54 ദിനങ്ങള്‍; തമിഴ്നാട് തിയറ്ററുകള്‍ക്ക് രക്ഷയായി മോളിവുഡ്; നാല് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

By Web Team  |  First Published Apr 4, 2024, 11:56 AM IST

ഫെബ്രുവരി 9 ന് എത്തിയ പ്രേമലുവും 15 ന് എത്തിയ ഭ്രമയുഗവുമായിരുന്നു അക്കൂട്ടത്തിലെ ആദ്യ റിലീസുകള്‍


മലയാള സിനിമയുടെ തമിഴ് മാര്‍ക്കറ്റ് എന്നത് നിര്‍മ്മാതാക്കളില്‍ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല, മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വരുന്നതുവരെ. എന്നാല്‍ അതുവരെയുള്ള, തമിഴ്നാട്ടിലെ ഹയസ്റ്റ് ഗ്രോസിംഗ് മലയാള സിനിമയുടെ റെക്കോര്‍ഡ് പത്തിരട്ടിയിലേറെ കളക്ഷന്‍ നേടിക്കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സ് തകര്‍ത്തത്. ഒപ്പം മലയാള സിനിമയുടെ തമിഴ്നാട്ടിലെ മാര്‍ക്കറ്റില്‍ ഇനി പ്രതീക്ഷ വെക്കാം എന്ന ഉറപ്പും ഈ ചിത്രം നല്‍കി. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമല്ല, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എത്തിയ നാല് മലയാള ചിത്രങ്ങള്‍ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇവ ചേര്‍ന്ന് നേടിയ കളക്ഷന്‍ ടോളിവുഡിനെപ്പോലും ചിന്തിപ്പിക്കുന്നുമുണ്ട്.

ഫെബ്രുവരി 9 ന് എത്തിയ പ്രേമലുവും 15 ന് എത്തിയ ഭ്രമയുഗവുമായിരുന്നു അക്കൂട്ടത്തിലെ ആദ്യ റിലീസുകളെങ്കിലും തമിഴ്നാട്ടില്‍ മോളിവുഡിന്‍റെ കളം മാറിയത് ഫെബ്രുവരി 22 ന് മഞ്ഞുമ്മല്‍ ബോയ്സ് എത്തിയതോടെയാണ്. ചെറിയ സ്ക്രീന്‍ കൌണ്ടോടെ (ഏറെയും ചെന്നൈയില്‍) പ്രദര്‍ശനമാരംഭിച്ച ചിത്രം ദിവസങ്ങളും ആഴ്ചകളും ചെല്ലുന്തോറും സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ച് ഗ്രാമാന്തരങ്ങള്‍‌ വരെ എത്തി. ഫലം തമിഴ്നാട്ടില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 62.62 കോടിയാണ്! തമിഴ്നാട്ടില്‍ നിന്ന് 50 കോടി ക്ലബ്ബിലെത്തുന്ന ഒരേയൊരു മലയാള ചിത്രവും ഇതുതന്നെ. 

Latest Videos

undefined

തമിഴ്നാട് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് പ്രേമലു ആണ്. 10.32 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. നാലാം സ്ഥാനത്തുള്ള ആടുജീവിതം 5.05 കോടിയും എട്ടാംസ്ഥാനത്തുള്ള ഭ്രമയു​ഗം 2.35 കോടിയുമാണ് നേടിയത്. അങ്ങനെ കഴിഞ്ഞ 54 ദിവസങ്ങള്‍ക്കുള്ളില്‍ (ഫെബ്രുവരി 9 മുതല്‍ ഏപ്രില്‍ 2 വരെ) നാല് മലയാള ചിത്രങ്ങള്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് നേടിയിരിക്കുന്നത് 80.82 കോടി രൂപയാണ്. ആടുജീവിതം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോള്‍ വാരാന്ത്യ ദിനങ്ങളില്‍ ഇപ്പോഴും മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്.

ALSO READ : ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍; 'പവി കെയര്‍ ടേക്കറി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!