വിദേശ കളക്ഷനിലും ഞെട്ടിച്ച് 'പ്രേമയുഗം ബോയ്‍സ്'; മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് ഇതുവരെ നേടിയത്

By Web Team  |  First Published Feb 27, 2024, 1:45 PM IST

ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് മാത്രമായിരുന്നു ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന ഓവര്‍സീസ് മാര്‍ക്കറ്റ്. എന്നാല്‍ കാലം മുന്നോട്ട് പോകവെ അത് മാറി.


മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷയുണ്ടാക്കുന്ന മാസമാണ് ഇത്. തിയറ്ററുകളില്‍ പ്രേക്ഷകരെ കൂട്ടമായി എത്തിച്ച മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ടത്. അവയെല്ലാം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന കളക്ഷനില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവാണ് മോളിവുഡിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. 

ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് മാത്രമായിരുന്നു ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന ഓവര്‍സീസ് മാര്‍ക്കറ്റ്. എന്നാല്‍ കാലം മുന്നോട്ട് പോകവെ അത് മാറി. ഇന്ന് മലയാളികളുടെ സാന്നിധ്യം കാര്യമായുള്ള മിക്ക രാജ്യങ്ങളിലും മലയാള സിനിമകളും എത്തുന്നുണ്ട്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലൊക്കെ ഇന്ന് മലയാള സിനിമകള്‍ക്ക് കാര്യമായി റിലീസ് ഉണ്ട്. മോളിവുഡിന്‍റെ ഫെബ്രുവരി ഹിറ്റുകളായ പ്രേമയുഗം ബോയ്സിന്‍റെ (പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളെ ചേര്‍ത്ത് പറയുന്ന ടാഗ്) ഓവര്‍സീസ് ബോക്സ് ഓഫീസ് എത്രയെന്ന് നോക്കാം.

Latest Videos

undefined

ഇക്കൂട്ടത്തില്‍ ആദ്യമെത്തിയ പ്രേമലുവിന്‍റെ റിലീസ് ഫെബ്രുവരി 9 നും ഭ്രമയുഗം എത്തിയത് ഫെബ്രുവരി 15 നും മഞ്ഞുമ്മല്‍ ബോയ്സ് എത്തിയത് 22 നും ആയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച കളക്ഷനാണ് ഈ ചിത്രങ്ങള്‍ നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് പ്രേമലു 17 ദിവസം കൊണ്ട് വിദേശത്തുനിന്ന് നേടിയത് 27.25 കോടിയാണ്. ഭ്രമയുഗം 11 ദിവസം കൊണ്ട് നേടിയത് 23.75 കോടിയും മഞ്ഞുമ്മല്‍ ബോയ്സ് 4 ദിവസം കൊണ്ട് മാത്രം നേടിയത് 17.75 കോടിയും! ഇതെല്ലാം ചേരുമ്പോള്‍ 68.75 കോടി വരും! അതേസമയം ഇതേ കാലയളവില്‍ ഈ മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് കേരളത്തില്‍ നിന്ന് നേടിയത് 70 കോടി ആണെന്നതും അറിയണം. അതായത് മലയാള ചിത്രങ്ങള്‍ ഇന്ന് കേരളത്തില്‍ നേടുന്നതിന് സമാനമായ കളക്ഷനാണ് വിദേശത്തുനിന്നും നേടുന്നത്. ഭ്രമയുഗത്തിനും മഞ്ഞുമ്മല്‍ ബോയ്‍സിനും കേരളത്തേക്കാള്‍ വലിയ കളക്ഷന്‍ ലഭിച്ചത് വിദേശത്തുമാണ്. ഞായറാഴ്ച വരെയുള്ള കളക്ഷനാണ് സിനിട്രാക്ക് പരിഗണിച്ചിരിക്കുന്നത്.

ALSO READ : ചാലിയാറിന്‍റെ കഥ പറയാന്‍ 'കടകന്‍'; മാര്‍ച്ച് 1 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!