വെറും 12 ദിവസം! ബോക്സ് ഓഫീസില്‍ ആ നിര്‍ണായക സംഖ്യ പിന്നിട്ട് 'പ്രേമലു'; മലയാളത്തില്‍ ഈ വര്‍ഷം ആദ്യം

By Web Team  |  First Published Feb 21, 2024, 2:01 PM IST

ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്‍റിക് കോമ‍ഡി ചിത്രം


സിനിമയുടെ ജയപരാജയങ്ങളെ എക്കാലവും നിര്‍ണ്ണയിച്ചിട്ടുള്ളത് മൗത്ത് പബ്ലിസിറ്റിയാണ്. പക്ഷേ മുന്‍പ് ഏത് കാലത്തേക്കാള്‍ അതിന് പ്രാധാന്യമുണ്ട് ഇപ്പോള്‍. വൈഡ് റിലീസിംഗും സോഷ്യല്‍ മീഡിയയും അതിലൂടെയുള്ള റിവ്യൂസുമൊക്കെ ചേരുമ്പോള്‍ ഒരു ചിത്രത്തിന്‍റെ അണിയറക്കാരെ സംബന്ധിച്ച് ആദ്യദിനം മികച്ച അഭിപ്രായം നേടുക എന്നത് ഒരു അഗ്നിപരീക്ഷ തന്നെയാണ്. എന്നാല്‍ ഇതില്‍ വിജയിച്ചാലോ കാത്തിരിക്കുന്നത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തന്നെയാവും. ഇപ്പോഴിതാ അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരിക്കുകയാണ് പ്രേമലു.

നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്‍റിക് കോമ‍ഡി ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളിലെത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകനൊരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രമാണിത്. ആ പ്രേക്ഷകപ്രതീക്ഷ റിലീസിന് ശേഷവും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതോടെ മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയത്. ഇപ്പോഴിതാ 12 ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരു നിര്‍ണ്ണായക സംഖ്യ പിന്നിടിരിക്കുകയാണ് പ്രേമലു. 50 കോടി ക്ലബ്ബിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Latest Videos

undefined

മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം ഫെബ്രുവരി 15 ന് എത്തിയിട്ടും പ്രേമലുവിന്‍റെ കളക്ഷനില്‍ ഇടിവൊന്നും രേഖപ്പെടുത്തിയില്ല എന്നത് കൗതുകത്തോടെയാണ് ചലച്ചിത്രലോകം നോക്കിക്കണ്ടത്. അതേസമയം രണ്ടാം ആഴ്ചയിലെ പ്രവര്‍ത്തിദിനങ്ങളിലും ചിത്രം മികച്ച ഒക്കുപ്പന്‍സിയാണ് നേടുന്നത്. വരുന്ന വാരാന്ത്യ ദിനങ്ങളിലും ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യാഷ് രാജ് ഫിലിംസ് ഈയിടെ കരസ്ഥമാക്കിയിരുന്നു. ഇതോടെ അവിടുത്തെ സ്ക്രീന്‍ കൗണ്ടില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. ചിത്രത്തിന്‍റെ വിദേശ ബോക്സ് ഓഫീസിനെ ഗുണപരമായി സ്വാധീനിക്കുന്ന ഘടകമായും ഇത് മാറും. 

ALSO READ : 'പുതിയ അദ്ധ്യായത്തിന്‍റെ ആരംഭം'; അഞ്ജലി മേനോന്‍ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ്

click me!