തിയറ്ററുകളിലെ ഓണം തുടങ്ങി; ബോക്സ് ഓഫീസില്‍ 'സൂപ്പര്‍ ഫ്രൈഡേ', മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

By Web Team  |  First Published Aug 26, 2023, 1:51 PM IST

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് കൊത്തയുടെ ആദ്യ ഷോകള്‍ മുതലാണ് തിയറ്ററുകളിലെ ഇത്തവണത്തെ ഓണം ആരംഭിച്ചത്


കേരളത്തിലെ തിയറ്റര്‍ വ്യവസായത്തിന്‍റെ പ്രധാന സീസണുകളില്‍ ഒന്നാണ് ഓണം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണം റിലീസുകള്‍ കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി അങ്ങനെയല്ല സ്ഥിതി. തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷാനിര്‍ഭരമായ ഒരു ഓണക്കാലമാണ് ഇത്. നാല് ഓണം റിലീസുകളിലെ മൂന്ന് ചിത്രങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ഹെയ്സ്റ്റ് ആക്ഷന്‍ കോമഡി ചിത്രം രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ആന്‍റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആര്‍ഡിഎക്സ് എന്നിവയാണ് ഓണം റിലീസുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രദര്‍ശനത്തിനെത്തിയത്. 

കിംഗ് ഓഫ് കൊത്തയാണ് ഇതില്‍ ആദ്യമെത്തിയത്, വ്യാഴാഴ്ച. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് കൊത്തയുടെ ആദ്യ ഷോകള്‍ മുതലാണ് തിയറ്ററുകളിലെ ഇത്തവണത്തെ ഓണം ആരംഭിച്ചത്. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കിംഗ് ഓഫ് കൊത്ത 2.05 കോടി, ആര്‍ഡിഎക്സ് 1.30 കോടി, രാമചന്ദ്ര ബോസ് ആന്‍ഡ് കോ 65 ലക്ഷം എന്നിങ്ങനെയാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍. അതായത് മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് കേരളത്തില്‍ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയിരിക്കുന്നത് 4 കോടിക്ക് മുകളിലാണ്.

Latest Videos

ഇത്തവണത്തെ തിരുവോണം ചൊവ്വാഴ്ച ആയതിനാല്‍ അഞ്ച് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് (കൊത്തയ്ക്ക് ആറ് ദിവസത്തെ) ആണ് ഓണം റിലീസുകള്‍ക്ക് ലഭിക്കുക. ഓണം റിലീസുകളില്‍ നാലാമത്തെ ചിത്രമായ അച്ഛന്‍ ഒരു വാഴ വച്ചു ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. അതേസമയം രണ്ടാഴ്ച മുന്‍പെത്തിയ തമിഴ് ചിത്രം ജയിലറിന് ഇപ്പോഴും പ്രേക്ഷകരുണ്ട്. മാസങ്ങളായി ഒഴിഞ്ഞുകിടന്ന തിയറ്ററുകളിലേക്ക് ജനം ഇരച്ചെത്തുന്നതിന്‍റെ ആഹ്ലാദത്തിലാണ് ചലച്ചിത്രലോകം.

ALSO READ : ഡീഗ്രേഡിംഗിനെ മറികടന്നോ 'കൊത്ത'? റിലീസ് ദിനത്തില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!