'പ്രേമ'വും വീണു, മുന്നില്‍ 'കുറുപ്പ്'; എക്കാലത്തെയും വിജയങ്ങളില്‍ എട്ടാം സ്ഥാനത്തേക്ക് നേര്

By Web Team  |  First Published Jan 3, 2024, 11:52 PM IST

കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം


മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരെന്ന ചോദ്യത്തിന് സിനിമാമേഖലയ്ക്ക് സംശയമേതും ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ ആണ് ആ താരം. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നുകഴിഞ്ഞാല്‍ ബോക്സ് ഓഫീസ് എത്തരത്തിലാണ് പ്രതികരിക്കുകയെന്ന് പലകുറി തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ മോഹന്‍ലാലിന് സമീപകാലത്ത് അത്തരത്തിലുള്ള ചിത്രങ്ങള്‍ ഇല്ലായിരുന്നു. വിജയിക്കാമായിരുന്ന ചില ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയുമാണ് എത്തിയിരുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഒടിടി റിലീസിനെ തിയറ്റര്‍ ഉടമകള്‍ എന്തുകൊണ്ട് എതിര്‍ത്തു എന്നതിന്‍റെ ഉത്തരം കൂടിയാണ് നേര് എന്ന പുതിയ ചിത്രത്തിന്‍റെ വിജയത്തിലൂടെ തെളിയിക്കപ്പെടുന്നത്.

മലയാളത്തില്‍ അപൂര്‍വ്വമായ കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ഇന്നേ ദിവസം വരെ ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം.

Latest Videos

undefined

ലിസ്റ്റില്‍ എട്ടാം സ്ഥാനത്തുണ്ടായിരുന്ന പ്രേമത്തെ പിന്നിലാക്കി ആ സ്ഥാനം നേടിയിരിക്കുകയാണ് നേര് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രേമം ഒന്‍പതാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. വന്‍ ജനപ്രീതിയെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു ചിത്രം. ഇക്കഴിഞ്ഞ വാരാന്ത്യത്തിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഹൗസ്ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു ചിത്രത്തിന്. ചിത്രത്തിന്‍റെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രയാണം എത്തരത്തില്‍ ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകം. 

ALSO READ : മകള്‍ അനൗഷ്‍കയ്ക്ക് പതിനാറാം പിറന്നാള്‍; ആഘോഷിച്ച് അജിത്തും ശാലിനിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!