ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം
മികച്ച ഉള്ളടക്കം സൃഷ്ടിക്കുമ്പോഴും കേരളത്തിന് പുറത്തേക്ക് കാര്യമായി എത്തുന്നില്ല എന്നത് മലയാള സിനിമ ഒരുകാലത്ത് നേരിട്ട പ്രതിസന്ധി ആയിരുന്നു. ഒരുകാലത്ത് മോളിവുഡിന്‍റെ ഓവര്‍സീസ് മാര്‍ക്കറ്റ് എന്നത് ഗള്‍ഫ് മാത്രമായും ചുരുങ്ങിയിരുന്നു. എന്നാല്‍ അതൊക്കെ പഴയ കഥ. യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, യുഎസ് ഒക്കെ ഇന്ന് മലയാള സിനിമകള്‍ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് ആയാലും തിയറ്ററുകളുടെ എണ്ണം കാര്യമായി കൂടിയിരിക്കുന്നു. മലയാള സിനിമകള്‍ തരംഗം തീര്‍ക്കുന്ന ഫെബ്രുവരിയില്‍ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ പ്രേമലു ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റില്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ചര്‍ച്ചയാവുന്നത്. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ അതേ ദിവസമായിരുന്നു റിലീസ്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രമാണിത്. ഇപ്പോഴിതാ യുകെയില്‍ എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. ലൂസിഫറിനെ മറികടന്നാണ് ഈ യുവതാര ചിത്രത്തിന്‍റെ നേട്ടം.
undefined
രണ്ടാം സ്ഥാനത്തുള്ള ലൂസിഫറിനെ മറികടന്ന് പ്രേമലു ആ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം മൂന്നാം സ്ഥാനത്തേക്ക് പോയി. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ആണ്. പ്രേമലുവിന്‍റെ ഇതുവരെയുള്ള യുകെ ബോക്സ് ഓഫീസ് 2.87 കോടിയാണെങ്കില്‍ 2018 ന്‍റെ യുകെ ലൈഫ് ടൈം കളക്ഷന്‍ 7.0 കോടി ആയിരുന്നു. പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ നിലവിലെ യുകെ, യൂറോപ്പ് വിതരണാവകാശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം