ഒപ്പത്തിനൊപ്പം, ആര് മുന്നിൽ? ബോക്സ് ഓഫീസിൽ തരംഗമായി 'പ്രേമയുഗം'; രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ശനിയാഴ്ച നേടിയത്

By Web Team  |  First Published Feb 18, 2024, 5:05 PM IST

പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാന്‍ ഒരേ സമയം മത്സരിക്കുന്നത്


ഒരേ സമയം ഒരേ ഭാഷയിലെ രണ്ട് ചിത്രങ്ങള്‍ വന്‍ ജനപ്രീതിയോടെ തിയറ്ററുകളില്‍ തുടരുക. മുന്‍പ് ഹോളിവുഡില്‍ ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും ഒരേ ദിവസം റിലീസ് ചെയ്യപ്പെട്ട് വന്‍ ജനപ്രീതി നേടി മുന്നോട്ട് പോയപ്പോള്‍ ആ പ്രതിഭാസത്തെ ബാര്‍ബന്‍ഹെയ്‍മര്‍ എന്ന ഓമനപ്പേരിട്ട് സിനിമാപ്രേമികള്‍ വളിച്ചിരുന്നു. ഇപ്പോഴിതാ അതിന്‍റെ ഒരു ചെറിയ പതിപ്പ് മലയാള സിനിമയിലും സംഭവിക്കുകയാണ്. ഹോളിവുഡില്‍ അത് ബാര്‍ബന്‍ഹെയ്‍മര്‍ ആയിരുന്നെങ്കില്‍ മലയാളത്തില്‍ അത് 'പ്രേമയുഗം' ആണ്.

പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാന്‍ ഒരേ സമയം മത്സരിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ഹെയ്‍മര്‍, ബാര്‍ബി എന്നീ ചിത്രങ്ങളെപ്പോലെ ഒരേ ദിവസം ആയിരുന്നില്ല ഈ ചിത്രങ്ങളുടെ റിലീസ്. ഫെബ്രുവരി 9 നാണ് പ്രേമലു എത്തിയതെങ്കില്‍ അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഫെബ്രുവരി 15 നാണ് ഭ്രമയുഗം എത്തിയത്. വന്‍ അഭിപ്രായം നേടി മുന്നേറിയ പ്രേമലുവിന് അതേപോലെ വന്‍ അഭിപ്രായം നേടിയ ഭ്രമയുഗത്തിന്‍റെ വരവോട് അടിതെറ്റിയില്ല. എന്ന് മാത്രമല്ല, പൂര്‍വ്വാധികം ശക്തമായി മുന്നോട്ട് പോവുകയുമാണ്. തികച്ചും വ്യത്യസ്ത ജോണറുകളില്‍ പെട്ട രണ്ട് ചിത്രങ്ങളായതിനാല്‍ രണ്ടിനും അതിന്‍റേതായി പ്രേക്ഷകര്‍ എത്തുന്നുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഒന്ന് മറ്റൊന്നിന് ഗുണമാവുകയുമാണ് ഇവിടെ. 

Latest Videos

undefined

ഇന്നലെയാണ് (ശനിയാഴ്ച) രണ്ട് ജനപ്രിയ ചിത്രങ്ങള്‍ ഒരേ സമയം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്‍റെ നേട്ടം കേരള ബോക്സ് ഓഫീസ് ആദ്യമായി അറിഞ്ഞത്. ഭ്രമയുഗം 3 കോടിയാണ് ശനിയാഴ്ച നേടിയതെങ്കില്‍ പ്രേമലുവും ഏതാണ്ട് അത്ര തന്നെ നേടി. 2.9- 3 കോടി റേഞ്ചില്‍ ആണ് പ്രേമലുവിന്‍റെ കേരളത്തിലെ ശനിയാഴ്ച കളക്ഷനെന്നാണ് ട്രാക്കര്‍മാരുടെ കണക്ക്. അതായത് രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 5.9- 6 കോടിയാണ്. ഞായറാഴ്ച ഇത് ഇതിനേക്കാള്‍ വര്‍ധിക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. അത്തരത്തിലുള്ള പ്രതികരണമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അതേസമയം വാരാന്ത്യ ദിനങ്ങളില്‍ നിന്ന് ഈ ചിത്രങ്ങള്‍ ആകെ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം.

ALSO READ : 'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; 'അന്വേഷിപ്പിന്‍ കണ്ടെത്തും' റിവ്യൂവുമായി സിബി മലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!