ഒരു കോടി ക്ലബ്ബില്‍ നിന്ന് 150 കോടി ക്ലബ്ബിലേക്ക്; ബോക്സ് ഓഫീസില്‍ പുതിയ സാധ്യതകള്‍ തേടുന്ന മോളിവുഡ്

By Web Team  |  First Published May 28, 2023, 9:39 AM IST

നേടിയ കളക്ഷന്‍ മലയാള സിനിമ പോസ്റ്ററില്‍ അടിച്ചുതുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല


തിയറ്ററുകളില്‍ ആകെ എത്ര ദിവസം ഓടി? ഒരു കാലത്ത് സിനിമകളുടെ വിജയം നിര്‍ണ്ണയിച്ചിരുന്ന മാനകം അതായിരുന്നു. 100 ദിവസം, 150 ദിവസം, 365 ദിവസം, 450 ദിവസം എന്നിങ്ങനെയുള്ള പഴയകാല സിനിമകളുടെ പോസ്റ്ററുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം. തിയറ്ററുകള്‍ എ, ബി, സി ക്ലാസുകളായി വിഭജിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. വളരെ കുറച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട് (ഇരുപതില്‍ താഴെ) അവിടെ ഓട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം ബി ക്ലാസിലേക്കും പിന്നീട് സി ക്ലാസിലേക്കും മാറിയിരുന്ന കാലം. എന്നാല്‍ വൈഡ് റിലീസിന്‍റെ വരവോടെ ഓടിയ ദിവസം എന്നതിനേക്കാള്‍ നേടിയ കളക്ഷനായി വിജയം അളക്കുന്നതിനുള്ള സ്കെയില്‍.

എന്നാലും നേടിയ കളക്ഷന്‍ മലയാള സിനിമ പോസ്റ്ററില്‍ അടിച്ചുതുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം പുലിമുരുകന്‍റെ കളക്ഷന്‍ പറഞ്ഞുള്ള പോസ്റ്റര്‍ മോളിവുഡില്‍ ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചു. പിന്നീടിങ്ങോട്ട് കളക്ഷനില്‍ ഉയര്‍ച്ച നേടിയാല്‍ അത് പോസ്റ്ററില്‍ പറയുക എന്നത് പല നിര്‍മ്മാതാക്കളുടെയും താല്‍പര്യമായി മാറി. തെന്നിന്ത്യയിലെ മറ്റ് ഭാഷാ സിനിമകളുമായി തട്ടിച്ചുനോക്കാനാവില്ലെങ്കിലും ഇക്കാലയളവില്‍ മലയാള സിനിമയും നേടിയെടുക്കുന്ന വലിയ കുതിപ്പ് ഉണ്ട്. അതിന്‍റെ ഏറ്റവും പുതിയ തെളിവാണ് 2018. ആദ്യ ഒരു കോടി ക്ലബ്ബ് ചിത്രത്തില്‍ നിന്ന് 150 കോടി ക്ലബ്ബ് ചിത്രത്തിലേക്കുള്ള മലയാള സിനിമയുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ മാതൃകയാണ്. മറ്റ് പ്രധാന ഇന്‍ഡസ്ട്രികളേക്കാള്‍ ചെറിയ ബജറ്റുകളിലാണ് നാം വലിയ വിജയങ്ങള്‍ക്ക് പ്രാപ്തരാവുന്നത് എന്നതുതന്നെ കാരണം. 

Latest Videos

undefined

ALSO READ : ഏതാണ് ഒരു കോടി കളക്ഷന്‍ നേടിയ ആദ്യ മലയാളസിനിമ?

 

ഒരു മലയാള ചിത്രം ആദ്യമായി ഒരു കോടി ഗ്രോസ് കളക്ഷന്‍ നേടുന്നത് 1987 ല്‍ ആണ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡെല്‍ഹി ആയിരുന്നു ആ ചിത്രം. ആദ്യ ഒരു കോടി ക്ലബ്ബില്‍ നിന്ന് ആദ്യ 50 കോടി ക്ലബ്ബിലേക്കുള്ള മലയാള സിനിമയുടെ സഞ്ചാരം 26 വര്‍ഷങ്ങള്‍ കൊണ്ടാണ്. 2013 ല്‍ പുറത്തെത്തിയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യമാണ് ആ ചിത്രം. സിനിമാമേഖല നിരവധി അനവധി മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട രണ്ടര പതിറ്റാണ്ടാണ് ഇത്. വൈഡ് റിലീസിനൊപ്പം ടിക്കറ്റ് ചാര്‍ജിലെ വര്‍ധനവും സിംഗിള്‍ സ്ക്രീനുകളില്‍ നിന്ന് മള്‍ട്ടിപ്ലെക്സുകളിലേക്കുള്ള മാറ്റവും ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റവുമൊക്കെ അതിനിടെ സംഭവിച്ചു. ആദ്യ 100 കോടി ക്ലബ്ബിലേക്ക് പിന്നെ അധികം വര്‍ഷം വേണ്ടിവന്നില്ല. ദൃശ്യം പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ തന്നെ നായകനായ പുലിമുരുകന്‍ എത്തി. വൈശാഖ് ആയിരുന്നു സംവിധാനം. 

 

പുലിമുരുകന്‍റെ കളക്ഷന്‍ ബ്രേക്ക് ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ വരവിന് പക്ഷേ ഏഴ് വര്‍ഷങ്ങള്‍ എടുത്തു. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മലയാള സിനിമയ്ക്ക് മുന്നിലുള്ളത് പ്രതീക്ഷാഭരിതമായ ഭാവിയാണെന്ന് പറയുന്നുണ്ട്. ഉള്ളടക്കം കൊണ്ട് ഇന്ത്യയൊട്ടാകെ ഒടിടിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാള സിനിമ കാണാന്‍ ഇതരഭാഷാ പതിപ്പുകളിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ എത്തുന്ന ഒരു കാലത്തിലേക്ക് നമുക്ക് കടക്കാനാവുമോ എന്നതാണ് ചോദ്യം. ബാഹുബലി തെലുങ്കിലും കെജിഎഫ് കന്നഡയ്ക്കും സമ്മാനിച്ചതുപോലെ ഒരു ചിത്രം ഇവിടെ നിര്‍മ്മിക്കപ്പെടുമോ എന്നതും. കാന്‍വാസിന്റേതായ പരിമിതികള്‍ ഉണ്ടെങ്കിലും അത്തരം ഒരു ചിത്രം വന്നാല്‍ മലയാള സിനിമയുടെ ചക്രവാളം ഇന്നത്തേതിലും പതിന്മടങ്ങ് ദൂരത്തില്‍ മാറ്റിവരയ്ക്കപ്പെടും. 

ALSO READ : ഒടുവില്‍ തുറന്നുസമ്മതിച്ച് ശോഭ; 'ക്യാപ്റ്റന്‍സി ടാസ്‍കില്‍ എനിക്ക് കണ്ണ് കാണാമായിരുന്നു'

click me!