ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കുമോ 'പൊന്നിയിന്‍ സെല്‍വന്‍'? അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇതുവരെ നേടിയത്

By Web Team  |  First Published Sep 29, 2022, 9:42 PM IST

വന്‍ ആഗോള സ്ക്രീന്‍ കൌണ്ടുമായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്


ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രീ- റിലീസ് ഹൈപ്പ് ആണ് മണി രത്നത്തിന്റെ പൊന്നിയിന് സെല്‍വന് ലഭിച്ചത്. ബി​ഗ് സ്ക്രീനില്‍ മുന്‍പും നിരവധി അത്ഭുതങ്ങള്‍ കാഴ്ചവച്ചിട്ടുള്ള മണി രത്നം തന്‍റെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ച പൊന്നിയിന്‍ സെല്‍വന്‍ ലോകമെമ്പാടും നാളെ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം റിലീസിനു മുന്‍പുതന്നെ ബോക്സ് ഓഫീസില്‍ വലിയ നേട്ടം സമ്മാനിച്ചുവെന്നാണ് പുറത്തെത്തിക്കൊണ്ടിരിക്കുന്ന പ്രീ സെയില്‍സ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം അഡ്വാന്‍സ് ബുക്കിം​ഗിലൂടെ തമിഴ്നാട്ടില്‍ നിന്ന് നേടിയത് 13.12 കോടിയാണ്. 356 സ്ക്രീനുകളില്‍ നിന്നും ഇന്ന് വൈകിട്ട് 6 മണി വരെ ലഭ്യമായ കണക്ക് ആണിത്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 2.90 കോടി ആണെന്നും കേരളത്തില്‍ നിന്നും ഒരു കോടിയില്‍ അധികം നേടിയെന്നും സിനിട്രാക്ക് അറിയിക്കുന്നു. വിക്രം, കെജിഎഫ് 2 അടക്കം പല ഇതരഭാഷാ ചിത്രങ്ങളും കേരളത്തില്‍ നിന്ന് സമീപകാലത്ത് വന്‍ കളക്ഷന്‍ നേടിയിരുന്നു. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം പൊന്നിയിന്‍ സെല്‍വന്‍ ആ ​ഗണത്തിലേക്ക് എത്തും. തമിഴ്നാട് കളക്ഷനിലും റെക്കോര്‍ഡുകളില്‍ കുറഞ്ഞതൊന്നും ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നില്ല.

Latest Videos

ALSO READ : സിനിമയ്ക്കു മുന്‍പേ അഭിനയിച്ചത് പരസ്യചിത്രത്തില്‍; ദുല്‍ഖറിന് ലഭിച്ച ആദ്യ പ്രതിഫലം

Pre sales update: 's in Tamilnadu rakes in ₹13.12 crore gross as ADVANCE sales for the opening day(30/09/2022) as at 6 PM IST on 29/09/2022 from 356 cinemas!

In Karnataka, has pre sales of ₹2.90 Crore for Friday. GOOD! pic.twitter.com/FXOffCaNHO

— Cinetrak (@Cinetrak)

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് നാളെ എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്‍റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ്.

click me!