഷ്പ 2 ന്‍റെ നേട്ടം. 600 ലേറെ സ്ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ റിലീസ് ചെയ്തത്. ലോകമാകെ പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് സിനിമയുടെ റിലീസ്. 

Latest Videos

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ, തിരക്കഥ, സംവിധാനം സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ ചെറി, സംഗീതം ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ എസ്. രാമകൃഷ്ണ- മോണിക്ക നിഗോത്രേ, ഗാനരചയിതാവ് ചന്ദ്ര ബോസ്, ബാനറുകൾ മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ് ശരത്ചന്ദ്ര നായിഡു, പിആർഒ ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ.

ALSO READ : 'രുധികം' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!